വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പുള്ള തങ്ങളുടെ അവസാന ടെസ്റ്റ് മത്സരത്തില്‍ കരുത്തുകാട്ടി സൗത്ത് ആഫ്രിക്ക. പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം വണ്‍ ഓഫ് ടെസ്റ്റിലാണ് ആതിഥേര്‍ മികച്ച രീതിയില്‍ ബാറ്റിങ് തുടരുന്നത്. ന്യൂലാന്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 316 റണ്‍സ് നേടിയാണ് പ്രോട്ടിയാസ് ആദ്യ ദിനം അവസാനിപ്പിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ വിക്കറ്റില്‍ ഏയ്ഡന്‍ മര്‍ക്രവും റിയാന്‍ റിക്കല്‍ടണും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന് തുടക്കമിട്ടത്.
ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ മര്‍ക്രമിനെ പുറത്താക്കി ഖുറാം ഷഹസാദ് പാകിസ്ഥാന് ആവശ്യമായ ബ്രേക് ത്രൂ നല്‍കി. 40 പന്തില്‍ 17 റണ്‍സുമായി നില്‍ക്കവെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
വണ്‍ ഡൗണായെത്തിയ വിയാന്‍ മുള്‍ഡര്‍ 18 പന്തില്‍ അഞ്ച് റണ്‍സുമായി പുറത്തായപ്പോള്‍ ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെ ട്രിസ്റ്റണ്‍ സ്റ്റബ്‌സും മടങ്ങി.
അഞ്ചാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ തെംബ ബാവുമയെ ഒപ്പം കൂട്ടി റിക്കല്‍ടണ്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 235 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ആദ്യ ദിനം ചായക്ക് പിരിയും മുമ്പ് തന്നെ റിക്കല്‍ടണ്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ സല്‍മാന്‍ അലി ആഘയുടെ പന്തില്‍ ഫോറടിച്ചാണ് റിക്കല്‍ടണ്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ച്വറിയാണിത്.
അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ക്യാപ്റ്റന്‍ ബാവുമ ഈ സാഹചര്യത്തില്‍ ബാറ്റിങ് തുടര്‍ന്നത്.
ചായക്ക് പിന്നാലെ ഇരുവരും കൂടുതല്‍ അഗ്രസ്സീവായി ബാറ്റ് വീശി. ഓരോ പാകിസ്ഥാന്‍ ആരാധകന്റെയും നെഞ്ചിടിപ്പേറ്റിക്കൊണ്ടാണ് സൗത്ത് ആഫ്രിക്ക സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.
ടീം സ്‌കോര്‍ 307ല്‍ നില്‍ക്കവെ ബാവുമയുടെ വിക്കറ്റ് പ്രോട്ടിയാസിന് നഷ്ടമായി. പുറത്താകും മുമ്പ് കരിയറിലെ നാലാം അന്താരാഷ്ട്ര റെഡ് ബോള്‍ സെഞ്ച്വറിയും ബാവുമ സ്വന്തമാക്കിയിരുന്നു. 179 പന്ത് നേരിട്ട താരം 106 റണ്‍സ് നേടിയാണ് പുറത്തായത്. രണ്ട് സിക്‌സറും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
72ല്‍ നില്‍ക്കവെ ഒന്നിച്ച 235 റണ്‍സിന്റെ കൂട്ടുകെട്ട് തകര്‍ത്ത് ആഘാ സല്‍മാനാണ് പാകിസ്ഥാന് ആശ്വാസം നല്‍കിയത്.
മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 316 എന്ന നിലയിലാണ് ആതിഥേയര്‍. 232 പന്തില്‍ പുറത്താകാതെ 176 റണ്‍സ് നേടിയ റിയാന്‍ റിക്കല്‍ടണൊപ്പം എട്ട് പന്തില്‍ നാല് റണ്‍സുമായി ഡേവിഡ് ബെഡ്ഡിങ്ഹാമാണ് ക്രീസിലുള്ളത്.
ആദ്യ ദിനം പാകിസ്ഥാനായി സല്‍മാന്‍ അലി ആഘ രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് അബ്ബാസും ഖുറാം ഷഹസാദുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
ഇതിനോടകം തന്നെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ച സൗത്ത് ആഫ്രിക്ക, ഫൈനലിലെ തങ്ങളുടെ എതിരാളികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ മത്സരത്തില്‍ നല്‍കുന്നത്. നിലവില്‍ ഇന്ത്യ, ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകള്‍ക്കാണ് ഫൈനലിലെത്താന്‍ സാധ്യതയുള്ളത്. ഇവരില്‍ ആര് തന്നെയായാലും മികച്ച ഫോമിലുള്ള പ്രോട്ടിയാസിന്റെ ബാറ്റിങ് നിരയെ തകര്‍ക്കാന്‍ അല്‍പ്പം പാടുപെടേണ്ടി വരും.
എതിരാളികള്‍ ആരുമാകട്ടെ ഫൈനല്‍ വിജയിച്ച് ചാമ്പ്യന്‍മാരാവുക എന്നത് മാത്രമായിരിക്കും പ്രോട്ടിയാസിന്റെ ലക്ഷ്യം. 2024 ടി-20 ലോകകപ്പിന്റെ ഫൈനല്‍ അടക്കം നിരവധി തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ആദ്യ ഐ.സി.സി കിരീട വരള്‍ച്ചയ്ക്ക് അവസാനിപ്പിക്കുക എന്നത് മാത്രമാണ് ഓരോ സൗത്ത് ആഫ്രിക്കന്‍ ആരാധകന്റെയും പ്രാര്‍ത്ഥന.
ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, തെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ക്വേന മഫാക്ക.
ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സയീം അയ്യൂബ്, ബാബര്‍ അസം, കമ്രാന്‍ ഗുലാം, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, സല്‍മാന്‍ അലി ആഘ, ആമിര്‍ ജമാല്‍, മിര്‍ ഹംസ, ഖുറാം ഷഹസാദ്, മുഹമ്മദ് അബ്ബാസ്.
Content Highlight: PAK vs SA: 2nd One Off Test: Day 1 Update