ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ത്രില്ലടിപ്പിച്ച മാച്ച് ഫിനിഷായിരുന്നു 2022 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മെലബണ്‍ ടി-20.
പാകിസ്ഥാന്റെ ലോകോത്തര ബൗളിങ് നിരയെ കടന്നാക്രമിച്ചുകൊണ്ട് വിരാട് കോഹ്‌ലി ഇന്ത്യക്ക് ഐതിഹാസിക ജയം സമ്മാനിക്കുകയായിരുന്നു. തോറ്റു എന്ന് കരുതിയിടത്ത് നിന്നുമാണ് വിരാട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ വിരാട് പാകിസ്ഥാന്റെ കയ്യില്‍ നിന്നും വിജയം തട്ടിപ്പറിച്ച് ഇന്ത്യക്ക് നല്‍കുകയായിരുന്നു. അവസാന രണ്ട് ഓവറുകളിലാണ് പാകിസ്ഥാന്റെ നെഞ്ചില്‍ ഇടിത്തീ വീഴ്ത്തി വിരാട് കത്തിക്കയറിയത്.
വിരാടിന്റെ പ്രകടനത്തെ പുകഴ്ത്തി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. പാക് ഇതിഹാസ താരം ഷോയ്ബ് അക്തറാണ് ഇപ്പോള്‍ വിരാടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. വിരാടിനെ പുകഴ്ത്തുന്നതിനൊപ്പം വളരെ വിചിത്രമായ ഒരു ആവശ്യവും താരം മുന്നോട്ട് വെച്ചിട്ടുണ്ട്.
മത്സരം തോറ്റെങ്കിലും പാകിസ്ഥാന്‍ താരങ്ങളായ ഇഫ്തിഖര്‍ അഹമ്മദിനെയും ഷാന്‍ മസൂദിനെയും താരം പ്രശംസിച്ചു. ബാറ്റിങ് നിരയില്‍ തിളങ്ങിയ ഇരുവരും അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.
‘പാകിസ്ഥാന്‍ മികച്ച രീതിയില്‍ തന്നെ കളിച്ചു. എല്ലാ താരങ്ങളും അവരുടെ മികച്ച പ്രകടനം തന്നെ ടീമിനായി നല്‍കിയ മത്സരമായിരുന്നു അത്,’ അക്തര്‍ പറയുന്നു.
‘നിങ്ങള്‍ എല്ലാ വിധത്തിലും തളര്‍ന്നുപോകുമ്പോള്‍ നിങ്ങളുടെ ശരിയായ ക്യാരക്ടര്‍ പുറത്ത് വരും. നിങ്ങള്‍ ധൈര്യമുള്ളവനാണെങ്കില്‍ വീണിടത്ത് നിന്നും ഉയിര്‍ത്തെഴുന്നേറ്റ് വരാന്‍ സാധിക്കും. ഇതുതന്നെയാണ് വിരാട് ചെയ്തതും.
തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് വിരാട് കളിച്ചത്. അവന്‍ ടി-20യില്‍ നിന്നും ഉടന്‍ തന്നെ വിരമിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.
കാരണം അവന്‍ തന്റെ മുഴുവന്‍ അധ്വാനവും ഷോര്‍ട്ടസ്റ്റ് ഫോര്‍മാറ്റില്‍ ഉപയോഗിക്കുന്നത് എനിക്ക് കാണേണ്ട. ഇതേ വിശ്വാസത്തില്‍ കളിക്കുകയാണെങ്കില്‍ അവന് ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറി നേടാന്‍ സാധിക്കും,’ അക്തര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ 159 റണ്‍സില്‍ പാകിസ്ഥാനെ എറിഞ്ഞൊതുക്കുകയായിരുന്നു. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ കരുത്തായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരാട് കോഹ്‌ലിയുടെയും ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സിലായിരുന്നു പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.
ഒക്ടോബര്‍ 27നാണ് ഇന്ത്യയുടെ അടുത്ത മത്സരം. നെതര്‍ലന്‍ഡ്സാണ് എതിരാളികള്‍.