| Monday, 14th November 2022, 11:10 am

'അമേരിക്ക വിചാരിച്ചാലും പാകിസ്ഥാനെ തടയാനാകില്ല'; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുമെന്ന് ആവര്‍ത്തിച്ച് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: റഷ്യന്‍ എണ്ണ പര്‍ച്ചേസ് ചെയ്യുന്നതില്‍ നിന്നും പാകിസ്ഥാനെ തടയാന്‍ അമേരിക്കക്ക് സാധിക്കില്ലെന്ന് പാക് മന്ത്രി. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഉടന്‍ തന്നെ ആരംഭിക്കാനാകുമെന്നും പാകിസ്ഥാന്റ ധനകാര്യ മന്ത്രി ഇസ്ഹാഖ് ദര്‍ (Ishaq Dar) പ്രതികരിച്ചു.

പാകിസ്ഥാനിലെ ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് (പി.എം.എല്‍-എന്‍) പാര്‍ട്ടിയിലെ അണികളെ അഭിസംബോധന ചെയ്തുകൊണ്ട് ദുബായില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മാസം യു.എസ് സന്ദര്‍ശിച്ച സമയത്ത് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരുമായി ഇസ്ഹാഖ് ദര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാന്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന കാര്യവും ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിരുന്നു.

ഇന്ത്യയെ ഉദാഹരണമായി എടുത്തുകൊണ്ട്, സമാനമായ രീതിയില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ പാകിസ്ഥാനും ശ്രമിക്കും എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇന്ത്യ നല്‍കുന്ന അതേ നിരക്ക് പാകിസ്ഥാനും ബാധകമാണെങ്കില്‍ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ തങ്ങള്‍ തയ്യാറാണ് എന്നും ഇസ്ഹാഖ് ദര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

”അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ഇക്കാര്യത്തില്‍ പാകിസ്ഥാന് അനുകൂലമായ സുപ്രധാന നടപടികള്‍ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിക്കും, അത് നിങ്ങള്‍ക്ക് കാണാം,” ഇസ്ഹാഖ് ദര്‍ പറഞ്ഞു.

പാകിസ്ഥാന്‍ സര്‍ക്കാര്‍ റഷ്യയില്‍ നിന്ന് ഗോതമ്പും ഇന്ധനവും വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം, നാറ്റോ- യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നെങ്കിലും എണ്ണ വിലയിലുണ്ടായ വലിയ വര്‍ധനവ് റഷ്യയുടെ വരുമാനത്തെ ഇടിവ് കൂടാതെ നിലനിര്‍ത്തിയിരുന്നു. ഇന്ത്യ, യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയുമായുണ്ടായിരുന്ന എണ്ണ വ്യാപാരങ്ങള്‍ നിലനിര്‍ത്തിയതും റഷ്യക്ക് ഉപകാരപ്രദമായി.

ചരിത്രപരമായി റഷ്യ ഇന്ത്യയുടെ മുന്‍നിര എണ്ണ സ്രോതസുകളിലൊന്നല്ല. എന്നാല്‍ ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ നാറ്റോ അംഗരാജ്യങ്ങളും മറ്റ് പാശ്ചാത്യന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയതോടെയാണ് റഷ്യ ഇന്ത്യക്ക് സബ്‌സിഡിയോടെ ക്രൂഡ് ഓയില്‍ നല്‍കിത്തുടങ്ങിയത്.

യു.എസ് അടക്കമുള്ള സഖ്യരാജ്യങ്ങളുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് റഷ്യയുടെ ഓഫര്‍ ഇന്ത്യ സ്വീകരിക്കുകയായിരുന്നു.

ഇതേ രീതിയില്‍ സബ്‌സിഡിയോടെ റഷ്യന്‍ എണ്ണ ലഭിക്കുമെന്നാണ് ഇപ്പോള്‍ പാകിസ്ഥാന്റെയും പ്രതീക്ഷ.

ഉക്രൈനിലെ ‘സ്‌പെഷ്യല്‍ മിലിറ്ററി ഓപ്പറേഷന്’ പിന്നാലെ നേരത്തെ, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. 90 ശതമാനം റഷ്യന്‍ എണ്ണയുടെയും ഇറക്കുമതി നിര്‍ത്തലാക്കാനായിരുന്നു തീരുമാനം. യൂറോപ്യന്‍ യൂണിയന്‍ റഷ്യക്ക് മേല്‍ ചുമത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഉപരോധ മാര്‍ഗമായിരുന്നു ഇത്.

ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, റഷ്യയുടെ വരുമാന മാര്‍ഗങ്ങള്‍ക്ക് തടയിടുക എന്നിവയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.

Content Higlight: Pak Minister says America can’t stop Pakistan from purchasing Russian oil


=

We use cookies to give you the best possible experience. Learn more