| Thursday, 28th June 2012, 8:57 am

സരബ്ജിത്തിന്റെ മോചനം: പേരുമാറിയതല്ല, പാക് നിലപാടിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ സമ്മര്‍ദ്ദമെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത് സിങ്ങിന്റെ മോചനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ മലക്കംമറിച്ചില്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. പേരുമാറിയതാണെന്ന പാക്കിസ്ഥാന്റെ വിശദീകരണം വെറും തന്ത്രമാണെന്നുള്ള സംശയമാണ് ഉയരുന്നത്. സരബ്ജിത്തിനെ വിട്ടയക്കാനുള്ള പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ തീരുമാനം ചില തീവ്രവാദി സംഘടനകളുടെ സമ്മര്‍ദ്ദഫലമായി മാറ്റിയെന്ന റിപ്പോര്‍ട്ടും ബലപ്പെട്ടിട്ടുണ്ട്.

തീവ്രവാദി സംഘടനകളുടെ സമ്മര്‍ദ്ദഫലമായി സരബ്ജിത്ത് എന്നത് സുര്‍ജിത്ത് എന്നാക്കിയതാണെന്നാണ് സരബ്ജിത്തിന്റെ ബന്ധുക്കളും ആരോപിക്കുന്നത്. സരബ്ജിത്തിനെ വിട്ടയക്കാനുള്ള തീരുമാനം ജമാ അത്തെ ഇസ്‌ലാമി, ജമാ അത്തുദ്ദവ എന്നീ ഇസ്‌ലാമിക സംഘടനകള്‍ എതിര്‍ത്തിരുന്നു. സരബ്ജിത്തിനെ വിടാന്‍ തീരുമാനിക്കുന്നതിന് മുമ്പ് സംഝോത തീവ്രവാദികളെയോ ഇന്ത്യന്‍ ജയിലില്‍ തടവില്‍ കഴിയുന്ന പാക്കിസ്ഥാനികളെയോ വിട്ടയക്കണമെന്ന നിബന്ധന പോലും പാക്കിസ്ഥാന്‍ വെച്ചില്ലെന്ന് ലഷ്‌കര്‍ അനുഭാവ സംഘടനയായ ജമാ അത്തുദ്ദവ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഇല്ലാത്ത പാര്‍ട്ടിയുള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമായി പാക്കിസ്ഥാന്‍ തീരുമാനം മാറ്റുകയായിരുന്നെന്നാണ് പാക് ജിയോ ടിവിയിലെ അവതാരകന്‍ ഹാമിദ് മിര്‍ ഇന്ത്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.  ചൊവ്വാഴ്ച രാത്രിയാണ് പാക് ടെലിവിഷന്‍ ചാനലുകള്‍ സരബ്ജിത്തിനെ മോചിപ്പിക്കുന്ന വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. തുടര്‍ന്ന് ഇന്ത്യന്‍ ചാനലുകളും വാര്‍ത്ത നല്‍കി.

പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ ഇന്ത്യന്‍ ചാനലുകളടക്കമുള്ള മാധ്യമങ്ങളോട് മോചനവാര്‍ത്ത ശരിവെച്ചിരുന്നു. എന്നാല്‍ പിന്നീട് മോചിപ്പിക്കുന്നത് സരബ്ജിത്തിനെയല്ല, പഞ്ചാബിലെ തന്നെ ഫിദ്ദെ ഗ്രാമക്കാരനായ സുര്‍ജിത് സിങ്ങിനെയാണെന്ന വിശദീകരണവുമായി പ്രസിഡന്റിന്റെ വക്താവ് രംഗത്തുവരികയായിരുന്നു.

സിയ ഉല്‍ ഹഖിന്റെ ഭരണകാലത്ത് അതിര്‍ത്തിയില്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് സുര്‍ജിത്തിനെ പാകിസ്താന്‍ പട്ടാളം അറസ്റ്റുചെയ്തത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സുര്‍ജിത് സിങ് 31 വര്‍ഷമായി കോട് ലഖ്പത്‌റായ് ജയിലിലാണ്.

1990ല്‍ ലാഹോറിലും മുള്‍ട്ടാനിലും 14 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനപരമ്പരയില്‍ പ്രതിയെന്നാരോപിച്ചാണ് സരബ്ജിത്തി(49)നെ പാകിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷനടപ്പാക്കുന്നത് നീട്ടിവെച്ചതിനാല്‍ കോട് ലഖ്പത്‌റായ് ജയിലിലാണ് സരബ് ഇപ്പോള്‍.

അറിയാതെ അതിര്‍ത്തി മുറിച്ചുകടന്നതല്ലാതെ താന്‍ കുറ്റമൊന്നും ചെയ്തില്ലെന്ന വ്യകതമാക്കി സരബ്ജിത് സിങ് പാക് പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയിരുന്നു. പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ ഒപ്പിട്ടതടക്കം അഞ്ച് ദയാഹര്‍ജികള്‍ ഇതിനകം സരബ്ജിത്തിന്റെ മോചനത്തിനായി നല്‍കിയിട്ടുണ്ട്.

അതേസമയം, സരബ്ജിത്തിനെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പാക്കിസ്ഥാനെ സമീപിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. സരബ്ജിത്തിന്റെ കാര്യത്തിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ വിഷമമുണ്ടെന്നും അദ്ദേഹത്തിനെ മോചിപ്പിക്കണമെന്ന് പാക് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വിദേശ കാര്യമന്ത്രി എസ്.എം കൃഷ്ണ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more