| Wednesday, 10th January 2024, 4:21 pm

മുൻ പാക് പ്രസിഡന്റ്‌ പർവേസ് മുഷറഫിന്റെ വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി.

2019ൽ ഡിസംബറിൽ രാജ്യദ്രോഹ കുറ്റത്തിന് മുൻ സൈനിക ഭരണാധികാരിയായ മുഷറഫിന് ഇസ്‌ലാമാബാദിലെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് ആദ്യമായിട്ടായിരുന്നു പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഒരു സൈനിക മേധാവി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്.

എന്നാൽ 2020 ജനുവരിയിൽ ലാഹോർ ഹൈക്കോടതി മുഷറഫിനെതിരായ രാജ്യദ്രോഹ കുറ്റത്തിന് കേസ് ഫയൽ ചെയ്തതും പ്രത്യേക കോടതി രൂപീകരിച്ച് വിചാരണ നടത്തിയതുമുൾപ്പെടെ മുഴുവൻ സർക്കാർ നടപടികളും ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചു. തുടർന്ന് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു.

പാകിസ്ഥാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഖാസി ഫായിസ് ഈസ, ജസ്റ്റിസ് സയ്യിദ് മൻസൂർ അലി ഷാഹ്, ജസ്റ്റിസ് ആമിനുദ്ധീൻ ഖാൻ, ജസ്റ്റിസ് അത്തർ മിനല്ലാഹ് എന്നിവർ ഉൾപ്പെടുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

2020ലെ സുപ്രീം കോടതിയുടെ തീരുമാനത്തെ മറികടന്നതിന് ലാഹോർ ഹൈക്കോടതിയെ ചീഫ് ജസ്റ്റിസ് രൂക്ഷമായി വിമർശിച്ചിരുന്നു.

പ്രാഥമിക ഹരജിയുടെ പരിധിക്കപ്പുറമുള്ള പ്രശ്നങ്ങൾ ലാഹോർ ഹൈക്കോടതി പരിഗണിച്ചിട്ടുണ്ടെന്നും വിധിയിൽ അപാകതകൾ ഉണ്ടെന്നും സുപ്രീം കോടതി കണ്ടെത്തി.

മുഷറഫിന്റെ സൈനിക നിയമങ്ങൾക്ക് നിയമ പരിരക്ഷ നൽകിയ ജഡ്ജിമാരെയും വിചാരണ ചെയ്യണമെന്ന് ജസ്റ്റിസ് മിനല്ല പറഞ്ഞു.

2013ലാണ് മുഷറഫിനെതിരെ അന്നത്തെ പ്രധാനമന്ത്രിയായ നവാസ് ഷരീഫിന്റെ സർക്കാർ രാജ്യദ്രോഹ കുറ്റത്തിന് കേസ് നൽകിയത്.

1999 ഒക്ടോബറിൽ സൈനിക മേധാവിയായിരുന്നു മുഷറഫ് പാർലമെന്റ് പിരിച്ചുവിടുകയും സൈനിക അട്ടിമറിയിലൂടെ ഷരീഫിനെ പുറത്താക്കുകയും ചെയ്തു. 2001ൽ സ്വയം പാകിസ്ഥാന്റെ പ്രസിഡന്റായി പ്രഖ്യാപിച്ച മുഷറഫ്, ഷരീഫിനെയും മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെയും അയോഗ്യരാക്കിക്കൊണ്ട് 2002ൽ തെരഞ്ഞെടുപ്പ് നടത്തി.

2007ൽ പാകിസ്ഥാന്റെ ജുഡീഷ്യറിയുമായ ഏറ്റുമുട്ടലിനെ തുടർന്നാണ് മുഷറഫിന്റെ പതനം ആരംഭിച്ചത്. അതേവർഷം നവംബറിൽ മുഷറഫ് ഭരണഘടന സസ്പെൻഡ് ചെയ്യുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

2009ൽ മുഷറഫിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു.

Content Highlight: Pak SC upholds death sentence to ex-Pak President Pervez Musharraf

We use cookies to give you the best possible experience. Learn more