ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് കത്തിക്കയറിയിരുന്നു. സെഞ്ച്വറിയടിച്ചായിരുന്നു സ്‌കൈ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്. ഒന്നോ രണ്ടോ മത്സരങ്ങളില്‍ കാലിടറിയപ്പോള്‍ തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്.
തന്റെ കരിയറിലെ മൂന്നാം അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയായിരുന്നു രാജ്‌കോട്ടില്‍ സൂര്യ നേടിയത്. ഇതോടെ ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് ശര്‍മക്ക് പിന്നില്‍ രണ്ടാമനായി സ്ഥാനം പിടിക്കാനും സൂര്യക്കായി. നാല് സെഞ്ച്വറികളാണ് രോഹിത് ശര്‍മക്കുള്ളത്.
ഇപ്പോഴിതാ, മത്സരത്തില്‍ സൂര്യകുമാറിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ കമ്രാന്‍ അക്മല്‍. പേടികൂടാതെ ആക്രമിച്ചുകളിക്കുന്ന സ്‌കൈയുടെ മനോഭാവമാണ് അദ്ദേഹം മൂന്ന് ടി-20 സെഞ്ച്വറിയടിക്കാനുള്ള കാരണമെന്നും അക്മല്‍ പറഞ്ഞു.
പ്രഷര്‍ സിറ്റ്വേഷനുകളില്‍ സൂര്യകുമാര്‍ സ്വയം മുന്നോട്ട് വരികയാണെന്നും അദ്ദേഹത്തിന്റെ മനസില്‍ ഭയത്തിന്റെ ഒരു കണിക പോലും ഉണ്ടാവാറില്ലെന്നും പറഞ്ഞ കമ്രാന്‍ അക്മല്‍ കുട്ടികള്‍ സൂര്യയുടെ ഇന്നിങ്‌സ് കണ്ട് പഠിക്കണമെന്നും പറഞ്ഞു.
‘എന്തുകൊണ്ടാണ് സൂര്യകുമാര്‍ മൂന്ന് ടി-20 സെഞ്ച്വറി നേടിയത്? അവന്‍ പേടിയില്ലാതെയാണ് കളിക്കുന്നത്, എങ്ങനെ റണ്‍സ് നേടണമെന്നും അവനറിയാം. അവന്‍ ഈ ഫോര്‍മാറ്റില്‍ സ്‌പെഷ്യലിസ്റ്റ് തന്നെയാണ്.
അവന്‍ സ്വയം പിന്തുണക്കുന്നു, അതാണ് ഈ കുറഞ്ഞ കാലത്തിനുള്ളില്‍ മൂന്ന് സെഞ്ച്വറി നേടാന്‍ അവനെ പ്രാപ്തനാക്കിയത്. ടി-20 കളിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് സൂര്യകുമാറിന്റെ ഈ ഇന്നിങ്‌സ് കണ്ട് ഒരുപാട് പഠിക്കാന്‍ സാധിക്കും,’ അക്മല്‍ കൂട്ടിച്ചേര്‍ത്തു.
പരമ്പരയിലെ മൂന്നാം ടി-20യില്‍ 51 പന്തില്‍ നിന്നും 112 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏഴ് ബൗണ്ടറിയും ഒമ്പത് സിക്‌സറുമായി 219.61 എന്ന പ്രഹരശേഷിയിലായിരുന്നു സ്‌കൈ റണ്ണടിച്ചുകൂട്ടിയത്.
ഇതോടെ നിരവധി റെക്കോഡുകളും സ്‌കൈ സ്വന്തമാക്കിയിരുന്നു. 200+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടുന്ന താരം, സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം, ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടുന്ന നോണ്‍ ഓപ്പണര്‍, ഒരു ടി-20 ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന നോണ്‍ ഓപ്പണര്‍ തുടങ്ങിയ റെക്കോഡുകളാണ് താരം സ്വന്തമാക്കിയത്.
Content Highlight: Pak wicket keeper Kamran Akmal about Suryakumar Yadav