കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരുന്നു. ഗയാനയിലെ പ്രാവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 68 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്.
ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 16.3 ഓവറില്‍ വെറും 103 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
ഫൈനലില്‍ സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
ആദ്യ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സൗത്ത് ആഫ്രിക്ക കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. പ്രോട്ടിയാസ് പുരുഷ ടീമിന്റെ ചരിത്രത്തിലാദ്യമായാണ് ഇവര്‍ ഐ.സി.സി ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്.
ഫൈനലില്‍ ഇന്ത്യയെ പിന്തുണയ്ക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരവും ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ പ്രധാനിയുമായ ഷോയ്ബ് അക്തര്‍.
ഫൈനലില്‍ ഇന്ത്യ വിജയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രോഹിത് ലോകകിരീടം അര്‍ഹിക്കുന്നുണ്ടെന്നും അക്തര്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘ഈ ലോകകപ്പില്‍ ഇന്ത്യ വിജയിക്കാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ (ഏകദിന) ലോകകപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ഞാന്‍ ഏറെ വിഷമിച്ചിരുന്നു, കാരണം അവരായിരുന്നു ലോകകപ്പ് നേടാന്‍ ഏറ്റവും അര്‍ഹരായിട്ടുള്ള ടീം.
രോഹിത് ശര്‍മ തന്റെ സ്വാധീനം ചെലുത്താനും ട്രോഫി നേടാനുമുള്ള തന്റെ ആഗ്രഹം സ്ഥിരമായി പ്രകടിപ്പിച്ചിരുന്നു. ഇക്കാരണംകൊണ്ടുതന്നെ കപ്പുയര്‍ത്താന്‍ രോഹിത് എന്തുകൊണ്ടും അര്‍ഹനാണ്.
ഒരു സ്റ്റാര്‍ പ്ലെയര്‍ എന്ന നിലയില്‍, ഒരു മഹത്തരമായ വേദിയില്‍ നിന്നും ഉചിതമായ ഒരു വിടവാങ്ങല്‍ അദ്ദേഹം അര്‍ഹിക്കുന്നു. കൂടാതെ അദ്ദേഹം ഒരു സെല്‍ഫ്‌ലെസ് ക്യാപ്റ്റനാണ്,’ അക്ടതര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 37കാരനായ രോഹിത്തിന്റെ അവസാന ടി-20 ലോകകപ്പായിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇക്കാരണത്താല്‍ തങ്ങളുടെ ക്യാപ്റ്റനെ കിരീടത്തോടെ വിടനല്‍കാന്‍ തന്നെയാകും ഇന്ത്യയും ഒരുങ്ങുന്നത്.