മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് തോറ്റതിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും യുവരാജ് സിംഗിനേയും എം.എസ് ധോണിയേയും രൂക്ഷമായി വിമര്‍ശിച്ച നടനും നിരൂപകനുമായ കെ.ആര്‍.കെയ്ക്ക് മറുപടിയുമായി പാക് സോഷ്യല്‍ മീഡിയ.
കൊഹ്ലിയെ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്തം വിലക്കണമെന്നും 130 കോടി ജനങ്ങളുടെ അഭിമാനമാണ് കൊഹ്ലി അടിയറവെച്ചതെന്നും കെ.ആര്‍.കെ ട്വിറ്ററില്‍ പറഞ്ഞിരുന്നു. കൊഹ്ലിയെ മാത്രമല്ല യുവരാജിനെയും ധോണിയെയും കെആര്‍കെ വെറുതെ വിട്ടിട്ടില്ല. നിങ്ങളെല്ലാം ഒത്തുകളിക്കാരാണെന്നും ജനങ്ങളെ വിഡ്ഡികളാക്കുന്നത് നിര്‍ത്തണമെന്നും കെആര്‍കെ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിനെതിരെ പാക് ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം രംഗത്ത് വരികയായിരുന്നു. കോഹ്‌ലി ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആണെന്നും പാകിസ്ഥാന്‍ ജയിച്ചത് അവരുടെ അധ്വാനം കൊണ്ടാണെന്നുമായിരുന്നു ഒരു പ്രതികരണം.
ധോണിയോടും വിരാടിനോടും യുവരാജിനോടും കളിമതിയാക്കാന്‍ പറയുന്നത് അവര്‍ രാജ്യത്തിനു വേണ്ടി നല്‍കിയ സംഭാവനകളും നേടിയ കിരീടങ്ങളും മറന്നുകൊണ്ടാണെന്നും ചില കമന്റില്‍ പറയുന്നത്. കോഹ്‌ലിയെ വിലക്കുന്നതിന് പകരം കെ.ആര്‍.കെ വാ തുറക്കുന്നതാണ് വിലക്കേണ്ടതെന്നായിരുന്നു മറ്റൊരു കമന്റ്.
തന്റെ ട്വീറ്റുകളിലൂടെ എന്നും വിവാദം സൃഷ്ടിക്കാറുള്ള താരമാണ് കെ.ആര്‍.കെ. നേരത്തെ മോഹന്‍ലാലിനെതിരെയും കെ.ആര്‍.കെയുടെ ട്വീറ്റുണ്ടായിരുന്നു. ഇതിനെതിരെ നിരവധി മലയാളികളും താരങ്ങളും രംഗത്തെത്തിയിരുന്നു.