| Tuesday, 25th June 2019, 6:18 pm

വെള്ളം കിട്ടാതെ പിടഞ്ഞുവീഴുന്ന മനുഷ്യരോട് ഭരണകൂടം പറയുന്നു- 'മഴയ്ക്കായുള്ള യാഗം തീര്‍ന്നിട്ടില്ല'

പകലവന്‍

പലനിറത്തിലുള്ള കുടങ്ങളുടെ നീണ്ട വരിയാണ് ചെന്നൈയില്‍. കുടത്തിനൊപ്പം നില്‍ക്കാന്‍ ചൂട് സമ്മതിക്കാത്തതിനാല്‍ കോണ്‍ക്രീറ്റ് തണലില്‍ നില്‍ക്കുകയാണ് മനുഷ്യര്‍. മരങ്ങള്‍ എന്നോ വെട്ടി വീട് മോടിപിടിപ്പിച്ചതിനാല്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല തണലിന്. മരത്തണല്‍ എന്തെന്ന് അവര്‍ക്ക് ഇപ്പോള്‍ ഓര്‍മ്മയുമില്ല. ചെറുകുളങ്ങളും കനാലുകളും ഉള്‍പ്പെടെ 4200 ജലസ്രോതസ്സുകള്‍ ഉണ്ടായിരുന്നത്രേ ചെന്നൈയില്‍ മാത്രം. പലതിനും മുകളില്‍ ഇന്ന് ഷോപ്പിങ് മാളുകളും ക്രിക്കറ്റ് സ്റ്റേഡിയവുമാണ്. അവശേഷിക്കുന്നവ മനുഷ്യ മാലിന്യങ്ങള്‍ പേറി കറുത്തിരുണ്ട് പോയിരിക്കുന്നു. തിരക്ക് കൂടിയ മാളുകളിലും കോണ്‍ക്രീറ്റ് കൊണ്ട് മനോഹരമായ മരങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള മറീനാ ബീച്ചിലും ഇന്ന് ഒരു മനുഷ്യജീവി പോലുമില്ല. ഒരിറ്റ് കുടിവെള്ളത്തിനായി കൊടുംചൂടില്‍ വരി നില്‍ക്കുകയാണവര്‍.

200 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു മഴമേഘങ്ങള്‍ ചെന്നൈയിലേക്ക് എത്തിനോക്കിയിട്ട്. 14 വര്‍ഷങ്ങള്‍ക്കു മുന്‍പും സമാനമായ അവസ്ഥ ഉണ്ടായിരുന്നു തമിഴ്നാട്ടില്‍. അന്ന് 191 ദിവസങ്ങള്‍ പെയ്യാതിരുന്ന മഴ ചെന്നൈ നഗരത്തെ മുച്ചൂടും വെള്ളത്തില്‍ ആഴ്ത്തിയാണ് പെയ്തുതീര്‍ന്നത്. നിര്‍ത്താതെ പെയ്ത മഴയ്‌ക്കൊപ്പം അന്‍പതോളം മനുഷ്യരുടെ ജീവനും നഷ്ടപ്പെട്ടിരുന്നു. കൊടും ഭയത്തിലാണ് ഇന്ന് ഒരു ജനത. മഴയില്ലാത്തതിനാലും മുന്‍പുണ്ടായ അനിഷ്ടസംഭവങ്ങളെ ഓര്‍ത്തും.

നിര്‍ജ്ജീവമായ ഭൂമിയുടെ ഉള്ളാഴങ്ങളില്‍ പോലും ഒരിറ്റ് വെള്ളമില്ലാതായിരിക്കുന്നു. പക്ഷികള്‍ നഗരത്തെ വിട്ട് പറന്നകന്നിട്ട് കാലമേറെയായി. അവ ഇതു നേരത്തെ കണ്ടിരിക്കണം. ഡാമുകളിലും ജലസ്രോതസ്സുകളിലും അകപ്പെട്ട് ചത്തുകിടക്കുന്ന ജലജീവികള്‍ മനുഷ്യഭീകരതയുടെ ഇരകളാണ്. അട്ടിമറിക്കപ്പെട്ട പ്രകൃതി ഇവിടെ പ്രതികരിക്കുകയാണ്, അതിശക്തമായിത്തന്നെ.ലോകത്തിന്റെ പല കോണിലും ഇത്തരം വരള്‍ച്ച ഇന്നുണ്ട്.

വികലമായ വികസന നയങ്ങളാണ് എല്ലായിടത്തും വില്ലന്‍. എങ്കിലും അത്തരം രാജ്യങ്ങള്‍ പലതും നയങ്ങള്‍ മാറ്റം വരുത്തികൊണ്ടിരിക്കുകയാണ്. അവര്‍ വറ്റിവരണ്ട ഭൂമിയെ വീണ്ടെടുക്കാന്‍ ക്ലൗഡ് സീഡിങ് വഴി കൃത്രിമമഴ പെയ്യിക്കുകയാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ചെന്നൈ. എന്തുകൊണ്ടെന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ മഴയ്ക്കായി യാഗം നടത്തുകയാണ്. ദാഹജലം കിട്ടാതെ വീഴുന്ന മനുഷ്യന്റെ ജീവനെ വെല്ലുവിളിക്കുകയാണ് യഥാര്‍ത്ഥത്തില്‍ കാര്യപ്രാപ്തിയില്ലാത്ത ഭരണകൂടം.

1180 ലക്ഷം ഘനയടി ജലസംഭരണശേഷിയുള്ള ചെമ്പരാക്കം ഡാമിന് കരയാന്‍ പോലും ഒരിറ്റ് വെള്ളമില്ല. മത്സ്യങ്ങളും ജലജീവികളും കൊടുംചൂടില്‍ പൊള്ളി ചത്ത് മലച്ചു കിടക്കുയാണ്. പ്രദേശത്തെ ആകെ ജല സ്രോതസ്സായിരുന്നു വറ്റിവരണ്ട ചെമ്പരാക്കം ഡാം. ഇത് ചെന്നൈയിലെ ഒരു ഡാമിന്റെ മാത്രം അവസ്ഥയല്ല. ഒരു കോടിയില്‍പ്പരം ആളുകള്‍ താമസിക്കുന്ന ചെന്നൈയുടെ ആകെ സ്ഥിതിയാണ്. വെള്ളത്തിനായി ഊഴം പാര്‍ത്ത് കാത്തിരിക്കുകയാണ് ഒരു ജനത. ജലവിതരണവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മുത്തുലക്ഷ്മി അയല്‍വാസിയുടെ കുത്തേറ്റ് ആശുപത്രിയിലാണ്. ഓരോ നിമിഷവും ചെന്നൈയുടെ സ്ഥിതി അതിഗുരുതരമായി മാറിക്കൊണ്ടിരിക്കുകയാണ്. ചെന്നൈ നഗരമാകെ ദിവസങ്ങളായി വെന്റിലേറ്ററിലാണ്.

ദുരിതക്കയത്തിലാണ് കര്‍ണാടകയും

26 ജില്ലകളിലായി 2150-ഓളം ഗ്രാമങ്ങള്‍ കൊടും വര്‍ള്‍ച്ചയിലാണ് കര്‍ണാടകത്തില്‍. ഇതില്‍ തുംകൂര്‍ ജില്ലയില്‍ പുല്‍നാമ്പ് മുളച്ചിട്ടുപോലും നാളുകള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. 70 കിലോമീറ്റര്‍ അകലത്തിലുണ്ട് ബെംഗളൂരു. വരള്‍ച്ച അവിടെയുമെത്താന്‍ അധികസമയം ആവശ്യമില്ല. അങ്ങനെയെങ്കില്‍ രാജ്യത്തിന്റെ പ്രധാന മെട്രോ നഗരങ്ങളില്‍ ഒന്ന് പാടെ തകര്‍ന്നുപോകും.

താങ്ങാനാവാത്ത വെയിലില്‍ തളര്‍ന്നു വീഴുന്ന മനുഷ്യര്‍ക്ക് ചുണ്ടുനനക്കാന്‍ പോലും ഒരിറ്റ് വെള്ളമില്ല. തമിഴ്നാട്ടിലെ പോലെ വെള്ളമില്ലാത്തതിനാല്‍ പല വിദ്യാലയങ്ങളും പൂട്ടിയിരിക്കുകയാണ്. ആശുപത്രികള്‍ പോലും ഇതേ അവസ്ഥയിലാണ്. അങ്ങനെയെങ്കില്‍ വരാനിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി വാക്കുകള്‍ക്കതീതമാണ്. മനുഷ്യര്‍ ഗ്രാമങ്ങള്‍ വിട്ട് വെള്ളത്തിനായി അലയുകയാണ് രാപ്പകലില്ലാതെ. അപ്പോഴും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി മഴപെയ്യാന്‍ വേണ്ടി ഋഷ്യശൃംഗ യാഗത്തിനായുള്ള തിരക്കിലാണ്. ജ്യോതിഷി ദ്വാരക നാഥിന്റെ ഉപദേശപ്രകാരമാണത്രെ യാഗം. ഇതിനായി ശൃംഗേരി മഠത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാത്തതിനാലാണ് യാഗം നടത്താന്‍ തീരുമാനിച്ചത് എന്നാണ് സര്‍ക്കാര്‍ വാദം. കോടികള്‍ ചിലവുണ്ട് യാഗം നടത്താന്‍.

ഫലത്തെക്കുറിച്ച് ഒരുറപ്പുമില്ലാതെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നടത്താന്‍ പോവുകയാണിത്. ചുണ്ട് നനക്കാന്‍ ഒരിറ്റ് വെള്ളത്തിനായി അലയുന്ന മനുഷ്യരെ കൂട്ടംകൂടി പരിഹസിക്കുകയാണ് ഒരു സര്‍ക്കാര്‍.

മനുഷ്യനും പ്രകൃതിയും

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ സമരം ചെയ്ത തമിഴ്നാട്ടിലെ കുറച്ച് കര്‍ഷകരെ മറക്കാന്‍ ഇടയുണ്ടാവില്ല. കാരണം നെഞ്ചു തകര്‍ക്കാന്‍ പാകത്തിന് വൈകാരികമായിരുന്നു അവരുടെ സമര കാരണങ്ങളും, ഉദ്ദേശവും. വറ്റിവരണ്ട കൃഷിഭൂമി കണ്ട് പ്രാണന്‍ വെടിഞ്ഞ ആറു കര്‍ഷകരുടെ തലയോട്ടിയുമായി പ്രധാനമന്ത്രിയെ കാണാന്‍ വന്നതായിരുന്നു അവര്‍. ജലചൂഷണത്തെക്കുറിച്ചും, വരാന്‍ പോകുന്ന വരള്‍ച്ചയെക്കുറിച്ചും മുന്നറിയിപ്പ് കൊടുക്കാന്‍ കൂടിയായിരുന്നു മണ്ണിന്റെ മനുഷ്യര്‍ വണ്ടി കയറിയത്.

ദിവസങ്ങളോളം അവര്‍ കൊടും തണുപ്പില്‍ ദല്‍ഹിയുടെ സമര തെരുവില്‍ അന്തിയുറങ്ങി. അധികാര ഗര്‍വ്വിനിടയ്ക്ക് മണ്ണിലേക്ക് നോക്കാന്‍ ജനാധിപതികള്‍ക്ക് സമയം ഇല്ലെന്ന തിരിച്ചറിവില്‍, ഒടുവില്‍ അവര്‍ വിവസ്ത്രരായി പാര്‍ലമെന്റിന് മുന്നില്‍ പോലും പ്രതിഷേധിച്ചു. ഫലം നിയമപാലകരുടെ എടുത്താല്‍ പൊങ്ങാത്ത വാറോലകള്‍ മാത്രമായിരുന്നു. പിന്മാറാന്‍ തയ്യാറാല്ലാതെ മൂത്രം കുടിച്ച് പോലും പ്രതിഷേധിച്ചു. ഒടുവില്‍ സമരനായകനായ അയ്യാകണ്ണിനെ നട്ടാല്‍ മുളയ്ക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി ചെന്നൈയിലേക്ക് വണ്ടി കയറ്റുകയായിരുന്നു. അയ്യാകണ്ണിന്റേത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പുവരെ ചെന്നൈ നിവാസികള്‍ക്ക് പോലും കേള്‍ക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത കഥയായിരുന്നു. എന്നാലിന്ന് ആ കഥയിലെ കഥാപാത്രങ്ങളാണ് ഗ്രാമ-നഗര വുത്യാസങ്ങള്‍ ഇല്ലാതെ ഓരോ തമിഴനും. തീപ്പെട്ട നാടിന്റ രക്തസാക്ഷികളാവുകയാണ് ഇവിടെ ഒരു ജനത.

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആണ് തമിഴ്നാട്ടില്‍ മഴ പെയ്യിക്കുന്നത്. മുംബൈ ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം, മഴയ്ക്ക് കാരണമായ 40 ശതമാനം നീരാവിയും പശ്ചിമഘട്ടത്തിന്റെ സംഭാവനയാണ്. എന്നാലിന്ന് പശ്ചിമഘട്ട മലകള്‍ മുച്ചൂടും തുരന്ന് മനുഷ്യന്‍ തന്റെ യന്ത്രക്കരുത്ത് കാണിക്കുകയാണല്ലോ നിസ്സഹായമായ പ്രകൃതിയോട്. ഇന്ന് വന്‍മരങ്ങളെക്കാള്‍ ഏറെ ജെ.സി.ബികളാണ് കാടിനുള്ളില്‍. കാലം ഒരുക്കിവച്ച അവസാന ശ്വാസവും യന്ത്രപ്പല്ലുകള്‍ പറിച്ചെടുത്ത് പണമാക്കുന്ന തിരക്കിലാണ്. തത്ഫലമായി കാല്‍ശതമാനത്തോളം ഓരോ വര്‍ഷവും ഊഷ്മാവ് കൂടിക്കൊണ്ടേയിരിക്കുകയുമാണ്.

വേദാന്ത പോലുള്ള അനേകം ഭീമന്‍ കമ്പനികള്‍ തമിഴ്‌നാടിനെ ചൂഴ്‌ന്നെടുത്ത് പണമാക്കുന്നുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സിമന്റ് ഫാക്ടറികള്‍ വേറെയും. 13 പേരുടെ ജീവന്‍ കൊടുക്കേണ്ടി വന്നപ്പോഴാണ് തമിഴ്‌നാട് സര്‍ക്കാര്‍ വേദാന്തയെ കണ്ടതുപോലും. ഇപ്പോഴും പല പേരില്‍ പല രൂപത്തില്‍ സ്വാഭാവിക പ്രകൃതിയെ തച്ചുടക്കുയാണ്.

ചെന്നൈയില്‍ മാത്രം മൂന്ന് നദികള്‍ ഉണ്ട്. കൂവം നദി, അടയാര്‍, കോസസ് ലൈന്‍. എന്നാല്‍ ഇന്ന് ഇവ മൂന്നും നഗര സൗന്ദര്യവത്കരണത്തിന്റെ രക്തസാക്ഷികളാണ്. മനുഷ്യന്റെ, സ്വാര്‍ത്ഥതയുടെ, അഴുക്കുകള്‍ പേറി ഒഴുകാന്‍ പോലും ആവാതെ കെട്ടിക്കിടക്കുകയാണ് പലയിടത്തും. നിഷ്‌കരുണം മാലിന്യങ്ങള്‍ തള്ളാനുള്ളതാണ് ജലസ്രോതസ്സുകള്‍ എന്നു കരുതുന്ന ഓരോ മനുഷ്യനും പാഠമാണ് ഇന്നത്തെ ചെന്നൈ.

കാര്യക്ഷമമല്ല ഭരണകൂടം

‘തണ്ണിയെന്നാല്‍ എന്ന?’ എന്ന് ചോദിക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു തമിഴ്നാട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1876-ല്‍ ബ്രിട്ടീഷ് ഭരണ സമയത്താണ് എക്കാലത്തെയും വലിയ വരള്‍ച്ച ഇന്ത്യയില്‍ ഉണ്ടാകുന്നത്. അത് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായിരുന്നു തമിഴ്നാട്. അന്നത്തെ വരള്‍ച്ചയില്‍ ഇന്ത്യയിലാകെ മരിച്ചത് അഞ്ചുലക്ഷത്തില്‍ അധികം മനുഷ്യരാണ്. തുടര്‍ന്നാണ് തമിഴ്നാട്ടിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി ആലോചനകള്‍ നടന്നത്. സൗത്ത് ഇന്ത്യയിലെ ജലസ്രോതസ്സുകളെ ബന്ധിപ്പിച്ച് കനാല്‍ നിര്‍മ്മിക്കാം എന്ന ആശയം വന്നതും വരള്‍ച്ചയ്ക്ക് ശേഷമാണ്.

ആന്ധ്രാപ്രദേശിലെ കാക്കിനാഡ മുതല്‍ തമിഴ്നാട്ടിലെ വില്ലുപുരം വരെ 796 കിലോമീറ്റര്‍ നീളത്തില്‍ വലിയ കാലതാമസമില്ലാതെ ബക്കിങ്ഹാം കനാല്‍ നിര്‍മ്മിച്ചത്. എന്നാല്‍ വെള്ളം സുലഭമായി വീട്ടിലെ പൈപ്പിനുള്ളില്‍ കിട്ടാന്‍ തുടങ്ങിയപ്പോള്‍ വരള്‍ച്ചയും കനാലും പതിയെ മറന്നു. 2005-ല്‍ ഉണ്ടായ പ്രളയം കനാലിനേല്‍പ്പിച്ച ക്ഷതം ചെറുതൊന്നുമല്ല. കോടികള്‍ മുടക്കി പിന്നെയും ഏറെക്കുറെ പഴയപടിയാക്കി. എങ്കിലും മനുഷ്യന്‍ പ്രകൃതിയോടുള്ള മനോഭാവം മാറ്റാത്തിടത്തോളം കാലം ഇനിയൊരു സ്വാഭാവികമായ പുനഃസൃഷ്ടി എളുപ്പമാവില്ല, എത്രതന്നെ പണം ഒഴുക്കിയാലും.

ഉപയോഗത്തിന് ആവശ്യമായ ജലത്തിന്റെ 40 ശതമാനം വെള്ളം മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. പല്ലാവരത്ത് 800 അടി താഴ്ചയില്‍ ഭൂമി കുഴിച്ചിട്ടും വെള്ളം കിട്ടിയില്ല എന്നത് ഇപ്പോഴും നിസ്സാരമായി കാണുന്ന ഭരണകൂടമാണ് തമിഴ്‌നാട്ടിലേത്. കാരണം അവരുടെ പൈപ്പുകളില്‍ ഇപ്പോഴും തണുത്തതും ചൂടുള്ളതുമായ വെള്ളം സുലഭമായുണ്ട്. 1000 ലിറ്റര്‍ വെള്ളത്തിന് 1000 രൂപയാണ് ഇപ്പോള്‍. അത്ര കൊടുത്തിട്ടും കിട്ടാനില്ലാത്ത അവസ്ഥ. തെണ്ടുകയാണ് മനുഷ്യര്‍ ദാഹജലത്തിനായി.

വെള്ളം തരാം എന്നുള്ള കേരളത്തിന്റെ വാഗ്ദാനത്തോട്, വെള്ളം ഞങ്ങള്‍ക്ക് ആവശ്യമില്ല എന്ന് പറയാന്‍ കാണിച്ച ധൈര്യം, എത്രത്തോളം ഖദര്‍ധാരികള്‍ മനുഷ്യരില്‍ നിന്ന് വിട്ടുപോയിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ്. കുടിക്കാന്‍ കൊടുത്ത വെള്ളത്തില്‍ അലക്കുന്നതിനാലാണ് ഇത്ര പ്രതിസന്ധി വന്നത് എന്ന് പറയാനുള്ള ധൈര്യവും മുഖ്യമന്ത്രിയായ എടപ്പാടി പളനിസ്വാമിക്ക് ഉണ്ടായി.

ഇപ്പോള്‍ മന്ത്രിസഭയിലെ പ്രമുഖരെല്ലാം ആരാധനാലയങ്ങളിലാണ്. മഴ പെയ്യാനായി പൂജകള്‍ നടത്താനുള്ള സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശമുണ്ട് ക്ഷേത്രങ്ങള്‍ക്ക്. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പാണ് ക്ഷേത്രങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എപ്രകാരമാണ് മഴ പെയ്യിക്കേണ്ടതെന്നും നിര്‍ദ്ദേശത്തിലുണ്ട്. കൂടാതെ അമൃതവര്‍ഷിണി, അനന്തഭൈരവി, മേഘവര്‍ഷിണി, കേദാരം തുടങ്ങിയ രാഗങ്ങള്‍ പാടി മഴപെയ്യിക്കാനും ഈ നിര്‍ദ്ദേശത്തില്‍ പറയുന്നു.

കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത രോഷത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍. കോടിക്കണക്കിന് രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. ഈ പണം ഉപയോഗിച്ച് നിസ്സഹായരായ മനുഷ്യര്‍ക്ക് കുടിവെള്ളം എത്തിച്ചുതന്നാല്‍ ദൈവം പൂജകളില്ലാതെ കനിയുമെന്നാണ് പൂങ്കൊടി കണ്ണീര്‍ വാര്‍ത്ത് പറയുന്നത്. പൂങ്കൊടി ഒരുദാഹരണം മാത്രമാണ്. കുടിവെള്ളത്തിനായി കാത്തിരിക്കുന്ന അനേകായിരങ്ങളുടെ പ്രതിനിധിയാണവര്‍. എല്ലാവരോടുമായി ഒരു ഭരണകൂടം പറയുന്നത്, മഴയ്ക്കായുള്ള യാഗം തീര്‍ന്നിട്ടില്ല, കാത്തിരിക്കൂ എന്നാണ്.

പകലവന്‍

We use cookies to give you the best possible experience. Learn more