| Wednesday, 13th January 2016, 8:28 am

ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണത്തിന് പിന്നില്‍ പാക് സൈനിക ഉദ്യോഗസ്ഥര്‍: അഫ്ഗാനിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് സൈനിക ഉദ്യോഗസ്ഥരെന്ന് അഫ്ഗാനിസ്ഥാന്‍. കോണ്‍സുലേറ്റ് ആക്രമിച്ചതില്‍ 99 ശതമാനം പാക് സൈനികരാണെന്നത് തങ്ങളുടെ കണ്ണു കൊണ്ട് കണ്ടതാണ്. പ്രത്യേക സൈനിക തന്ത്രമാണ് ഭീകരര്‍ ഉപയോഗിച്ചതെന്നും  ബാല്‍ഹ് പ്രവിശ്യ സൈനിക മേധാവി സയിദ് കമല്‍ സാദത് പറഞ്ഞു.

ജനുവരി 3നാണ് മസാരെ ശരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആക്രമണം നടന്നിരുന്നത്. 25 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ആക്രമണം നടത്തിയ 4 ഭീകരരെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഒരു അഫ്ഗാന്‍ സൈനികനും 4 സിവിലിയന്‍സും കൊല്ലപ്പെട്ടിരുന്നു.

ഭീകരര്‍ ഉര്‍ദുവിലാണ് സംസാരിച്ചതെന്നും പാഷ്തു, ദാരി തുടങ്ങിയ ഭാഷകളൊന്നും അറിയാത്ത ഇവര്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിക്കാതെ അക്രമണം നടത്താന്‍ കഴിയില്ലെന്നും സാദത് പറഞ്ഞു.

കോണ്‍സുലേറ്റിന് എതിര്‍വശത്തുള്ള കെട്ടിടത്തിലേക്ക് ഭീകരരെ എത്താന്‍ സഹായിച്ചവരെ പിടികൂടുമെന്നും സാദത്ത് പറഞ്ഞു. സുരക്ഷാ ഭടന്‍മാര്‍ ചെറുത്ത് നിന്നതിനെ തുടര്‍ന്ന് ഭീകരര്‍ക്ക് കോണ്‍സുലേറ്റിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.

We use cookies to give you the best possible experience. Learn more