ഇന്ത്യന്‍ ഓപ്പണിങ് ഡുവോ രോഹിത് ശര്‍മയെയും കെ.എല്‍. രാഹുലിനെയും രൂക്ഷമായി വിമര്‍ശിച്ച് പാക് ലെജന്‍ഡ് ഷോയിബ് അക്തര്‍. ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ ഓപ്പണിങ്ങില്‍ ഇരുവരും പരാജയപ്പെട്ടുവെന്നും രണ്ട് പേര്‍ക്കും പേടിയുള്ളതുപോലെ തോന്നിയെന്നുമാണ് അക്തറിന്റെ വിമര്‍ശനം.
പാകിസ്ഥാനെതിരായ മത്സരത്തില്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കാനോ മികച്ച ഇന്നിങ്‌സ് കെട്ടിപ്പെടുക്കാനോ ഇരുവര്‍ക്കുമായിരുന്നില്ല.
എട്ട് പന്തില്‍ നിന്നും നാല് റണ്‍സുമായി നസീം ഷായുടെ പന്തില്‍ രാഹുല്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ ഏഴ് പന്തില്‍ നിന്നും നാല് റണ്‍സുമായി ഹാരിസ് റൗഫിന്റെ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദിന് ക്യാച്ച് നല്‍കിയായിരുന്നു രോഹത്തിന്റെ മടക്കം.
ഇന്ത്യന്‍ സ്‌കോര്‍ പത്തില്‍ നില്‍ക്കവെ രണ്ട് ഓപ്പണര്‍മാരും കൂടാരം കയറിയിരുന്നു. എന്നിരുന്നാലും വണ്‍ ഡൗണായി എത്തിയ വിരാട് കോഹ്ലിയുടെയും ആറാമനായി കളത്തിലിറങ്ങിയ ഹര്‍ദിക് പാണ്ഡ്യയുടെയും ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകായയിരുന്നു.
മത്സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കിലും ഇന്ത്യയുടെ മുന്‍ നിരയിലെ വിള്ളല്‍ അങ്ങനെയങ്ങ് വിട്ടുകളയാന്‍ ക്രിക്കറ്റ് അനലിസ്റ്റുകളും മുന്‍ സൂപ്പര്‍ താരങ്ങളും തയ്യാറായിരുന്നില്ല. ഇരുവരുടെയും മോശം പ്രകടനത്തിന് പിന്നാലെ ശക്തമായ വിമര്‍ശനുവുമായി രംഗത്തെത്തിയിരിക്കുകയാണ് അക്തര്‍.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അക്തര്‍ ഇക്കാര്യംപറഞ്ഞത്.
‘ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരരെയും പേടിയോടെയാണ് മത്സരത്തില്‍ കാണപ്പെട്ടത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ശര്‍മ ഇനിയും ശാന്തനാകണം. ഇത് അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്.
എക്‌സ്ട്രാ ഫോക്കസ് ആവുന്നതാണ് കെ.എല്‍. രാഹുലിന്റെ പ്രശ്‌നം. അവന്‍ അതിനുള്ളില്‍ അകപ്പെട്ടതുപോലെയാണ് തോന്നുന്നത്. അവന്‍ അങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ല,’ അക്തര്‍ പറഞ്ഞു.
നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തന്നെയായിരിക്കും ഇരുവരും ഒരുങ്ങുന്നത്.
സിഡ്‌നിയിലാണ് മത്സരം നടക്കുന്നത്. എന്നാല്‍ രണ്ടാം മത്സരം ത്രിശങ്കുവിലാവാനാണ് സാധ്യതയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മഴ ഭീഷണി തന്നെയാണ് വ്യാഴാഴ്ചയും ഇന്ത്യക്ക് മുമ്പിലുള്ളത്.
മത്സരം നടക്കുന്ന വ്യാഴാഴ്ചയും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് ഓസ്ട്രേലിയ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
മഴ തടസപ്പെടുത്തുകയാണെങ്കില്‍ മത്സരം പൂര്‍ണമായും ഉപേക്ഷിച്ചേക്കും. അങ്ങനെ ഉപേക്ഷിക്കുകയാണെങ്കില്‍ അത് ഇന്ത്യയുടെ ലോകകപ്പ് മുന്നേറ്റത്തെ പ്രതികൂലമായി തന്നെ ബാധിച്ചേക്കും.
അഞ്ച് ഓവര്‍ വീതമെങ്കിലും ഇരുടീമുകളും കളിച്ചാല്‍ മാത്രമേ മത്സരം നടത്താന്‍ സാധിക്കുകയുള്ളൂ, അല്ലാത്ത പക്ഷം മത്സരം റദ്ദാക്കിയേക്കും.
ഇന്ത്യയുടെ ആദ്യ മത്സരത്തിന്റെ സമയത്തും മഴ വില്ലനായേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 90 ശതമാനവും മഴക്ക് സാധ്യത കല്‍പിച്ചിരുന്നെങ്കിലും മഴ അകന്നുനില്‍ക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകളും പൂര്‍ണമായും കളിക്കുകയും അവസാന പന്തില്‍ ഇന്ത്യ വിജയം പിടിച്ചടക്കുകയുമായിരുന്നു.
Content Highlight: Pak legend Shoaib Akhtar slams KL Rahul and Rohit Sharma