| Saturday, 5th November 2022, 7:55 am

ഒറ്റ പാകിസ്ഥാന്‍ ക്യാപ്റ്റന് പോലും അത്രത്തോളം കമ്മിറ്റ്‌മെന്റ് ഞാന്‍ കണ്ടിട്ടില്ല, പക്ഷേ അവനത് ചെയ്തു; വിരാടിനെ വാനോളം പുകഴ്ത്തി പാക് ലെജന്‍ഡ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ഒരു ബാറ്റര്‍ എന്ന നിലയില്‍ മാത്രമല്ല ക്യാപ്റ്റന്‍ എന്ന നിലയിലും വിരാട് ഇന്ത്യക്ക് നേടിത്തന്ന നേട്ടങ്ങള്‍ ചെറുതല്ല. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മോസ്റ്റ് സക്‌സസ്ഫുള്‍ ടെസ്റ്റ് നായകന്‍ വിരാട് തന്നെയാണ്.

ബാറ്റിങ്ങില്‍ മാത്രമല്ല, ഫിറ്റ്‌നെസ്സിന്റെ കാര്യത്തിലും വിരാട് മുന്‍പന്തിയില്‍ തന്നെയാണ്. ഫിറ്റ്‌നെസ്സിന്റെ പേരില്‍ വിരാടിനെ ടീമില്‍ നിന്നും ഒഴിവാക്കേണ്ട സാഹചര്യം വളരെ അപൂര്‍വമായി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ക്രിക്കറ്റിനോടുള്ള വിരാടിന്റെ പാഷനെ കുറിച്ചും അദ്ദേഹത്തിന്റെ ഫിറ്റ്‌നെസ്സിനെ കുറിച്ചുമെല്ലാം പറഞ്ഞിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റിലെ അതികായരായ വസീം അക്രമും വഖാര്‍ യൂനിസും.

വിരാടിന് ക്രിക്കറ്റിനോടുള്ള പാഷന്‍ അപാരമാണെന്നും ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുകയോ ടീമില്‍ നിന്നും പുറത്താവുകയോ ചെയ്തിട്ടില്ലെന്നും ഒരു ബാറ്റര്‍ എന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്തതെന്നും അവര്‍ പറയുന്നു.

‘മറ്റേതെങ്കിലും താരമായിരുന്നെങ്കില്‍ ക്യാപ്റ്റന്‍സി നഷ്ടപ്പെട്ടതിന് ശേഷം ക്രിക്കറ്റിനോടുള്ള ഇന്ററസ്റ്റ് തന്നെ നഷ്ടപ്പെട്ടേനെ. എന്നാല്‍ അക്കാര്യം മനസിലേക്കെടുക്കാന്‍ പോലും അവന്‍ ശ്രമിച്ചിരുന്നില്ല. വിരാടിന്റെ തീവ്രമായ കളിശൈലിയിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല,’ വസീം അക്രം പറയുന്നു.

‘ഒരു പ്രശ്‌നമുണ്ടാക്കുന്നതിന് പകരം അവന്‍ ആ തീരുമാനത്തെ സ്വാഗതം ചെയ്തു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഞാന്‍ പുറത്തായാല്‍ അത് എന്നെ സംബന്ധിച്ച് വലിയ കുഴപ്പമുള്ള കാര്യമൊന്നുമല്ല. ഒരു ബാറ്റര്‍ എന്ന നിലയിലും ഒരു ഫീല്‍ഡര്‍ എന്ന നിലയിലും ഞാന്‍ മികച്ച പ്രകടനം കാഴ്ചവെക്കും എന്നായിരുന്നു വിരാട് പറഞ്ഞത്,’ എ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ അക്രം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ ടീമില്‍ നിന്നും ഒരാളെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുകയാണെങ്കില്‍ ഇതായിരിക്കില്ല അനുഭവമെന്നാണ് വഖാര്‍ യൂനിസ് പറയുന്നത്.

‘പാകിസ്ഥാന്‍ ടീമില്‍ നിന്നും ഒരാള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താവുകയാണെങ്കില്‍ അവന്‍ നേരെ വീട്ടിലേക്ക് പോകും. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയ ശേഷം ഒരു പ്ലെയറായി ടീമിനൊപ്പം കളിക്കുന്ന ഒരു പാകിസ്ഥാന്‍ താരത്തെ പോലും ഞാന്‍ കണ്ടിട്ടില്ല,’ വഖാര്‍ യൂനിസ് പറയുന്നു.

അതേസമയം, ടി-20 ലോകകപ്പില്‍ മികച്ച പ്രകടനമാണ് വിരാട് കാഴ്ച വെക്കുന്നത്. മൂന്ന് അര്‍ധ സെഞ്ച്വറികളും രണ്ട് മാന്‍ ഓഫ് ദി മാച്ചും നേടിയ വിരാട് ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡും കൈപ്പിടിയിലൊതുക്കിയിരുന്നു.

Content Highlight: Pak Legends praises Virat Kohli

We use cookies to give you the best possible experience. Learn more