ഏഷ്യാ കപ്പിന്റെ 15ാം എഡിഷന്‍ അവസാനിച്ചിരിക്കുകയാണ്. ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ശ്രീലങ്ക ആറാമതും ഏഷ്യയുടെ ചാമ്പ്യന്‍മാരായിരിക്കുകയാണ്. ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിന് തോല്‍പിച്ചുകൊണ്ടായിരുന്നു ലങ്കന്‍ പട കപ്പുയര്‍ത്തിയത്.
മത്സരത്തിന് മുമ്പ് വരെ വിജയസാധ്യത കല്‍പിച്ചിരുന്നത് പാകിസ്ഥാനാണ്. ടൂര്‍ണമെന്റില്‍ ഉടനീളം നടത്തിയ മികച്ച പ്രകടനങ്ങള്‍ തന്നെയായിരുന്നു അതിനാധാരം. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും കാറ്റില്‍ പറത്തി പാകിസ്ഥാന്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്.
പാകിസ്ഥാന്റെ തോല്‍വിയേക്കാള്‍ ആരാധകരെ ഏറെ നിരാശരാക്കുന്നത് പാക് നായകന്‍ ബാബര്‍ അസമിന്റെ മോശം ഫോമാണ്. സെഞ്ച്വറി അടിച്ചുകൂട്ടല്‍ ശീലമാക്കിയ പാക് നായകന് ടൂര്‍ണമെന്റില്‍ ഒരു അര്‍ധസെഞ്ച്വറി പോലും കുറിക്കാന്‍ സാധിച്ചിട്ടില്ല.
കളിച്ച ആറ് മത്സരത്തില്‍ നിന്നും ആകെ താരത്തിന് നേടാനായത് 68 റണ്‍സ് മാത്രമാണ്. ആവറേജാവട്ടെ 11.33ഉം.
10 (9), 9 (8), 14 (10), 0 (1), 30 (29), 5(6) എന്നിങ്ങനെയാണ് പാക് നായകന്റെ സ്‌കോര്‍. ഐ.സി.സി റാങ്കിങ്ങില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ആദ്യ മൂന്നിലുള്ള താരത്തിന്റെ പ്രകടനമാണിതെന്ന് ഓര്‍ക്കണം.
പാകിസ്ഥാന്റെ മോശം പ്രകടനവും ഏഷ്യാ കപ്പില്‍ ബാബര്‍ അസം തോല്‍വിയായതും പാക് ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന ടി-20 ലോകകപ്പിലും ബാബര്‍ ഇതേ പ്രകടനമാണ് ആവര്‍ത്തിക്കുന്നതെങ്കില്‍ പാകിസ്ഥാന്റെ കാര്യത്തില്‍ ഏകദേശം തീരുമാനമാവും എന്നുറപ്പാണ്.
ബാബര്‍ അസമിന്റെ മോശം പ്രകടനം ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ട്രോളന്‍മാര്‍ ആഘോഷമാക്കുകയാണ്. ബാബറിനേക്കാള്‍ ബാറ്റിങ് ആവറേജ് പാകിസ്ഥാന്റെ യുവ പേസര്‍മാരായ ഷഹനവാസ് ദഹാനി, നസീം ഷാ എന്നിവര്‍ക്കുണ്ട്. നെതര്‍ലാന്‍ഡ് ഒന്നും ഏഷ്യാ കപ്പ് കളിക്കാത്തതുകൊണ്ടാണ് താരം തോല്‍വിയായത് എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
ബാറ്റിങ്ങില്‍ ബാബറിന്റെ പോരായ്മ തന്നെയാണ് പാകിസ്ഥാന്റെ തോല്‍വിക്ക് കാണമായത്. ടീമിന്റെ സഹ ഓപ്പണറായ മുഹമ്മദ് റിസ്വാന്‍ ഒരു തലക്കല്‍ നിന്നും ആഞ്ഞടിക്കുന്നത് നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു ബാബറിനായത്. ഇത് ഫൈനലിലെ മാത്രം കാഴ്ചയായിരുന്നില്ല എന്ന കാര്യവും ഓര്‍ക്കണം.