ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന ട്രൈ നേഷന്‍ സീരീസില്‍ പാകിസ്ഥാനെതിരെ കൂറ്റന്‍ സ്‌കോറുമായി സൗത്ത് ആഫ്രിക്ക. കറാച്ചിയിലെ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ തെംബ ബാവുമയും ടോണി ഡി സോര്‍സിയും ചേര്‍ന്ന് മോശമല്ലാത്ത തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും പ്രോട്ടിയാസ് സ്‌കോറിങ്ങിന് അടിത്തറയൊരുക്കിയത്.
ടീം സ്‌കോര്‍ 51ല്‍ നില്‍ക്കവെ സോര്‍സിയെ ഷഹീന്‍ അഫ്രിദി പുറത്താക്കി. 18 പന്തില്‍ 22 റണ്‍സ് നേടി നില്‍ക്കവെയാണ് സോര്‍സിയെ സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമാകുന്നത്.
അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കുന്ന താരമെന്ന ഖ്യാതിയോടെ തന്റെ രണ്ടാം മത്സരം കളിക്കാനിറങ്ങിയ മാത്യു ബ്രീറ്റ്‌സ്‌കെയും മോശമാക്കിയില്ല. ക്യാപ്റ്റനൊപ്പം ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി താരം തിളങ്ങി.
സ്‌കോര്‍ 170ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി ബാവുമ മടങ്ങി. 96 പന്തില്‍ 82 റണ്‍സാണ് താരം നേടിയത്. പിന്നാലെയെത്തിയ ഹെന്‌റിക് ക്ലാസനും പാകിസ്ഥാന്‍ ബൗളര്‍മാരെ പ്രഹരിക്കാന്‍ ആരംഭിച്ചു. ബാവുമയെ പുറത്താക്കിയതിന്റെ ആശ്വാസത്തിന്റെ കണിക പോലും നല്‍കാതെയായിരുന്നു ക്ലാസന്റെ ബാറ്റിങ്.
ക്ലാസന്‍ – ബ്രീറ്റ്‌സ്‌കെ കൂട്ടുകെട്ടില്‍ പ്രോട്ടിയാസ് സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിച്ചുതുടങ്ങി. 238ല്‍ നില്‍ക്കവെ ബ്രീറ്റ്‌സ്‌കെ ഖുഷ്ദില്‍ ഷായ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. 84 പന്തില്‍ 83 റണ്‍സാണ് താരം സ്വന്തമാക്കിയത്.
അഞ്ചാമനായി എത്തിയ വിയാന്‍ മുള്‍ഡര്‍ ഒറ്റയക്കത്തിന് മടങ്ങിയെങ്കിലും കൈല്‍ വെരായ്‌നെയെ ഒപ്പം കൂട്ടി ക്ലാസന്‍ തന്റെ മാജിക് തുടര്‍ന്നു.
241ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് തകര്‍ത്ത് നസീം ഷാ പാകിസ്ഥാന് ബ്രേക് ത്രൂ നല്‍കി. ടീം സ്‌കോര്‍ 319ല്‍ നില്‍ക്കവെ ക്ലാസനെ പുറത്താക്കിയാണ് ഷാ തിളങ്ങിയത്. 56 പന്തില്‍ 87 റണ്‍സടിച്ചാണ് ക്ലാസന്‍ പുറത്തായത്.
ഒടുവില്‍ കളിച്ച അഞ്ച് ഏകദിനങ്ങളില്‍ ഇത് നാലാം തവണയാണ് ക്ലാസന്‍ 80+ സ്‌കോര്‍ സ്വന്തമാക്കുന്നത്. ഇതില്‍ നാല് മത്സരങ്ങളും പാകിസ്ഥാനെതിരെയായിരുന്നു എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
ഡിസംബര്‍ 17ന് പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ നടന്ന മത്സരത്തില്‍ 86 റണ്‍സാണ് ക്ലാസന്‍ സ്വന്തമാക്കിയത്. കേപ് ടൗണിലെ രണ്ടാം മത്സരത്തില്‍ 97 റണ്‍സടിച്ചാണ് ക്ലാസന്‍ തിളങ്ങിയത്. ജോഹനാസ്‌ബെര്‍ഗില്‍ നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 81 റണ്‍സടിച്ച ക്ലാസന്‍ ഇന്ന് കറാച്ചിയില്‍ 87 റണ്‍സും അടിച്ചുകൂട്ടി.
അതേസമയം, പാകിസ്ഥാനെതിരെ 32 പന്തില്‍ പുറത്താകാതെ 44 റണ്‍സ് നേടിയ കൈല്‍ വെരായ്‌നെയും തന്റേതായ സംഭാവന സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചു.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പ്രോട്ടിയാസ് 322ലെത്തി.
പാകിസ്ഥാനായി ഷഹീന്‍ അഫ്രിദി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഖുഷ്ദില്‍ ഷായും നസീം ഷായും ഓരോ വിക്കറ്റ് വീതവും നേടി. റണ്‍ ഔട്ടായാണ് ബാവുമ പുറത്തായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ 96ന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. അഞ്ച് പന്തില്‍ ഏഴ് റണ്‍സുമായി മുഹമ്മദ് റിസ്വാനും അഞ്ച് പന്തില്‍ രണ്ട് റണ്‍സുമായി സല്‍മാന്‍ അലി ആഘയുമാണ് ക്രീസില്‍.
ഫഖര്‍ സമാന്‍ (28 പന്തില്‍ 41), ബാബര്‍ അസം (19 പന്തില്‍ 23), സൗദ് ഷക്കീല്‍ (16 പന്തില്‍ 15) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് ഇതുവരെ നഷ്ടമായത്.
Content Highlight: PAK vs SA: Henrich Klaasen scored 4th consecutive 80+ runs against Pakistan