| Tuesday, 10th September 2019, 7:06 pm

'ജമ്മു കശ്മീര്‍ ഇന്ത്യന്‍ സംസ്ഥാനമാണ്'; കശ്മീര്‍ സൈന്യത്തിന്റെ തടവറയിലാണെന്നും പാക് വിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ജമ്മു കശ്മീരിനെ ഇന്ത്യന്‍ സംസ്ഥാനമെന്ന് വിശേഷിപ്പിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഷാ മെഹ്മൂദ് ഖുറേഷി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ 80 ലക്ഷത്തോളം ആളുകള്‍ സൈന്യത്തിന്റെ തടവറയിലാണെന്നും പാക് മന്ത്രി ആരോപിച്ചു. കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും ഖുറേഷി പറഞ്ഞു. ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍ എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

‘കശ്മീരില്‍ ജനജീവിതം സാധാരണ നിലയിലായെന്ന് ലോകത്തെ തോന്നിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എല്ലാം സാധാരണ നിലയിലായെങ്കില്‍ യാഥാര്‍ഥ്യം എന്താണെന്ന് അറിയാന്‍ എന്തുകൊണ്ട് അവര്‍ വിദേശ മാധ്യമങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും എന്‍.ജി.ഒകളെയും ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീരിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല? അവര്‍ നുണ പറയുകയാണ്. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ യാഥാര്‍ഥ്യം പുറത്തുവരും. അവിടെ നടക്കുന്ന മഹാദുരന്തത്തെക്കുറിച്ച് ലോകം അറിയും’- ഖുറേഷി പറഞ്ഞു.

കശ്മീരിലെ വ്യാപാരസ്ഥാപനങ്ങളില്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതായും അടിയന്തര വൈദ്യസഹായം പോലും ലഭിക്കുന്നില്ലെന്നും ഖുറേഷി യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ആരോപിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നും ഖുറേഷി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ വിഷയം യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉന്നയിക്കാന്‍ ഖുറേഷിയുടെ നേതൃത്വത്തിലുള്ള നയതന്ത്ര സംഘമാണ് ജനീവയിലെത്തിയത്.

വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിങ്ങിന്റെ നേതൃത്വത്തിലെ സംഘമാണ് കൗണ്‍സിലില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മുമ്പ് യു.എന്‍. രക്ഷാസമിതിയില്‍ കശ്മീര്‍ വിഷയം പാകിസ്താന്‍ ഉന്നയിച്ചെങ്കിലും തിരിച്ചടിയാണ് നേരിട്ടത്.

We use cookies to give you the best possible experience. Learn more