ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരങ്ങളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും. അവരവരുടെ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തിയ താരങ്ങള്‍ കൂടിയാണ് ഇവര്‍.
സച്ചിന്‍ പാഡഴിച്ചപ്പോള്‍ അദ്ദേഹത്തിന് പകരക്കാരനായി ആര്‍ക്കും വരാന്‍ സാധിക്കില്ല എന്നായിരുന്നു ക്രിക്കറ്റ് ലോകം കരുതിയത്. എന്നാല്‍ സച്ചിനില്‍ നിന്നും ഏറ്റുവാങ്ങിയ ദീപശീഖ വിരാട് കൂടുതല്‍ ഉയരത്തില്‍ തെളിയിക്കുകയും ഇന്ത്യന്‍ ക്രിക്കറ്റിനെ മുമ്പോട്ട് കൊണ്ടുപോവുകയും ചെയ്തിരുന്നു.
സച്ചിന്റെ പല റെക്കോഡുകളും ഇതിനോടകം വിരാട് തന്റെ പേരിലാക്കിയിട്ടുണ്ട്. സച്ചിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ക്കാന്‍ നിലവില്‍ വിരാടിന് മാത്രമേ സാധിക്കൂ എന്നാണ് വിശ്വസിക്കുന്നത്. ഇരുവരുടെയും പിന്‍ഗാമിയായി ശുഭ്മന്‍ ഗില്ലും ഉദയം ചെയ്തിട്ടുണ്ട്.
ക്രിക്കറ്റില്‍ വിരാടിനെ സച്ചിനുമായി താരതമ്യം ചെയ്യുന്നത് പതിവാണെങ്കിലും അക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് സച്ചിന്റെ എക്കാലത്തെയും മികച്ച റൈവലും ക്രിക്കറ്റ് ഇതിഹാസവുമായ ഷോയ്ബ് അക്തര്‍.
സച്ചിന്‍ ടെന്‍ഡുക്കര്‍ ഇതിഹാസ താരമാണെന്നും വിരാട് നിലവിലെ ഏറ്റവും മികച്ച ക്രിക്കറ്ററാണെന്നും മണ്ടന്‍മാര്‍ക്ക് മാത്രമേ ഇരുവരെയും താരതമ്യം ചെയ്യാന്‍ സാധിക്കൂ എന്നും റേഡിയോ സിറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞു.
‘സച്ചിനാണ് മികച്ച ബാറ്റര്‍, മണ്ടന്‍മാര്‍ക്ക് മാത്രമേ വിരാടിനെ അദ്ദേഹവുമായി താരതമ്യം ചെയ്യാന്‍ സാധിക്കൂ. അദ്ദേഹത്തെ പോലെ ഇംപാക്ട് ഉണ്ടാക്കിയ ഒരു താരം അതിന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. സച്ചിനാണ് എല്ലാത്തിന്റെയും അത്യുന്നതങ്ങളില്‍ നില്‍ക്കുന്നത്. വിരാട് നിലവിലെ ഏറ്റവും മികച്ച ബാറ്ററാണ്,’ അക്തര്‍ പറഞ്ഞു.
നേരത്തെ താനടക്കമുള്ള നിരവധി പേസ് ബൗളര്‍മാരെ നേരിടേണ്ടി വന്നതിനാല്‍ സച്ചിന്റെ കാര്യത്തില്‍ തനിക്ക് സഹതാപമുണ്ടെന്ന് അക്തര്‍ പറഞ്ഞിരുന്നു.
‘എനിക്ക് സച്ചിനോട് സഹതാപം തോന്നുകയാണ്. കാരണം വസീം അക്രം, വഖാര്‍ യൂനിസ്, ഗ്ലെന്‍ മഗ്രാത്ത്, ഷെയന്‍ വോണ്‍ തുടങ്ങിയവരെയെല്ലാം അവരുടെ പീക്ക് ടൈമില്‍ സച്ചിന് നേരിടേണ്ടി വന്നിരുന്നു. ശേഷം ഈ ഭൂമിയിലെ ഏറ്റവും വേഗതയേറിയ ബൗളറേയും സച്ചിന് നേരിടേണ്ടതായി വന്നു.
എന്നാല്‍ സച്ചിന്‍ എന്താണ് ചെയ്തതെന്ന് അറിയില്ലേ, തൊണ്ണൂറുകളുടെ തുടക്കകാലത്ത് ഈ ബൗളര്‍മാരെ അടിച്ചൊതുക്കി, തൊണ്ണൂറുകളുടെ അവസാനത്തിലും അതുതന്നെ ആവര്‍ത്തിച്ചു. ഞാനുള്‍പ്പെടെയുള്ള ഈ ബൗളര്‍മാരെയെല്ലാം അദ്ദേഹം ആക്രമിച്ചു കളിച്ചു. ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍മാരായ ഞങ്ങളെപ്പോലുള്ളവരെ നേരിടേണ്ടി വന്നതിനാലാണ് എനിക്ക് സച്ചിനോട് സഹതാപം തോന്നുന്നത്.
പക്ഷേ സച്ചിനെ ഓര്‍ത്തെനിക്ക് അഭിമാനമുണ്ട്. കാരണമെന്താണെന്നല്ലേ, ഈ മനുഷ്യനാണ് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരെ, ഭൂമിയില്‍ പിറവിയെടുത്ത ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് ടാലന്റുകളെ, ഷെയ്ന്‍ വോണ്‍ അടക്കമുള്ള ഇതിഹാസ സ്പിന്നര്‍മാരെ നേരിട്ട് എല്ലാവരെയും അടിച്ചൊതുക്കിയത് എന്നതുകൊണ്ടുതന്നെ,’ അക്തര്‍ പറഞ്ഞു.
അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനുള്ള തിരക്കിലാണ് വിരാട് കോഹ്‌ലി. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഓസീസാണ് ഇന്ത്യയുടെ എതിരാളികള്‍.
Content Highlight: Pak Legend Shoaib Akhtar says only fools can compare Virat Kohli with Sachin Tendulkar