| Thursday, 22nd August 2024, 2:24 pm

ബാബറൊന്നുമല്ല, ഇവനാണ് പാകിസ്ഥാന്റെ യഥാര്‍ത്ഥ കിങ്; ഇതിഹാസത്തെയും മറികടന്ന് തേരോട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റിനായാണ് ബംഗ്ലാദേശ് പാകിസ്ഥാനിലെത്തിയിരിക്കുന്നത്.

ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു. ആദ്യ ദിനം അവസാനിച്ചപ്പോള്‍ 158ന് നാല് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ് അവസാനിപ്പിച്ച പാകിസ്ഥാന്‍ രണ്ടാം ദിനം ബാറ്റിങ് തുടരുകയാണ്.

സെഞ്ച്വറിയുമായി സൗദ് ഷക്കീലും മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഷക്കീലിനെ തേടിയെത്തിയിരിക്കുകയാണ്. ടെസ്റ്റിലെ ആദ്യ 20 ഇന്നിങ്‌സില്‍ നിന്നും ഏറ്റവുമധികം റണ്‍സ് നേടുന്ന പാകിസ്ഥാന്‍ താരമെന്ന നേട്ടമാണ് സൗദ് ഷക്കീല്‍ സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ 67 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഇതിഹാസ താരം സയ്യിദ് അഹമ്മദിന്റെ റെക്കോഡ് ഷക്കീല്‍ തകര്‍ത്തത്. 20ാം ഇന്നിങ്‌സില്‍ താരം ഇനിയും ബാറ്റിങ് പൂര്‍ത്തിയാക്കിയിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

ആദ്യ 20 ടെസ്റ്റില്‍ പാകിസ്ഥാനായി ഏറ്റവുമധികം റണ്‍സ് നേടിയ താരം

(താരം – ഇന്നിങ്‌സ് – റണ്‍സ് – ശരാശരി എന്നീ ക്രമത്തില്‍)

സൗദ് ഷക്കീല്‍ – 20 – 1034+* – 64.63

സയ്യിദ് അഹമ്മദ് – 20 – 1033 – 54.37

ജാവേദ് മിയാന്‍ദാദ് – 20 – 971 – 60.69

അബ്ദുള്ള ഷഫീഖ് – 20 – 956 – 53.11

സാദിഖ് മുഹമ്മദ് – 20 – 925 – 46.25

ഇതിന് പുറമെ ടെസ്റ്റ് ഫോര്‍മാറ്റില്‍ 1,000 റണ്‍സ് എന്ന നേട്ടവും ഇന്നിങ്സിലൂടെ ഷക്കീല്‍ സ്വന്തമാക്കി.

ടെസ്റ്റില്‍ ഫോര്‍ ഡിജിറ്റ് മാര്‍ക്ക് കണ്ടതോടെ മറ്റൊരു നേട്ടവും ഷക്കീലിനെ തേടിയെത്തി. കളിച്ച ഇന്നിങ്സുകളുടെ പാകിസ്ഥാനായി ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന നേട്ടമാണ് ഷക്കീല്‍ സ്വന്തമാക്കിയത്. 20 ഈന്നിങ്സിലാണ് താരം ഈ നേട്ടത്തിലെത്തിയത്.

1959ല്‍ പാക് സൂപ്പര്‍ താരം സയ്യീദ് അഹമദിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ഷക്കീല്‍.

ടെസ്റ്റ് മത്സരത്തില്‍ പാകിസ്ഥാനായി വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍ (കളിച്ച ഇന്നിങ്സിന്റെ അടിസ്ഥാനത്തില്‍)

(താരം – 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കളിച്ച ഇന്നിങ്സ് എന്നീ ക്രമത്തില്‍)

സൗദ് ഷക്കീല്‍ – 20*

സയീദ് അഹമ്മദ് – 20

സാദിഖ് മുഹമ്മദ് – 22

ജാവേദ് മിയാന്‍ദാദ് – 23

അതേസമയം, രണ്ടാം ദിവസം ബാറ്റിങ് തുടരുന്ന പാകിസ്ഥാന്‍ 83 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റിന് 310 എന്ന നിലയിലാണ്. 213 പന്തില്‍ 113 റണ്‍സുമായി സൗദ് ഷക്കീലും 165 പന്തില്‍ 116 റണ്‍സുമായി മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍. ടീം സ്‌കോര്‍ 114ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് ഇരട്ട സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് സ്വന്തം കാണികളുടെ മുമ്പില്‍ മോശം തുടക്കമാണ് ലഭിച്ചത്. അബ്ദുള്ള ഷഫീഖ് രണ്ട് റണ്‍സിന് പുറത്തായാപ്പോള്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദ് 11 പന്തില്‍ ആറ് റണ്‍സും മുന്‍ നായകന്‍ ബാബര്‍ അസം സില്‍വര്‍ ഡക്കായും പുറത്തായി.

ക്യാപ്റ്റനെയും മുന്‍ ക്യാപ്റ്റനെയും ഷോരിഫുള്‍ ഇസ്‌ലാം പുറത്താക്കിയപ്പോള്‍ ഹസന്‍ മഹമൂദാണ് ഷഫീഖിനെ മടക്കിയത്.

നാലാം വിക്കറ്റില്‍ ഓപ്പണര്‍ സയീം അയ്യൂബിനൊപ്പം സൗദ് ഷക്കീല്‍ നടത്തിയെ ചെറുത്തുനില്‍പ്പാണ് പാകിസ്ഥാനെ താങ്ങിനിര്‍ത്തിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 98 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 16ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത്. 98 പന്തില്‍ 56 റണ്‍സ് നേടിയ അയ്യൂബിനെ പുറത്താക്കി ഹസന്‍ മഹ്‌മൂദാണ് ബംഗ്ലാദേശിന് ബ്രേക് ത്രൂ സമ്മാനിച്ചത്.

ആദ്യ ദിനം ബംഗ്ലാദേശിനായി ഷോരിഫുള്‍ ഇസ്‌ലാമും ഹസന്‍ മഹ്‌മൂദും നേടിയ രണ്ട് വിക്കറ്റുകളാണ് ആദ്യ ഇന്നിങ്‌സില്‍ ഇതുവരെ ബംഗ്ലാദേശിന് അശ്വസിക്കാനുള്ളത്.

Content Highlight: PAK vs BAN: Saud Shakeel Surpassed Saeed Ahmed

We use cookies to give you the best possible experience. Learn more