ന്യൂദല്‍ഹി: കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്റെ നടപടി റദ്ദാക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി വിധി മധുരം വിതരണം ചെയ്താണ് കുല്‍ഭൂഷണിന്റെ കുടുംബം രാജ്യാന്തര കോടതി വിധി സ്വാഗതം ചെയ്തത്. ഇന്ത്യന്‍ വിജയത്തിലുള്ള സന്തോഷം ക്രിക്കറ്റ് താരങ്ങള്‍ അടക്കമുള്ളവര്‍ ട്വീറ്റിലൂടെ പങ്കുവെച്ചു.
മുന്‍ ക്രിക്കറ്റ് താരമായ മുഹമ്മദ് കൈഫും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് പാക്കിസ്ഥാനികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇന്ത്യയ്ക്ക് അഭിനന്ദനമെന്നും നീതി നടപ്പിലാക്കിയ അന്താരാഷ്ട്ര കോടതിക്ക് നന്ദിയെന്നുമാണ് കൈഫ് ട്വീറ്റ് ചെയ്തത്. ആദ്യം പേരിന്റെ തുടക്കത്തില്‍ നിന്നും മുഹമ്മദ് എന്ന പേരെടുത്ത് മാറ്റണമെന്നാണ് ഒരാള്‍ കൈഫിന് നല്‍കിയ നിര്‍ദേശം. എന്നാല്‍ എന്റെ പേരില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും ആദ്യം താങ്കള്‍ പോയൊരു ജീവിതം ഉണ്ടാക്കെന്നും കൈഫ് തരിച്ചടിച്ചു.
“സത്യമേവ ജയതേ കുല്‍ഭൂഷണ്‍ ജാദവ്” എന്നായിരുന്നു വിരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ നിരവധി പാക്കിസ്ഥാനികള്‍ വിമര്‍ശനങ്ങളുമായി എത്തുകയും ചെയ്തു.
“അന്തിമവിധി വരാനുണ്ടെന്നും തങ്ങള്‍ വേണമെങ്കില്‍ ജാദവിനെ തൂക്കിക്കൊല്ലുമെന്നും എവിടെ വേണമെങ്കിലും പരാതിയുമായി പോകാമെന്നും സെവാഗിനെ പ്രകോപിപ്പിക്കാനായി ഒരാള്‍ മറുപടി ട്വീറ്റ് ചെയ്തു. ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കുകയെന്ന നടക്കാത്ത സ്വപ്നം പോലെയാണ് ഈ ചിന്തയെന്നാണ് സെവാഗ് മറുപടി നല്‍കിയത്.
അന്താരാഷ്ട്ര കോടതിയില്‍ കുല്‍ഭുഷന്‍ ഇന്ത്യന്‍ ചാരനാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ട് രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു. 11 ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.
കുല്‍ഭൂഷണിന്റെ വധശിക്ഷ മാറ്റിവെക്കണമെന്ന് കോടതി പാകിസ്താനോട് ആവശ്യപ്പെട്ടു. അന്തിമ വിധി വരും വരെ വധശിക്ഷ നടപ്പാക്കരുത്. പാകിസ്താന്‍ മുന്‍വിധിയോടെയാണ് പെരുമാറിയത്. നീതിപൂര്‍ണ്ണമായ വിചാരണ വേണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ വാദങ്ങളെ കോടതി പൂര്‍ണ്ണമായും അംഗീകരിച്ചു. വിയന്ന കരാറിന്റെ ലംഘനമാണ് പാകിസ്താന്‍ നടത്തിയിരിക്കുന്നത്. കുല്‍ഭൂഷണ്‍ ജാദവിന് “കോണ്‍സുലാര്‍ ആക്സസ്” ലഭിക്കാന്‍ അവകാശമുണ്ടെന്ന് കോടതി കണ്ടെത്തി.
ഇന്ത്യയുടേയും കുല്‍ഭൂഷണിന്റേയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. പാകിസ്താന്‍ സ്വീകരിക്കുന്ന നടപടികള്‍ കോടതിയെ അറിയിക്കണമെന്നും കോടതി പറഞ്ഞു.