പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ കങ്കാരുക്കളെ കുഞ്ഞന്‍ സ്‌കോറില്‍ പുറത്താക്കി പാകിസ്ഥാന്‍. അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ വെറും 163 റണ്‍സിനാണ് കങ്കാരുക്കള്‍ പുറത്തായത്.
സൂപ്പര്‍ താരം ഹാരിസ് റൗഫിന്റെ ഫൈഫര്‍ കരുത്തിലാണ് പാകിസ്ഥാന്‍ എതിരാളികളെ എറിഞ്ഞിട്ടത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഗ്ലെന്‍ മാക്‌സ്‌വെല്ലും അടക്കം എണ്ണം പറഞ്ഞ അഞ്ച് സൂപ്പര്‍ താരങ്ങളെയാണ് റൗഫ് പവലിയനിലേക്ക് മടക്കിയത്.
DEMOLITION JOB AT THE ADELAIDE OVAL BY @HarisRauf14! 💥
Second ODI five-wicket haul for the speedster 👏#AUSvPAK pic.twitter.com/IIgLquMC4O
— Pakistan Cricket (@TheRealPCB) November 8, 2024
റൗഫിനൊപ്പം തന്നെ ഓസ്‌ട്രേലിയയുടെ തകര്‍ച്ചയ്ക്ക് കാരണക്കാരനായ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. വിക്കറ്റിന് പിന്നില്‍ ചോരാത്ത കൈകളുമായി നിലയുറപ്പിച്ച വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍.
ആറ് താരങ്ങളുടെ ഡിസ്മിസ്സലിനാണ് പാകിസ്ഥാന്റെ വിശ്വസ്തനായ ഗ്ലൗമാന്‍ വഴിയൊരുക്കിയത്. സ്റ്റീവ് സ്മിത്, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലബുഷാന്‍, ആരോണ്‍ ഹാര്‍ഡി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരെയാണ് റിസ്വാന്‍ ക്യാച്ചെടുത്ത് മടക്കിയത്.
ഇതിനൊപ്പം ഒരു റെക്കോഡും റിസ്വാന്‍ സ്വന്തമാക്കി. ഒരു ഏകദിന മത്സരത്തില്‍ പാകിസ്ഥാനായി ഏറ്റവുമധികം ക്യാച്ചെടുക്കുന്ന വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയാണ് റിസ്വാന്‍ ചരിത്രമെഴുതിയത്.
ഒരു ഏകദിനത്തില്‍ ഏറ്റവുമധികം ക്യാച്ചുകള്‍ സ്വന്തമാക്കുന്ന പാക് വിക്കറ്റ് കീപ്പര്‍
(താരം – ക്യാച്ച് – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
മുഹമ്മദ് റിസ്വാന്‍ – 6 – ഓസ്‌ട്രേലിയ – അഡ്‌ലെയ്ഡ് – 2024*
സര്‍ഫറാസ് അഹമ്മദ് – 6 – സൗത്ത് ആഫ്രിക്ക – ഓക്‌ലാന്‍ഡ് – 2015
മോയിന്‍ ഖാന്‍ – 5 – സിംബാബ്‌വേ – ഹരാരെ – 1995
റാഷിദ് ലത്തീഫ് – 5 – ശ്രീലങ്ക – ദാംബുള്ള – 2003
ഒരു ഏകദിന ഇന്നിങ്‌സില്‍ ഏറ്റവുമധികം ഡിസ്മിസ്സലുകള്‍ക്ക് വഴിയൊരുക്കിയ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് നേടാനും താരത്തിന് അവസരമൊരുങ്ങിയിരുന്നു. എന്നാല്‍ താരം ക്യാച്ച് പാഴാക്കുകയായിരുന്നു.
നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഒരിക്കല്‍പ്പോലും പാകിസ്ഥാന് മേല്‍ സമ്മര്‍ദം ചെലുത്താനോ മേല്‍ക്കൈ നേടാനോ സാധിച്ചിരുന്നില്ല. മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ കങ്കാരുക്കളെ അനുവദിക്കാതെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് പാക് ബൗളര്‍മാര്‍ പരമ്പരയില്‍ ഒപ്പമെത്താന്‍ ശ്രമിക്കുന്നത്.
ഫൈഫര്‍ സ്വന്തമാക്കിയ ഹാരിസ് റൗഫിന് പുറമെ ഷഹീന്‍ അഫ്രിദിയും തകര്‍ത്തെറിഞ്ഞു. ഒരു മെയ്ഡന്‍ അടക്കം എട്ട് ഓവര്‍ പന്തെറിഞ്ഞ താരം മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് ഹസ്‌നെയ്‌നും നസീം ഷായുമാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയുടെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്.
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 78 റണ്‍സ് എന്ന നിലയിലാണ്. 37 പന്തില്‍ 30 റണ്‍സുമായി അബ്ദുള്ള ഷഫീഖും 42 പന്തില്‍ 40 റണ്‍സുമായി സയീം അയ്യൂബുമാണ് ക്രീസില്‍.
Content highlight: PAK vs AUS: Mohammad Rizwan tops the list of most catches taken by a Pakistan wicket-keeper in an ODI