| Wednesday, 25th December 2024, 11:53 am

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ; 15 മരണം, തിരിച്ചടിക്കുമെന്ന് താലിബാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ. ആക്രമണത്തിൽ 15 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ താലിബാൻ്റെ ഒളിത്താവളങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തി പരിശീലന കേന്ദ്രം തകർത്ത് നിരവധി വിമതരെ വധിച്ചതായാണ് റിപ്പോർട്ട്. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ പർവതപ്രദേശത്ത് ഈ വർഷം മാർച്ചിന് ശേഷം നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ ആക്രമണമാണിത്.

നാല് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണം സ്ഥിരീകരിച്ചതായി എ.പി റിപ്പോർട്ട് ചെയ്തു. ഡിസംബർ 24 രാത്രിയിൽ ബർമൽ ജില്ലയിലെ പക്തിക പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം. ഏഴ് ഗ്രാമങ്ങളിലാണ് വ്യോമാക്രമണമുണ്ടായത്. പാകിസ്ഥാനി ജെറ്റുകളാണ് വ്യോമാക്രമണം നടത്തിയത് എന്ന് പ്രദേശവാസികൾ പറഞ്ഞു. ഇക്കാര്യം താലിബാൻ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും താലിബാൻ ഭരണകൂടം അറിയിച്ചു.

അഫ്ഘാനിസ്ഥാനിലെ പാക് ഭീകരസാന്നിധ്യത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ തർക്കം നടന്നുകൊണ്ടിരിക്കെയാണ് വ്യോമാക്രമണം. ഉഭയകക്ഷി പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാൻ ദൂതൻ മുഹമ്മദ് സാദിഖ് കാബൂൾ സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വ്യോമാക്രമണം നടന്നത്.

അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം വ്യോമാക്രമണത്തെ ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരും ഉൾപ്പെടുന്നുവെന്ന് അവർ പറഞ്ഞു. എട്ട് പേരെങ്കിലും മരിച്ചതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്യുന്നു, മരണ സംഖ്യ ഉയരാനുള്ള സാധ്യതകൾ ഏറെയാണെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു.

Content Highlight: Pak targets suspected Taliban hideouts in Afghanistan; Kabul condemns airstrikes

We use cookies to give you the best possible experience. Learn more