ഇസ്‌ലാമാബാദ്: മുഹമ്മദ് നബിക്കും ഇസ്‌ലാമിനുമെതിരെ സിനിമയെടുത്ത സംവിധായകനെ വധിക്കാന്‍ പാക് മന്ത്രിയുടെ ആഹ്വാനം. സംവിധായകനെ വധിച്ചാല്‍ ഒരു ലക്ഷം ഡോളര്‍ പാരിതോഷികമായി നല്‍കുമെന്നാണ് പാക് റെയില്‍ വേ മന്ത്രിയായ ഗുലാം അഹമ്മദ് ബിലൗര്‍ പറഞ്ഞത്. ഇന്നലെ പെഷാവാറില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഗുലാം അഹമ്മദിന്റെ വിവാദപ്രസ്താവന. സംവിധായകനെ വധിക്കുന്നവര്‍ക്ക് സ്വന്തം കൈയ്യില്‍ നിന്ന് ഇനാം നല്‍കുമെന്നാണ് മന്ത്രി പറഞ്ഞത്. []
ഈ “വിശുദ്ധയജ്ഞ”ത്തില്‍ പങ്കുചേരാന്‍ താലിബാന്‍, അല്‍ഖ്വെയ്ദ തീവ്രവാദികളോടും ബിലൗര്‍ ആവശ്യപ്പെട്ടു. കൊല നടത്താന്‍ പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സമ്മതിച്ച മന്ത്രി പക്ഷേ, മുഹമ്മദ് നബിയുടെ പേരില്‍ തൂക്കിലേറാന്‍ തയ്യാറാണെന്നും പറഞ്ഞു.
സിനിമയ്‌ക്കെതിരെ പാക്കിസ്ഥാനില്‍ ജനരോഷം കത്തിയാളുന്നതിനിടയിലാണ് എരിതീയില്‍ എണ്ണയൊഴിക്കുന്ന മന്ത്രിയുടെ പ്രസ്താവന. സിനിമയ്‌ക്കെതിരെ പാക്കിസ്ഥാനില്‍ മാത്രം നടന്ന ആക്രമണത്തില്‍ ഏതാണ്ട് 23 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ വിശദീകരണവുമായി പാക് സര്‍ക്കാര്‍ എത്തിയിട്ടുണ്ട്. മന്ത്രിയുടെ പ്രഖ്യാപനത്തോട് പൂര്‍ണമായി വിയോജിക്കുന്നതായി പ്രധാനമന്ത്രി അഷറഫിന്റെ വക്താവ് ഷഫ്ഖത് ജലീല്‍ അറിയിച്ചു. ഭരണമുന്നണിയിലെ ഘടകകക്ഷികളിലൊന്നായ അവാമി നാഷണല്‍ പാര്‍ട്ടി(എ.എന്‍.പി.)യുടെ നേതാവാണ് മന്ത്രി ബിലൗര്‍. മന്ത്രിയുടെ പ്രസ്താവന വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ നയമല്ലെന്നും ബി.എന്‍.പി. വൃത്തങ്ങള്‍ അറിയിച്ചു. ബിലൗറിനെതിരെ പാര്‍ട്ടി നടപടിയെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി.