ഇസ്‌ലാമാബാദ്: മൃഗങ്ങളെ ബലിയർപ്പിച്ചെന്നാരോപിച്ച് ന്യൂനപക്ഷ അഹമ്മദീയ സമുദായത്തിൽപ്പെട്ട 36 പേരെ അറസ്റ്റ് ചെയ്ത് പാകിസ്ഥാൻ പൊലീസ്.
അഹമ്മദീയ സമുദായം സ്വയം മുസ്‌ലിം ആയി കണക്കാക്കുകയും ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കുന്നുണ്ടെങ്കിലും 1974-ൽ പാകിസ്ഥാൻ പാർലമെൻ്റ് ഈ സമുദായത്തെ അമുസ്‌ലിം ആയി പ്രഖ്യാപിച്ചു. ഇത് പ്രകാരം സമുദായാംഗങ്ങൾ ഇസ്‌ലാം മതം അനുഷ്ഠിക്കുന്നതിൽ നിന്ന് നിയമം മൂലം വിലക്കപ്പെട്ടിരിക്കുന്നു.
ജമാഅത്തെ അഹമ്മദിയ്യ പാകിസ്ഥാൻ ഉൾപ്പെടെയുള്ള അഹമ്മദീയ ഗ്രൂപ്പുകൾ അറസ്റ്റിനെ എതിർക്കുകയും അവരുടെ വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ നടത്തുന്ന മതപരമായ ആചാരങ്ങളെ ക്രിമിനൽവൽക്കരിക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു.
ബക്രീദ് ദിനത്തോടനുബന്ധിച്ചുള്ള ആചാരത്തിന്റെ ഭാഗമായാണ് ഇവർ മൃഗങ്ങളെ ബലി കഴിപ്പിച്ചെതെന്നാണ് റിപ്പോർട്ട്. ആചാരത്തിന്റെ ഭാഗമായി സമുദായം നടത്തിയ ഒരു പ്രവർത്തിയെ ചോദ്യം ചെയ്യുന്ന നടപടി തീർത്തും അവകാശലംഘനമാണെന്നും, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും ജമാഅത്തെ അഹമ്മദിയ്യ പാകിസ്ഥാൻ അംഗം മഹ്മൂദ് കുറ്റപ്പെടുത്തി.
‘രാജ്യത്തുടനീളം തീവ്രവാദികൾ മാത്രമല്ല, പൊലീസും അഹമ്മദീയകളെ ഉപദ്രവിക്കുന്നുണ്ട്. അഹമ്മദീയകളെ ഉപദ്രവത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുപകരം, പൊലീസ് ഉദ്യോഗസ്ഥർ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് അവരെ വിളിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്,’ മഹ്മൂദ് പറഞ്ഞു.
ഈദ് ദിനത്തിൽ അഹമ്മദീയകൾക്കെതിരെ രഹസ്യാന്വേഷണ ഏജൻസികളും ഭീഷണി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സമുദായാംഗങ്ങളെ മാത്രമല്ല ബലിമൃഗങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചില സ്ഥലങ്ങളിൽ തിങ്കളാഴ്ച പെരുന്നാൾ നിസ്കരിക്കരുതെന്ന് സമ്മർദ്ദം ചെലുത്തിയിരുന്നെന്നും മഹ്മൂദ് ആരോപിച്ചു.
Content Highlight: Pakistan: 36 Ahmadis Arrested Over Charges of Animal Sacrifice on Eid-ul Adha