മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാതിസ്താനോടുള്ള അമര്‍ഷം സിനിമാ രംഗത്തും വെളിവാകുന്നു. ഗായകന്‍ ആതിഫ് അസ്‌ലമിനെ സല്‍മാന്‍ഖാന്റെ എറ്റവും പുതിയ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. അസ്‌ലമിനു പകരം മറ്റൊരു ഗായകന്‍ പാടണമെന്ന് സല്‍മാന്‍ ആവശ്യപ്പെട്ടതായാണ് സൂചന.
സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന “നോട്ട്ബുക്ക്” എന്ന ചിത്രത്തില്‍ നിന്നാണ് ആതിഫിനെ ഒഴിവാക്കിയത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് കലാകാരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന വിലക്കിനെ തുടര്‍ന്നാണ് നടപടി.
Also Read: കശ്മീരികളുടെ കടകളില്‍ നിന്ന് ഒന്നും വാങ്ങരുത്, അവിടെ പോവുകയും ചെയ്യരുത്: കശ്മീരിനെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് മേഘാലയ ഗവര്‍ണര്‍
ആള്‍ ഇന്ത്യാ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ പാക് സിനിമാ പ്രവര്‍ത്തകരെ ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ ഭാഗമാക്കില്ലെന്ന് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. പാകിസ്താനില്‍ നിന്നുള്ള നടീനടന്‍മാരോ കലാകാരന്‍മാരോ മറ്റ് പ്രവര്‍ത്തകരോ ഇനി മുതല്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗമാകില്ലെന്ന് അസോസിയേഷന്‍ നേരത്തെ നിലപാടെടുത്തിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടി – സീരിസ് യുട്യൂബില്‍ നിന്ന് റാഹത്ത് ഫത്തേഹ് അലി ഖാന്‍, ആത്തിഫ് അസ്‌ലം എന്നിവരുടെ ഗാനങ്ങള്‍ യുട്യൂബില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
എന്നാല്‍ ആതിഫിന് പകരം ഗാനമാലപിക്കുന്നതാരാണെന്ന തീരുമാനമായിട്ടില്ലെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് സാംസ്‌കാരിക രംഗത്തും നിരവധി പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.