ഇന്ത്യ പാക്കിസ്ഥാന്‍ വൈരം പോലെ തന്നെ തീവ്രതയുള്ളതാണ് പാക്ക് -അഫ്ഗാന്‍ പോര്. നയതന്ത്ര തലത്തില്‍ ഒരുപാട് പൊരുത്തക്കേടുകളുണ്ട് ഇരുവരും തമ്മില്‍. പാക്കിസ്ഥാന്‍ അദൃശ്യമായി പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘങ്ങളുടെ ദുഷ് ചെയ്തികള്‍ വേണ്ടുവോളം അനുഭവിക്കുന്നുണ്ട് അഫ്ഗാന്‍. അതു കൊണ്ടു തന്നെ ഈ മത്സരം വിജയിക്കാനായാല്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ ജയം കരസ്ഥമാക്കുന്നതോടൊപ്പം അതു പാക്കിസ്ഥാനെതിരെ കൂടെ ആകുമ്പോള്‍ ഇരട്ടി മധുരമാകുമെന്ന ചിന്തയിലാണ് അഫ്ഗാന്റെ പടയൊരുങ്ങിയത്.
ഒരു തോല്‍വി പോലും പാക്കിസ്ഥാന് പുറത്തേക്കുള്ള വഴി തുറക്കുമെന്നറിയാവുന്ന അഫ്ഗാന്‍ അതിനായി തങ്ങളാല്‍ ആകുന്നതൊക്കെ ചെയ്യാനുറച്ചു തന്നെയാണ് ഇറങ്ങിയത്. മറു വശത്തു എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മാത്രം സെമി സാധ്യത നിലനിര്‍ത്താമെന്ന സമ്മര്‍ദ്ദത്തില്‍ ഇറങ്ങിയ പച്ചപ്പടക്ക് അഫ്ഗാനെതിരെ തോല്‍വി പിണയുന്നത് ചിന്തിക്കാവുന്നതിനും അപ്പുറത്തായിരുന്നു. കളി തുടങ്ങുന്നതിനു മുന്‍പേ തന്നെ ഇരു ടീമുകളുടെയും ആരാധകര്‍ മൈതാനത്തിനു പുറത്തു ഏറ്റുമുട്ടിയത് ആ കളി എത്രത്തോളം വാശിയേറിയതാവുമെന്നതിന്റെ പ്രഖ്യാപനമായിരുന്നു.
ലീഡ്സില്‍ ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. റഹ്മത്ത് അലി നല്ല രീതിയില്‍ തുടങ്ങിയെങ്കിലും കഴിഞ്ഞ കളിയിലെ കനല്‍ കെടാതെ പന്തെറിഞ്ഞ ഷഹീന്‍ അഫ്രിഡിയുടെ മാസ്മരികതക്ക് മുന്‍പില്‍ മറ്റുള്ളവര്‍ക്ക് ഉത്തരമില്ലാത്ത അവസ്ഥയായി. മുന്‍നിരയുടെ തകര്‍ച്ചക്ക് ശേഷം ലോകകപ്പിനു തൊട്ടു മുന്‍പ് നായക സ്ഥാനം ഒഴിയേണ്ടി വന്ന അസ്ഗര്‍ അഫ്ഗാന്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ തുടര്‍ച്ച എന്ന വണ്ണം നജീബുള്ളയും ക്ഷമയോടെ ക്രീസില്‍ ഉറച്ചു നിന്നു. ഇതിനിടയില്‍ നബിയും ഷിന്‍വാരിയുമെല്ലാം ചെറിയ രീതിയിലുള്ള സംഭാവനകള്‍ നടത്തിയതോടെ ആദ്യത്തെ തകര്‍ച്ചയില്‍ നിന്നു കരകയറി മാന്യമായ സ്‌കോറിലെത്താന്‍ അവര്‍ക്ക് സാധിച്ചു.
അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡില്ലാത്ത പാക്ക് ബാറ്റിംഗ് നിരക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയായിരുന്നു അഫ്ഗാന്റെ സ്‌കോര്‍. ഇന്നിങ്‌സിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ മുജീബിനു വിക്കറ്റ് സമ്മാനിച്ചു ഫഖര്‍ മടങ്ങിയപ്പോള്‍ അതു പാക്കിസ്ഥാന്‍ അഫ്ഗാന്‍ മത്സരങ്ങളിലെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു. കാരണം ഫഖര്‍ അഫ്ഗാനെതിരെ കളിച്ച എല്ലാ കളികളിലും മുജീബിനു മുന്നില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് അദ്ദേഹം പുറത്തായിട്ടുള്ളത്.
എന്നാല്‍ ഫഖറിന് ശേഷമെത്തിയ കഴിഞ്ഞ കളിയിലെ ഹീറോ ബാബറുമൊത്ത് ഇമാം മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ അഫ്ഗാന്റെ കയ്യില്‍ നിന്നു മത്സരം തെന്നി മാറുകയാണെന്നു തോന്നിച്ചു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ നബി ഇരുവരെയും പുറത്താക്കിയതോടെ പാക്കിസ്ഥാന്‍ വീണ്ടും സമ്മര്‍ദ്ദത്തിലായി. പിന്നീടെത്തിയ ഹഫീസും ഈ ലോകകപ്പിന്റെ കണ്ടുപിടുത്തമായ ഹാരിസ് സൊഹൈലും നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പുറത്താക്കുകയും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാമായിരുന്ന ഒരിന്നിംഗ്സിനിടയില്‍ ഇല്ലാത്ത രണ്ടാം റണ്ണിനോടി നായകന്‍ നിരുത്തരവാദപരമായി റണ്‍ ഔട്ടായപ്പോള്‍ പാക്കിസ്ഥാന്‍ നടുങ്ങി. ഇരു വശത്തു നിന്നും അഫ്ഗാന്‍ സ്പിന്നര്‍മാര്‍ പാക്ക് ബാറ്റ്സ്മാന്‍മാരെ വരിഞ്ഞു മുറുക്കിയപ്പോള്‍ പാക്കിസ്ഥാന്‍ പ്രതീക്ഷകള്‍ അവസാനിച്ചെന്ന് തോന്നിച്ചു.
എന്നാല്‍ നാല്‍പ്പത്താറാം ഓവറെറിയാനെത്തിയ നായകന്‍ ഗുല്ബദ്ധീന്‍ നെയ്ബ് വില്ലന്റെ പരിവേഷമണിഞ്ഞപ്പോള്‍ പാക്കിസ്ഥാന് അതു പുതുജീവന്‍ നല്‍കി. സ്പിന്നര്‍മാര്‍ ഡോട്ട് ബോളുകളെറിഞ്ഞു ഉണ്ടാക്കിയെടുത്ത സമ്മര്‍ദ്ദം ആ ഓവറില്‍ ഇല്ലാതാക്കിയ ഇമാദ് വസീമും ഷദാബ് ഖാനും അഫ്ഗാനെ പിന്നോട്ടടിച്ചു.
റഷീദ് ഖാന്റെ അടുത്ത ഓവറില്‍ ഷദാബ് അനാവശ്യ റണ്‍ ഔട്ടിന് ഇരയായപ്പോള്‍ അതു ഉര്‍വ്വശീശാപം ഉപകാരം എന്ന പോലെയായി പാക്കിസ്ഥാന്. പകരമെത്തിയ വഹാബ് റിയാസ് റഷിദിനെയും മുജീബിനെയും സധൈര്യം കടന്നാക്രമിച്ചപ്പോള്‍ പാക്കിസ്ഥാന് കാര്യങ്ങള്‍ കൂടുതലെളുപ്പമായി. വാലറ്റത്തെ കൂട്ടു പിടിച്ചു ഇമാദ് വാസിം നടത്തിയ വീരോചിതമായ ചെറുത്തുനില്‍പ്പ് പാക്കിസ്ഥാനെ ഈ ലോകകപ്പില്‍ നിലനിര്‍ത്താന്‍ സഹായിച്ചു.
ഇന്ത്യക്കെതിരെ പുറത്തെടുത്ത ധൈര്യത്തിന്റെ അടുത്ത പടി കൂടി പിന്നിട്ട അഫ്ഗാന് പക്ഷേ ജയിക്കാന്‍ മാത്രം സാധിച്ചില്ല. ലോകകപ്പില്‍ ഒരു ജയമെന്ന അമിതമായ ആഗ്രഹത്തിനുള്ള കാത്തിരിപ്പ് അനന്തമായി തന്നെ നീണ്ടു കൊണ്ടിരിക്കുന്നു. അവരുടെ കണ്മുന്നില്‍ വിജയമെത്തുന്നുണ്ടെങ്കിലും അതവരിലേക്ക് എത്തിക്കാന്‍ അവരുടെ അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയക്കുറവ് അവരെ അനുവദിക്കുന്നില്ല. അല്ലെങ്കില്‍ പാക്കിസ്ഥാന്റെ അന്നം മുടക്കികളാകാന്‍ കെല്‍പ്പ് ഉണ്ടായിരുന്ന സംഘത്തിന് പക്ഷേ ഭാഗ്യമില്ലാതെ പോയി.
മറുവശത്തു പാക്കിസ്ഥാന്‍ പുറത്താകലില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുന്നതും അവര്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുന്നതും സ്വപ്നം കണ്ടുറങ്ങുന്ന പാക്കിസ്ഥാനെ എത്രത്തോളം ഭാഗ്യം കടാക്ഷിക്കും എന്നത് കാത്തിരുന്നു കാണേണ്ട വസ്തുത തന്നെയാണ്. അപ്രവചനീയതയുടെ തമ്പുരാക്കന്മാര്‍ക്ക് അപ്രതീക്ഷിതമായ ഒരു സെമി പ്രവേശം സാധ്യമാകുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്.