ശ്രീനഗര്‍: പാക് അധീന കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. കാശ്മീരിനും പാക് അധീന കാശ്മീരിനും സ്വയംഭരണാവകാശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യയിലെ ജനങ്ങളോടും ലോകത്തോടും എനിക്ക് പറയാനുള്ളത് പാകിസ്ഥാനുമായി ചേര്‍ന്നു നില്‍ക്കുന്ന കാശ്മീരിന്റെ ഭാഗം കാശ്മീരിന്റേതു തന്നെയാണെന്നാണ്. അതുപോലെ ഇന്ത്യയുമായി ചേര്‍ന്നു നില്‍ക്കുന്ന ഭാഗം ഇന്ത്യയുടെയും” അദ്ദേഹം ശ്രീനഗറില്‍ പാര്‍ട്ടി ആസ്ഥാനത്ത് പറഞ്ഞു.
ഈ വ്യവസ്ഥയില്‍ മാറ്റം വന്നില്ലെങ്കില്‍ എത്ര യുദ്ധം നടക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും അതുകൊണ്ട് സമാധാനം തിരിച്ചു കൊണ്ടുവരുന്നതിനായി ഇരുവിഭാഗവും സാഹചര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മദ്ധ്യസ്ഥന്റെ ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഷയമാണിത്. ഇസ്ലാമാബാദുമായാണ് ഇന്ത്യ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കേണ്ടത്. ഈ ചര്‍ച്ചകളുടെ ഭാഗമായി കാശ്മീരും വരും”, അദ്ദേഹം പറഞ്ഞു.
ആഭ്യന്തര സ്വയംഭരണം തങ്ങളുടെ അവകാശമാണെന്നും ഞങ്ങളുടെ നാട് അണുബോംബുകളാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണെന്നും അബ്ദുളള പറഞ്ഞു. “സ്വയംഭരണം നല്‍കിയാല്‍ മാത്രമേ ഇവിടെ നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിക്കുകയുള്ളു. സ്വാതന്ത്ര്യം എന്ന് പറയുന്നത് ഇവിടെയില്ല. ഞങ്ങളുടെ നാട് അടഞ്ഞ് കിടക്കുകയാണ്. ഒരു ഭാഗത്ത് ചൈനയും മറ്റ് രണ്ട് ഭാഗത്തും പാകിസ്ഥാനും ഇന്ത്യയും. എല്ലാവരുടെയും കൈകളിലും അണുബോംബുകളും ഉണ്ട്. ഏത് നിമിഷം വേണമെങ്കിലും എന്തും സംഭവിക്കാം”, ഫറൂഖ് അബ്ദുള്ള പറഞ്ഞു.