| Thursday, 14th July 2022, 7:57 pm

കോഹ്‌ലിയെ ചതിച്ചത് അള്ളാഹു, രോഹിത്തിന് മാത്രം അദ്ദേഹം കഴിവ് നല്‍കി; വമ്പന്‍ പ്രസ്താവനയുമായി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി-20 പരമ്പരയില്‍ വിരാട് കോഹ്‌ലിയെ ഉള്‍പ്പെടുത്താത്തതാണ് ക്രിക്കറ്റ് ലോകത്തെ സജീവ ചര്‍ച്ചാ വിഷയം. തന്റെ പഴയ ഫോമില്‍ കളിക്കാനാവാത്തതാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്.

ശ്രേയസ് അയ്യര്‍ പോലും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടും വിരാടിനെ തഴഞ്ഞതിന്റെ കലിപ്പിലും നിരാശയിലുമാണ് ആരാധകര്‍.

രോഹിത് ശര്‍മ നായകനാകുന്ന പരമ്പര ഈ മാസം അവസാനമാണ് നടക്കുന്നത്.

എന്നാലിപ്പോള്‍ വിരാട് കോഹ്‌ലിക്ക് ദൈവം കഴിവ് നല്‍കിയില്ല എന്നുള്ള വാദവുമായി എത്തിയിരിക്കുകയാണ് പാക് ഓപ്പണര്‍ ഇമാം ഉള്‍ ഹഖ്. രോഹിത്തിന് നല്‍കിയ കഴിവ് അള്ളാഹു വിരാട് കോഹ്‌ലിക്ക് നല്‍കിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

പാക് മാധ്യമമായ സമാ ന്യൂസിനോടായിരുന്നു ഇമാമിന്റെ പ്രതികരണം.

‘രോഹിത് ശര്‍മയ്ക്ക് നല്‍കിയ കഴിവൊന്നും അള്ളാഹു വിരാട് കോഹ്‌ലിക്ക് നല്‍കിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇരുവരും ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ രോഹിത്തിന്റെ ബാറ്റിങ് കാണുമ്പോള്‍ ഞാന്‍ റിപ്ലേ കാണുകയാണോ എന്നാണ് എനിക്ക് തോന്നാറുള്ളത്.

ടൈമിങ്ങിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എനിക്ക് മനസിലായത് ഞാന്‍ പോയിന്റില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ്. വിരാട് കോഹ്‌ലി എന്റെ മുന്നില്‍ ബാറ്റ് ചെയ്തിട്ടുണ്ട്, അതുപോലെ രോഹിത് ശര്‍മയും. എന്നാല്‍ രോഹിത് ശര്‍മയ്ക്ക് മാത്രമാണ് അള്ളാഹു ഇത്ര മികച്ച ടൈമിങ് നല്‍കിയിട്ടുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്,’ ഇമാം പറഞ്ഞു.

കേവലം രണ്ട് സെക്കന്റുകള്‍ക്കുള്ളില്‍ കളി തിരിക്കാന്‍ കഴിയുന്ന താരമാണ് രോഹിത് ശര്‍മയെന്നും ഇമാം പറഞ്ഞു.

‘രണ്ട് സെക്കന്റിനുള്ളില്‍ തന്നെ കളി തിരിക്കാന്‍ സാധിക്കുന്ന താരമാണ് രോഹിത് ശര്‍മ. സെറ്റായി നില്‍ക്കുകയാണെങ്കില്‍ അവന്‍ അടിതുടങ്ങും.

രോഹിത്തിനെ പോലെ ടീമിനെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്നിങ്‌സ് കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രോഹിത്തിനെ പോലെ പാകിസ്ഥാന് വേണ്ടി കളിക്കാന്‍ സാധിച്ചാല്‍ ഞാന്‍ ഏറെ സന്തോഷവാനാണ്,’ ഇമാം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി ഹിറ്റ്മാനായിരുന്നു. രോഹിത് ശര്‍മയുടെ അണ്‍ബീറ്റണ്‍ 76ന്റെ ബലത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

എന്നാല്‍ വിരാട് കോഹ്‌ലിക്ക് തന്റെ പഴയ പെര്‍ഫോമന്‍സിന്റെ ഏഴയലത്ത് എത്താന്‍ പോലും സാധിക്കുന്നില്ല. 2019ലാണ് അദ്ദേഹം അവസാനമായി സെഞ്ച്വറി നേടിയത്.

Content Highlight: Pak opener Imam Ul Haq about Rohit Sharma and Virat Kohli

We use cookies to give you the best possible experience. Learn more