ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റിനായാണ് ബംഗ്ലാദേശ് പാകിസ്ഥാനിലെത്തിയിരിക്കുന്നത്.
ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു. ആദ്യ ദിനം അവസാനിച്ചപ്പോള്‍ 158ന് നാല് വിക്കറ്റ് എന്ന നിലയിലാണ് പാകിസ്ഥാന്‍ ബാറ്റിങ് തുടരുന്നത്. 92 പന്തില്‍ 57 റണ്‍സുമായി സൗദ് ഷക്കീലും 31 പന്തില്‍ 24 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍.
ബംഗ്ലാദേശിനെതിരെ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ല് മറികടന്നിരിക്കുകയാണ് സൗദ് ഷക്കീല്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍ 1000 റണ്‍സ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. പാകിസ്ഥാനായി കളത്തിലിറങ്ങിയ 20ാം ഇന്നിങ്‌സിലാണ് ഷക്കീല്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ടെസ്റ്റില്‍ ഫോര്‍ ഡിജിറ്റ് മാര്‍ക്ക് കണ്ടതോടെ മറ്റൊരു നേട്ടവും ഷക്കീലിനെ തേടിയെത്തി. കളിച്ച ഇന്നിങ്‌സുകളുടെ പാകിസ്ഥാനായി ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന നേട്ടമാണ് ഷക്കീല്‍ സ്വന്തമാക്കിയത്. 20 ഈന്നിങ്‌സിലാണ് താരം ഈ നേട്ടത്തിലെത്തിയത്.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് സ്വന്തം കാണികളുടെ മുമ്പില്‍ മോശം തുടക്കമാണ് ലഭിച്ചത്. അബ്ദുള്ള ഷഫീഖ് രണ്ട് റണ്‍സിന് പുറത്തായാപ്പോള്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദ് 11 പന്തില്‍ ആറ് റണ്‍സും മുന്‍ നായകന്‍ ബാബര്‍ അസം സില്‍വര്‍ ഡക്കായും പുറത്തായി.