| Sunday, 24th March 2024, 11:42 am

ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കും; നയതന്ത്ര നിലപാടില്‍ മാറ്റത്തിനുള്ള സൂചന നൽകി പാക് വിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കുന്നത് പാകിസ്താന്‍ ഗൗരവമായി പരിഗണിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാര്‍. ഇന്ത്യയുമായുള്ള നയതന്ത്ര നിലപാടില്‍ മാറ്റത്തിനുള്ള സൂചനയാണ് പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.

ബ്രസല്‍സില്‍ നടന്ന ആണവോര്‍ജ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെ 2019 മുതല്‍ നിര്‍ത്തിവെച്ച ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്താന്‍ പുനഃസ്ഥാപിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കണമെന്നാണ് പാകിസ്താനിലെ വ്യവസായികള്‍ ആഗ്രഹിക്കുന്നതെന്ന് ഇഷാഖ് ദാര്‍ പറഞ്ഞു. വിഷയം പാകിസ്താന്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുകയും ചെയ്തതിന് ശേഷമാണ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധം പാകിസ്താന്‍ നിര്‍ത്തിയത്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരീക്ഷം തകര്‍ക്കുമെന്നും പാകിസ്താന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കശ്മീരിന്റെ മേലുള്ള തീരുമാനം തിരുത്തണമെന്ന ആവശ്യം ഇന്ത്യ തള്ളിക്കളയുകയും ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് മറുപടി നല്‍കുകയും ചെയ്തു.

പാകിസ്താനുമായി നല്ലൊരു ബന്ധം സൃഷ്ടിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതായും ഇതിനായി ഭീകരതയും ശത്രുതയും ഇല്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത പാകിസ്താനാണെന്നും ഇന്ത്യ വ്യക്തമാക്കി.

അടുത്തിടെ പാകിസ്താന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഇത് പാകിസ്താനും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുമെന്ന് സൂചന നല്‍കിയിരുന്നു. പിന്നീട് മോദിയോട് നന്ദി പറഞ്ഞ് ഷെഹ്ബാസ് ഷെരീഫും രംഗത്തെത്തി. ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് നടന്നത്.

Content Highlight: Pak to ‘seriously’ consider restoring trade ties with India: Foreign Minister Ishaq Dar

We use cookies to give you the best possible experience. Learn more