ന്യൂദല്‍ഹി: 17ാമത് ലോക്‌സഭാ തെരഞ്ഞടെുപ്പില്‍ മികച്ച വിജയം നേടിയ നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുതിയ സര്‍ക്കാരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
‘ബി.ജെ.പിയുടേയും സഖ്യകക്ഷികളുടേയും തെരഞ്ഞെടുപ്പ് വിജയത്തില്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ദക്ഷിണേഷ്യയിലെ സമാധാനം, വികസനം എന്നീ വിഷയങ്ങളില്‍ ഇന്ത്യയോടൊപ്പം ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നു’- എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ട്വീറ്റ്.
പാകിസ്ഥാന്‍ ബി.ജെ.പിയുടെ തെരഞ്ഞടെുപ്പ് പ്രചരണങ്ങളില്‍ നിറഞ്ഞു നിന്ന വിഷയമായിരുന്നു. പുല്‍വാമ ഭീകരാക്രമണവും, തിരിച്ച് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണവും തെരഞ്ഞെടുപ്പിനെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചയ്ക്ക് കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറാണ് അടുത്തതായി വരാന്‍ പോകുന്നതെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ഒരു ഒത്തുതീര്‍പ്പ് ആവശ്യപ്പെടാന്‍ ഭയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ഒരു പക്ഷേ വലതുപക്ഷ പാര്‍ട്ടിയായ ബി.ജെ.പി ജയിക്കുകയാണെങ്കില്‍ കശ്മീരില്‍ വിഷയത്തില്‍ ചില തരത്തിലുള്ള ഒത്തുതീര്‍പ്പില്‍ എത്തിച്ചേരാനിടയുണ്ട്.’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.