രോഹിത് ശര്‍മക്ക് പോലും നിര്‍ദേശം കൊടുക്കുന്നവന്‍, ഇനി ഇവന്‍ വേണം നയിക്കാന്‍; ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് പിന്നാലെ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനെ കണ്ടെത്തി വസീം അക്രമും വഖാര്‍ യൂനിസും
ഏറെ ആവേശത്തോടെയാണ് മെല്‍ബണില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് അന്ത്യമായത്. അതിനാടകീയത നിറഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന രണ്ട് ഓവറുകളിലായിരുന്നു കളി കീഴ്‌മേല്‍ മറിഞ്ഞത്.
19ാം ഓവറില്‍ വിരാട് കോഹ്‌ലി നേടിയ രണ്ട് സിക്‌സറും അവസാന ഓവറില്‍ കോഹ്‌ലിയുടെയും അശ്വിന്റെയും മനഃസാനിധ്യവും ദിനേഷ് കാര്‍ത്തിക്കിന്റെ വിക്കറ്റിനിടയിലെ ഓട്ടവും ഇന്ത്യയെ വിജയത്തിലെത്തിച്ചു.
അവസാന പന്തില്‍ സിംഗിള്‍ നേടിയ അശ്വിന്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുമ്പോള്‍ മെല്‍ബണ്‍ ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു. നാല് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ പരാജയം.
53 പന്തില്‍ നിന്നും പുറത്താവാതെ 82 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയായിരുന്നു ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. കോഹ്‌ലിക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ഇന്നിങ്‌സില്‍ കരുത്തായി.
പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനെ കണ്ടെത്തിയിരിക്കുകയാണ് പാക് ഇതിഹാസങ്ങളായ വഖാര്‍ യൂനിസും വസീം അക്രമും. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഹര്‍ദിക് പാണ്ഡ്യയെയാണ് ഇരുവരും തെരഞ്ഞെടുക്കുന്നത്.
‘ഹര്‍ദിക്കിനെയാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. അവന്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി വന്നാല്‍ പോലും ഞാന്‍ അത്ഭുതപ്പെടില്ല,’ വഖാര്‍ യൂനിസ് പറഞ്ഞു.
‘അവന്‍ ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുകയും ആദ്യ സീസണില്‍ തന്നെ കപ്പ് നേടിക്കൊടുക്കുകയും ചെയ്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് നിര്‍ദേശം കൊടുക്കുകയും കാര്യങ്ങള്‍ പെട്ടെന്ന് പഠിച്ചെടുക്കുകയും ശാന്തനായി തുടരുകയും ചെയ്യുന്നതിനാല്‍ ടീമില്‍ ഹര്‍ദിക്കിന് വലിയ സ്വാധീനമാണുള്ളത്,’ എന്നായിരുന്നു വസീം അക്രം പറഞ്ഞത്.
അതേസമയം, ബാറ്റിങ്ങിസലും ബൗളിങ്ങിലും ഹര്‍ദിക് കസറിയിരുന്നു. കോഹ്‌ലിക്കൊപ്പം സെഞ്ച്വറി പാര്‍ട്‌നര്‍ഷിപ്പ് പടുത്തുയര്‍ത്തുക മാത്രമല്ല പാകിസ്ഥാന്റെ ബാറ്റിങ് നിരയെ എറിഞ്ഞിടുകയും ചെയ്തിരുന്നു.
37 പന്തില്‍ നിന്നും 40 റണ്‍സ് നേടിയ പാണ്ഡ്യ മൂന്ന് വിക്കറ്റും നേടിയിരുന്നു. നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഷദാബ് ഖാന്‍, ഹൈദര്‍ അലി, മുഹമ്മദ് നവാസ് എന്നിവരെയാണ് പാണ്ഡ്യ നിലയുറപ്പിക്കും മുമ്പേ മടക്കിയത്.
Content highlight: Pak legends Waqar Yunis and Wasim Akram identifies Hardik Pandya as India’s next captain