ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സഈദിന്റെ ചിത്രം ഉള്‍പ്പെടുത്തി വാര്‍ഷിക കലണ്ടര്‍ പുറത്തിറക്കി പാക് മാധ്യമം. പാകിസ്ഥാനിലെ ഉറുദു പത്രമായ ഖബ്രൈന്‍ ആണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.
പാക് മാധ്യമപ്രവര്‍ത്തകനായ ഒമര്‍ ആര്‍.ഖുറേഷിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. “ജമാഅത്തുദ്ദഅ്‌വയുടെ നേതാവായ ഹാഫിസ് സഈദിന്റെ ചിത്രം ഉള്‍പ്പെടുത്തി പാകിസ്ഥാനിലെ ഉറുദു പത്രമായ ഖബ്രൈന്‍ കലണ്ടര്‍ പുറത്തിറക്കിയെന്നായിരുന്നു” ഖുറേഷി ട്വിറ്ററില്‍ കുറിച്ചത്.
മുംബൈ ഭീകരാക്രമണത്തിന്റെ പേരില്‍ തടവിലായിരുന്ന ഹാഫിസ് സഈദിനെ മതിയായ തെളിവുകള്‍ ഇല്ലെന്ന അഭിപ്രായത്തില്‍ പാകിസ്ഥാന്‍ അടുത്തിടെ മോചിപ്പിച്ചിരുന്നു. ഹാഫിസ് സഈദിന് അഭയം നല്‍കുന്ന പാകിസ്ഥാന്റെ നടപടിയില്‍ ഇന്ത്യ നിരവധി തവണ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയുണ്ടായി.
അതേസമയം ഹാഫിസ് സഈദിന്റെത് ഉള്‍പ്പെടെയുള്ള നിരോധിത സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നവര്‍ക്ക് വന്‍തുക പിഴയും പത്തുവര്‍ഷം തടവും അടുത്തിടെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു.