| Tuesday, 5th March 2019, 10:05 am

ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിളിച്ച് പാക് മന്ത്രി: കര്‍ശന നടപടിയെടുക്കണമെന്ന് ഇമ്രാന്‍ ഖാന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിശേഷിപ്പിച്ച പാക്കിസ്ഥാന്‍ മന്ത്രിയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം. പാക്കിസ്ഥാനിലെ ഭരണകക്ഷിയായ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവും പഞ്ചാബ് സാംസ്‌കാരിക മന്ത്രിയുമായ ഫയാസുല്‍ ഹസന്‍ ചൗഹാനെതിരെയാണ് വിമര്‍ശനമുയരുന്നത്.

കഴിഞ്ഞമാസം നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് മന്ത്രി ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവരെന്നു വിശേഷിപ്പിച്ചത്.

“ഞങ്ങള്‍ മുസ്‌ലീങ്ങളാണ്. ഞങ്ങള്‍ക്കൊരു കൊടിയുമുണ്ട്. മൗലാനാ അലിയയുടെ ധീരതയുടെ കൊടി, ഹസ്രത് ഉംറയുടെ സാമര്‍ത്ഥ്യത്തിന്റെ കൊടി. നിങ്ങള്‍ക്ക് ആ കൊടിയില്ല. ”

“ഞങ്ങളേക്കാള്‍ ഏഴുമടങ്ങ് കരുത്തരാണ് നിങ്ങളെന്ന മിഥ്യാധാരണയോടെ പ്രവര്‍ത്തിക്കേണ്ട. ഞങ്ങള്‍ക്കുള്ളതൊന്നും നിങ്ങള്‍ക്കില്ല. നിങ്ങള്‍ വിഗ്രഹാരാധകരാണ്. ” എന്നും ചൗഹാന്‍ പറഞ്ഞിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലായിരുന്നു ചൗഹാന്റെ പ്രതികരണം.

Also read:കോഴിക്കോട് രണ്ട് ദിവസം ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മറ്റൊരാളുടെ മതത്തെ ആക്രമിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ചൗഹാനെ വിമര്‍ശിച്ചുകൊണ്ട് മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരി പറഞ്ഞു. “നമ്മുടെ ഹിന്ദു പൗരന്മാരും രാജ്യത്തിനുവേണ്ടി ത്യാഗം സഹിച്ചവരാണ്. സഹിഷ്ണുതയുടേയും ആദരവിന്റേയും സന്ദേശമാണ് നമ്മുടെ പ്രധാനമന്ത്രിയുടേത്. ഒരുതരത്തിലുള്ള മതസ്പര്‍ദ്ധയും അനുവദിച്ചുകൊടുക്കാനാവില്ല.” എന്നും മസാരി പറഞ്ഞു.

ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച പഞ്ചാബ് മന്ത്രിയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് നയീമുല്‍ ഹഖ് പറഞ്ഞത്. സര്‍ക്കാറിലെ മുതിര്‍ന്ന നേതാവിന്റെ ഈ അസംബന്ധം ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്റെ പതാക വെറും പച്ചയല്ലെന്നും ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന വെള്ളയില്ലാതെ അത് പൂര്‍ത്തിയാകില്ലെന്നും പാക് ധനമന്ത്രി അസദ് ഉമര്‍ പറഞ്ഞു. “എന്നെപ്പോലെ തന്നെ രാജ്യത്തിന് പ്രധാനമാണ് ഇവിടുത്തെ ഹിന്ദുക്കളും.” അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more