| Thursday, 29th October 2020, 8:32 pm

പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാക് സര്‍ക്കാര്‍; ഇമ്രാന്‍ ഖാന്റെ ഭരണനേട്ടമെന്ന് പാക് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ പുല്‍വാമ ഭീകരാക്രമണം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭരണത്തിന്‍ കീഴിലുണ്ടായ വലിയ നേട്ടമാണെന്ന് പാക് ശാസ്ത്ര-സാങ്കേതിക മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി. പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

‘ഇന്ത്യയെ ഞങ്ങള്‍ അവരുടെ തട്ടകത്തില്‍ കയറി അടിച്ചു. പുല്‍വാമയിലെ ഞങ്ങളുടെ വിജയം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണ്. നിങ്ങളും ഞങ്ങളും ആ വിജയത്തിന്റെ ഭാഗമാണ്, ഫവാദ് ചൗധരി പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ പറഞ്ഞു.

എന്നാല്‍ ചൗധരിയുടെ പ്രസ്താവനയ്ക്ക് ശേഷം സഭയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ചൗധരി താന്‍ പറഞ്ഞതില്‍ തെറ്റുണ്ടെന്നും പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഇന്ത്യയില്‍ കയറി ആക്രമിച്ചതെന്നാണ് പറഞ്ഞതെന്ന് ചൗധരി പറഞ്ഞു.

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയും തമ്മില്‍ നടന്ന കൂടിക്കാഴ്ച സംബന്ധിച്ച്, പ്രതിപക്ഷ നേതാവ് അയാസ് സാദിഖിന്റെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് ചൗധരിയുടെ വിവാദ പ്രസ്താവന.

2018 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. പട്ടാളക്കാര്‍ സഞ്ചരിച്ച് ട്രക്കിലേക്ക് ബോംബ് നിറച്ച് കാറുമായി ചാവേര്‍ ആക്രമണം നടക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിന് തിരിച്ചടിയായി പാകിസ്താനിലെ ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകള്‍ ഇന്ത്യ ആക്രമിക്കുകയും തുടര്‍ന്ന് ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിലേക്ക് വരെ കാര്യങ്ങളെത്തുമെന്ന ആശങ്ക പരക്കുകയും ചെയ്തിരുന്നു.

അതേസമയം ബാലാക്കോട്ടില്‍ ബി.ജെ.പി സര്‍ക്കാര്‍ അവകാശപ്പെടുന്ന തരത്തിലുള്ള ആക്രമണങ്ങളോ തീവ്രവാദികള്‍ കൊല്ലപ്പെടലോ ഉണ്ടായിട്ടില്ലെന്ന് പാകിസ്താന്‍ അറിയിച്ചിരുന്നു. രാജ്യാന്തര വാര്‍ത്ത ഏജന്‍സികളും സമാനമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Pak minister admits their hand in pulwama attack

We use cookies to give you the best possible experience. Learn more