| Wednesday, 9th October 2024, 7:34 pm

ഈ ലോകത്തില്‍ ഇതിലും മികച്ച 'ഹൈവേ' മറ്റെവിടെയും ഉണ്ടാകില്ല, ടെസ്റ്റിനെ നശിപ്പിക്കുന്നു; ആഞ്ഞടിച്ച് നാസര്‍ ഹുസൈന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മുള്‍ട്ടാനില്‍ തുടരുകയാണ്. മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 492 എന്ന നിലയില്‍ ഇംഗ്ലണ്ട് ബാറ്റിങ് തുടരുകയാണ്. ജോ റൂട്ട്, ഹാരി ബ്രൂക് എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നത്.

റൂട്ട് 277 പന്തില്‍ 176 റണ്‍സടിച്ചപ്പോള്‍ 173 പന്തില്‍ 141 റണ്‍സുമായി ബ്രൂക്കും തിളങ്ങുകയാണ്. നിലവില്‍ 64 റണ്‍സിന് മാത്രമാണ് സന്ദര്‍ശകര്‍ പിന്നില്‍ നില്‍ക്കുന്നത്.

ഇപ്പോള്‍ മുള്‍ട്ടാനിലെ പിച്ചിനെതിരെ വിമര്‍ശനമുയര്‍ത്തുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ബാറ്റര്‍മാര്‍ക്ക് സകല ആനുകൂല്യവും നല്‍കുന്ന തരത്തില്‍ ഫ്‌ളാറ്റ് പിച്ച് ഒരുക്കിയതാണ് നാസര്‍ ഹുസൈനെ ചൊടിപ്പിച്ചിരിക്കുന്നത്.

ബാറ്റര്‍മാരെ മാത്രം പരിഗണിക്കുമ്പോള്‍ അത് ടെസ്റ്റ് ക്രിക്കറ്റിന്റെ നാശത്തില്‍ മാത്രമേ അവസാനിക്കൂ എന്ന് പറഞ്ഞ ഹുസൈന്‍, ഇതിനേക്കാള്‍ ഫ്‌ളാറ്റായ പിച്ച് ലോകത്ത് എവിടെയും ഉണ്ടാകില്ലെന്നും അഭിപ്രായപ്പെട്ടു.

നാസര്‍ ഹുസൈന്റെ വാക്കുകള്‍

‘ഈ പിച്ചില്‍ അഞ്ച് ദിവസവും ഒരുപോലെ തന്നെ കളിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് താങ്ങാന്‍ സാധിക്കില്ല. അവിശ്വസനീയമാം വിധത്തിലുള്ള ഫ്‌ളാറ്റ് പിച്ചാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്. ഇതിനേക്കാള്‍ ഫ്‌ളാറ്റായ ഒരു പിച്ച് ലോകത്തെവിടെയും കാണാന്‍ സാധിക്കില്ല.

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെ കരുതിയെങ്കിലും പിച്ച് എന്തെങ്കിലും ഓഫര്‍ ചെയ്യണം. രണ്ട് ദിവസമായി ഈ പിച്ചില്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പിച്ച് ഇല്ല, ടേണ്‍ ഇല്ല, റിവേഴ്‌സ് സ്വിങ് ഇല്ല, ഒന്നും തന്നെയില്ല. ഈ പിച്ച് ബാറ്റര്‍മാരെ പരിധിവിട്ട് തുണയ്ക്കുന്നതാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റും ബോളും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള മത്സരം വേണം,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരത്തിലുള്ള പിച്ച് ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കില്ല എന്നും നാസര്‍ ഹുസൈന്‍ വിമര്‍ശിച്ചു.

മുള്‍ട്ടാനില്‍ ഇതുവരെ സംഭവിച്ചതെന്ത്?

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ നിരീക്ഷണം ശരിവെക്കുന്ന പ്രകടനമാണ് ബാറ്റര്‍മാര്‍ നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 556 റണ്‍സാണ് പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ നേടിയത്. മൂന്ന് പാക് ബാറ്റര്‍മാര്‍ മത്സരത്തില്‍ സെഞ്ച്വറി നേടി.

ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, ആഘാ സല്‍മാന്‍, അബ്ദുള്ള ഷഫീഖ് എന്നിവരുടെ പ്രകടനമാണ് പാകിസ്ഥാന് ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മസൂദ് 177 പന്തില്‍ 151 റണ്‍സടിച്ച് പുറത്തായി. ആഘാ സല്‍മാന്‍ 119 പന്തില്‍ 104 റണ്‍സ് നേടിയപ്പോള്‍ 184 പന്തില്‍ 102 റണ്‍സാണ് അബ്ദുള്ള ഷഫീഖ് സ്വന്തമാക്കിയത്. 177 പന്തില്‍ 82 റണ്‍സ് നേടിയ സൗദ് ഷക്കീലും പാകിസ്ഥാനായി മികച്ച പ്രകടനം കാഴ്ചവെച്ചു.

ഇംഗ്ലണ്ടിനായി ജാക് ലീച്ച് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രൈഡന്‍ ക്രേസും ഗസ് ആറ്റ്കിന്‍സണും രണ്ട് വിക്കറ്റ് വീതവും നേടി. ക്രിസ് വോക്സ്, ഷോയ്ബ് ബഷീര്‍, ജോ റൂട്ട് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടും പിച്ചിന്റെ ആനുകൂല്യം പരമാവധി മുതലെടുത്തു. ഒറ്റ ദിവസം കൊണ്ട് 396 റണ്‍സാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയ റൂട്ടിനും ബ്രൂക്കിനും പുറമെ സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.

ക്രോളി 85 പന്തില്‍ 78 റണ്‍സ് നേടി പുറത്തായപ്പോള്‍ 75 പന്തില്‍ 84 റണ്‍സാണ് ഡക്കറ്റ് നേടിയത്. ക്യാപ്റ്റന്‍ ഒല്ലി പോപ്പ് സില്‍വര്‍ ഡക്കായി പുറത്തായി.

Content highlight: PAK vs ENG: Nasser Hussain slams Multan pitch

We use cookies to give you the best possible experience. Learn more