ന്യൂദല്‍ഹി: വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങിനിടെ ഇന്ത്യന്‍ സൈനികരെ കോമാളി കാണിച്ച പാക് പേസ് ബൗളര്‍ ഹസന്‍ അലി. കഴിഞ്ഞദിവസം പതാക താഴ്ത്തല്‍ ചടങ്ങ് വീക്ഷിക്കാനെത്തിയപ്പോഴാണ് ഹസന്‍ സൈനികനെ അനുകരിച്ചത്. കൈകകള്‍ അരയില്‍ കുത്തുകയും മുഷ്ഠി ചുരുട്ടി കൈകള്‍ ഇരുവശത്തേക്കുമുയര്‍ത്തുകയുമായിരുന്നു താരം.
സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഒരു പാക് ഉദ്യോഗസ്ഥന്‍ വന്ന് ഹസന്‍ അലിയെ തിരിച്ച് ഗാലറിയിലേക്ക് കൊണ്ടുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. പാക് സൈനികന്റെ മുന്നില്‍ നിന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് അഭിമുഖമായി നിന്നായിരുന്നു അലിയുടെ “അഭ്യാസങ്ങള്‍”. സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ അലിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സൈനികര്‍ മാത്രം ചെയ്യുന്ന പ്രവര്‍ത്തി ക്രിക്കറ്റ് താരം ചെയ്തിട്ടും ആരും അത് തടയാത്തതിനെതിരെയാണ് പ്രതിഷേധങ്ങള്‍. “പാകിസ്താന്‍ സിന്ദാബാദ്”, “ജീവേ ജീവേ പാകിസ്താന്‍” തുടങ്ങിയ ആരവങ്ങള്‍ക്കൊപ്പമായിരുന്നു പാക് താരത്തിന്റെ പ്രകടനം. വാഗാ അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങ് കാണാനെത്തിയതായിരുന്നു ഹസന്‍ അലി അടക്കമുള്ള പാകിസ്താന്‍ ക്രിക്കറ്റ് അംഗങ്ങള്‍.
പാകിസ്താന്‍ എപ്പോഴും ചന്ദ്രനെപ്പോലെ ഉയരത്തില്‍ നില്‍ക്കട്ടെയെന്ന് ഇതിന് ശേഷം ഹസന്‍ അലി ട്വീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം സൈനികര്‍ മാത്രം പങ്കെടുക്കുന്ന വാഗാ അതിര്‍ത്തിയിലെ ചടങ്ങിനിടെയുണ്ടായ ഈ കോമാളിത്തരം ചടങ്ങിന്റെ മഹത്വം ഇല്ലാതാക്കിയെന്നും ഇതിനെതിരെ പാകിസ്താനെ പ്രതിഷേധം അറിയിക്കുമെന്നും ബി.എസ്.എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുകുള്‍ ഗോയല്‍ പ്രതികരിച്ചു.