ലാഹോര്‍: ഇന്ത്യയുമായി സമാധാനമാണ് ആവശ്യമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.
കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും യുദ്ധം ഒരിക്കലും ഒരു ഓപ്ഷനല്ലെന്നും ചര്‍ച്ചയിലൂടെ ഇന്ത്യയുമായി സ്ഥിരമായ സമാധാനത്തിലെത്താനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നുമാണ് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്.
”ജമ്മു കശ്മീര്‍ വിഭജിക്കപ്പെട്ടതിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. മേഖലയില്‍ സമാധാനം നിലനിര്‍ത്താനാണ് പാകിസ്ഥാന്റെ തീരുമാനം.
യു.എന്‍ പ്രമേയങ്ങള്‍ അനുസരിച്ച് മേഖലയിലെ സുസ്ഥിര സമാധാനം എന്നത് കശ്മീര്‍ പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട് കിടക്കുകയാണ്,” പ്രധാനമന്ത്രി പറഞ്ഞു.
വ്യാപാരത്തിലും സാമ്പത്തിക വളര്‍ച്ച നേടുന്നതിലും രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലുമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരസ്പരം മത്സരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷെഹബാസ് ഷെരീഫ്.
”കശ്മീര്‍ പ്രശ്നവും പാകിസ്ഥാനില്‍ നിന്നുള്ള അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളും കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം പലപ്പോഴും വഷളായിട്ടുണ്ട്. എങ്കിലും, 2019 ഓഗസ്റ്റ് അഞ്ചിന്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി.
ഇന്ത്യയുടെ ഈ തീരുമാനം പാകിസ്ഥാനില്‍ നിന്ന് ശക്തമായ പ്രതികരണങ്ങള്‍ക്ക് കാരണമായി, അത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധത്തെയും ബാധിച്ചു. ജമ്മു കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.
ഭീകരതയും ശത്രുതയും അക്രമവുമില്ലാത്ത അന്തരീക്ഷത്തില്‍ പാകിസ്ഥാനുമായി സാധാരണ അയല്‍പക്ക ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാന്‍ അക്രമകാരിയായ ഒരു രാജ്യമല്ല. എന്നാല്‍ ആണവ ഉപകരണങ്ങളും പരിശീലനം ലഭിച്ച സൈന്യവും ഞങ്ങളുടെ പ്രതിരോധമാണ്. അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനും സൈന്യത്തിനും വേണ്ടിയാണ് പാകിസ്ഥാന്‍ അത് ചെലവഴിക്കുന്നത്, അല്ലാതെ ആക്രമണത്തിനല്ല,” പാക് പ്രധാനമന്ത്രി പറഞ്ഞു.
Content Highlight: Pak PM Shehbaz Sharif says war is not an option to resolve the Kashmir issue between India and Pakistan