ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ആരും ‘വിശുദ്ധ പശുക്കള’ല്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 2014ല്‍ പെഷവാറിലെ ആര്‍മി സ്‌കൂളില്‍ നടന്ന കൂട്ടക്കൊല കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായ ഇമ്രാന്‍ ഖാന്‍ കോടതിയോട് മറുപടി പറയുകയായിരുന്നു.
അന്നത്തെ സര്‍ക്കാരിന്റെ സുരക്ഷാ വീഴ്ചയും പിന്നീട് വന്ന ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഭീകരസംഘടനയുമായി ഒത്തുതീര്‍പ്പിലെത്തിയതും കോടതി ചോദ്യം ചെയ്തപ്പോഴാണ് ഖാന്‍ ഇത്തരത്തില്‍ മറുപടി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹ്മദ് വിളിപ്പിച്ചതനുസരിച്ചാണ് ഖാന്‍ കോടതിയില്‍ ഹാജരായത്.
2014 ഡിസംബര്‍ 16ന് നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി) ഭീകരര്‍ സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ സ്‌കൂള്‍ കുട്ടികളടക്കം 140 പേരായിരുന്നു മരിച്ചത്.
സംഭവം നടന്ന സമയത്തെ രാജ്യത്തെ പ്രധാന നേതാക്കളെ കൂടി കേസില്‍ ഉള്‍പ്പെടുത്തണമെന്നും വിചാരണ ചെയ്ത് സുതാര്യമായ അന്വേഷണം നടത്തണമെന്നുമായിരുന്നു മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം.
സംഭവം നടന്ന സമയത്ത് ഇമ്രാന്‍ ഖാന്‍ ചെയര്‍മാനായ തെഹ്‌രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു അവിടത്തെ പ്രൊവിന്‍ഷ്യന്‍ സര്‍ക്കാര്‍.
”ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ഞങ്ങള്‍ ആ സമയത്ത് ചെയ്തിട്ടുണ്ട്,” എന്ന ഇമ്രാന്‍ ഖാന്റെ മറുപടിയ്ക്ക്, നഷ്ടപരിഹാര ആവശ്യമല്ല ഈ മാതാപിതാക്കളുടേത് മറിച്ച് സംഭവദിവസം നടന്ന സുരക്ഷാ വീഴ്ചയെക്കുറിച്ചാണ് അവര്‍ക്ക് അറിയേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്.
കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടിയെടുത്ത് മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ നീതി നല്‍കണമെന്നും കോടതി പറഞ്ഞു. അന്നത്തെ സിവില്‍, മിലിറ്ററി നേതാക്കള്‍ സുരക്ഷയില്‍ കാണിച്ച അവഗണനയും വീഴ്ചയുമാണ് സമരത്തിലേയ്ക്ക് നയിച്ചതെന്ന് കോടതി പറഞ്ഞെങ്കിലും ഉന്നത ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് കേസെടുക്കാനാകില്ലെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ മുമ്പ് പറഞ്ഞത്.