സൈനിക വിചാരണ ഭരണഘടനാവിരുദ്ധമെന്ന് പാക് സുപ്രീംകോടതി
World News
സൈനിക വിചാരണ ഭരണഘടനാവിരുദ്ധമെന്ന് പാക് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th October 2023, 4:09 pm

ഇസ്‌ലാമാബാദ്: പൗരന്മാര്‍ക്കെതിരെയുള്ള സൈനിക വിചാരണ ഭരണഘടനാവിരുദ്ധമെന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മെയ് മാസത്തില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുകൂലികളായ നൂറിലധികം പേരെ സൈനിക കോടതിയില്‍ വിചാരണ ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്.

ഈ വിധിയിലൂടെ സൈനിക കോടതികളില്‍ ശിക്ഷിക്കപ്പെട്ട മറ്റു പൗരന്മാര്‍ക്കും അപ്പീല്‍ പോകാനുള്ള സാധ്യത ഒരുങ്ങുകയാണ്.

‘ഇന്നത്തെ വിധി വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. രാജ്യത്തിന്റെ ഭരണഘടന, നിയമം, സിവിലിയന്‍ സ്ഥാപനങ്ങള്‍ എന്നിവയെ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും,’ പാക്കിസ്ഥാന്‍ തെഹരിക്ക ഇന്‍സാഫ് അഭിഭാഷകനായ ഐല്സാസ് അഹ്‌സാന്‍ പറഞ്ഞുവെന്ന് ബി. ബി.സി റിപ്പോര്‍ട്ട് ചെയ്തു.

പാക്കിസ്ഥാനിലെ മറ്റു നിയമവിദഗ്തര്‍ വിധിയെ സ്വാഗതം ചെയ്തു.
സുപ്രീം കോടതി വിധി തികച്ചും ശരിയാണെന്നും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും പാക്കിസ്ഥാന്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഹ്‌സന്‍ ബൂണ്‍ പ്രാദേശിക വാര്‍ത്ത ഏജന്‍സിയായ ജിയോ ന്യൂസിനോട് പറഞ്ഞു.

ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് മെയ് മാസത്തില്‍ പാക്കിസ്ഥാനിലൂടനീളം പ്രതിഷേധം ഉയര്‍ന്നിരുന്നു. പാക്കിസ്ഥാന്റെ രാഷ്ട്രീയത്തില്‍ സൈന്യം ഒരു പ്രധാന പങ്കു വഹിക്കുന്നു്, ചില സന്ദര്‍ഭങ്ങളില്‍ സൈനിക അട്ടിമറികളിലൂടെയും മറ്റ് അവസരങ്ങളില്‍ രാഷ്ട്രീയ വടംവലിയിലൂടെയും പാക്കിസ്ഥാന്‍ ഭരണത്തില്‍ ഇടപെടാന്‍ സൈന്യത്തിന് സാധിക്കാറുണ്ട്.

Content Highlight: PAK Supreme Court halts military trials of imran Khan supporters