| Friday, 3rd January 2025, 7:19 pm

ഇന്ത്യയോ ഓസ്‌ട്രേലിയയോ ഇനിയിപ്പോള്‍ ശ്രീലങ്കയോ ആകട്ടെ, ഈ കൊടുങ്കാറ്റിനെ നേരിടാന്‍ തയ്യാറായിക്കോ! തിരിച്ചുവരവ് ഗംഭീരം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം വണ്‍ ഓഫ് ടെസ്റ്റില്‍ ഗംഭീര സെഞ്ച്വറിയുമായി തിരിച്ചുവരവ് നടത്തി റിയാന്‍ റിക്കല്‍ടണ്‍. ആദ്യ മത്സരത്തില്‍ പാടെ നിരാശപ്പെടുത്തിയതിന് ശേഷമാണ് റിക്കല്‍ടണ്‍ തന്റെ റെഡ് ബോള്‍ കരിയറിലെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ സല്‍മാന്‍ അലി ആഘയെ ബൗണ്ടറി കടത്തിയാണ് പ്രോട്ടിയാസ് ഓപ്പണര്‍ ട്രിപ്പിള്‍ ഡിജിറ്റ് തൊട്ടത്.

ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഏയ്ഡന്‍ മര്‍ക്രവും റിയാന്‍ റിക്കല്‍ടണും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്.

ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ മര്‍ക്രമിനെ പുറത്താക്കി ഖുറാം ഷഹസാദ് പാകിസ്ഥാന് ആവശ്യമായ ബ്രേക് ത്രൂ നല്‍കി. 40 പന്തില്‍ 17 റണ്‍സുമായി നില്‍ക്കവെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

വണ്‍ ഡൗണായെത്തിയ വിയാന്‍ മുള്‍ഡര്‍ 18 പന്തില്‍ അഞ്ച് റണ്‍സുമായി പുറത്തായപ്പോള്‍ ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെ ട്രിസ്റ്റണ്‍ സ്റ്റബ്‌സും മടങ്ങി.

അഞ്ചാം നമ്പറില്‍ ക്യാപ്റ്റന്‍ തെംബ ബാവുമയെ ഒപ്പം കൂട്ടി റിക്കല്‍ടണ്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്.

നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് റിക്കല്‍ടണും ബാവുമയും പ്രോട്ടിയാസ് ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തിയത്. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ സല്‍മാന്‍ അലി ആഘയെ ബൗണ്ടറി കടത്തിയാണ് റിക്കല്‍ടണ്‍ തന്റെ സെഞ്ച്വറിയും സെഞ്ച്വറി കൂട്ടുകെട്ടും പൂര്‍ത്തിയാക്കിയത്.

നിലവില്‍ 149 പന്തില്‍ 106 റണ്‍സുമായി റിക്കല്‍ടണും 88 പന്തില്‍ 51 റണ്‍സുമായി ബാവുമയും ക്രീസില്‍ തുടരുകയാണ്.

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് വിജയത്തിന് പിന്നാലെ സൗത്ത് ആഫ്രിക്ക വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളില്‍ സൗത്ത് ആഫ്രിക്കയുടെ അവസാന മത്സരമാണിത്. ഈ മത്സരവും വിജയിച്ച് ഫൈനലിന് മുമ്പ് തന്നെ ആധിപത്യമുറപ്പിക്കാനാണ് സൗത്ത് ആഫ്രിക്കയൊരുങ്ങുന്നത്.

നേരത്തെ നടന്ന ശ്രീലങ്കയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലാണ് റിയാന്‍ റിക്കല്‍ടണ്‍ സെഞ്ച്വറി നേടി വാര്‍ത്തകളില്‍ ഇടം നേടിയത്. ഫൈനലിന് മുമ്പ് പാകിസ്ഥാനെതിരെയും തിളങ്ങി ലോര്‍ഡ്‌സിലും തന്റെ സ്ഥാനമുറപ്പിക്കാനാണ് റിക്കല്‍ടണ്‍ ശ്രമിക്കുന്നത്.

നിലവില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകള്‍ക്കാണ് ഫൈനലിലെത്താന്‍ സാധ്യതയുള്ളത്. ഇവരില്‍ ആര് തന്നെയായാലും റിക്കല്‍ടണ്‍ അടക്കമുള്ള പ്രോട്ടിയാസിന്റെ ബാറ്റിങ് നിരയെ തകര്‍ക്കാന്‍ അല്‍പ്പം പാടുപെടേണ്ടി വരും.

റിക്കല്‍ടണ് പുറമെ ക്യാപ്റ്റന്‍ ബാവുമയും ഗംഭീര പ്രകടനമാണ് പുറത്തെടുക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 327 റണ്‍സ് നേടിയ ബാവുമ പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ 71 റണ്‍സും നേടിയിരുന്നു.

ഇവര്‍ക്കൊപ്പം കഗീസോ റബാദയും ഡെയ്ന്‍ പാറ്റേഴ്‌സണും അടങ്ങുന്ന ബൗളിങ് നിരയും എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും.

Content Highlight: PAK vs SA: Ryan Rickelton scored century against Pakistan

We use cookies to give you the best possible experience. Learn more