ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരങ്ങളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും പാകിസ്ഥാന്റെ സ്വന്തം റാവല്‍പിണ്ടി എക്‌സ്പ്രസ് ഷോയ്ബ് അക്തറും. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച റൈവല്‍റികളിലൊന്നും സച്ചിനും അക്തറും തമ്മിലുള്ളതായിരുന്നു.
സച്ചിന്റെ കാര്യത്തില്‍ തനിക്ക് സഹതാപമുണ്ടെന്ന് പറയുകയാണ് അക്തര്‍ ഇപ്പോള്‍. ലോകം കണ്ട പല മികച്ച ബൗളര്‍മാരെയും അവരുടെ പ്രൈം ടൈമില്‍ സച്ചിന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇക്കാരണത്താലാണ് തനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നുന്നതെന്ന് പറഞ്ഞ അക്തര്‍, സച്ചിനാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്നും ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
‘എനിക്ക് സച്ചിനോട് സഹതാപം തോന്നുകയാണ്. കാരണം വസീം അക്രം, വഖാര്‍ യൂനിസ്, ഗ്ലെന്‍ മഗ്രാത്ത്, ഷെയന്‍ വോണ്‍ തുടങ്ങിയവരെയെല്ലാം അവരുടെ പീക്ക് ടൈമില്‍ സച്ചിന് നേരിടേണ്ടി വന്നിരുന്നു. ശേഷം ഈ ഭൂമിയിലെ ഏറ്റവും വേഗതയേറിയ ബൗളറേയും സച്ചിന് നേരിടേണ്ടതായി വന്നു.
എന്നാല്‍ സച്ചിന്‍ എന്താണ് ചെയ്തതെന്ന് അറിയില്ലേ, തൊണ്ണൂറുകളുടെ തുടക്കകാലത്ത് ഈ ബൗളര്‍മാരെ അടിച്ചൊതുക്കി, തൊണ്ണൂറുകളുടെ അവസാനത്തിലും അതുതന്നെ ആവര്‍ത്തിച്ചു. ഞാനുള്‍പ്പെടെയുള്ള ഈ ബൗളര്‍മാരെയെല്ലാം അദ്ദേഹം ആക്രമിച്ചു കളിച്ചു.
ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍മാരായ ഞങ്ങളെപ്പോലുള്ളവരെ നേരിടേണ്ടി വന്നതിനാലാണ് എനിക്ക് സച്ചിനോട് സഹതാപം തോന്നുന്നത്.
പക്ഷേ സച്ചിനെ ഓര്‍ത്തെനിക്ക് അഭിമാനമുണ്ട്. കാരണമെന്താണെന്നല്ലേ, ഈ മനുഷ്യനാണ് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരെ, ഭൂമിയില്‍ പിറവിയെടുത്ത ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് ടാലന്റുകളെ, ഷെയ്ന്‍ വോണ്‍ അടക്കമുള്ള ഇതിഹാസ സ്പിന്നര്‍മാരെ നേരിട്ട് എല്ലാവരെയും അടിച്ചൊതുക്കിയത് എന്നതുകൊണ്ടുതന്നെ.
ഫസ്റ്റ് ക്ലാസില്‍ നിന്നടക്കം ലക്ഷക്കണക്കിന് റണ്‍സ് നേടിയ അദ്ദേഹത്തേക്കാള്‍ മികച്ച ഒരു താരം ഈ ലോകത്തില്ല. അത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ്,’ അക്തര്‍ പറഞ്ഞു.
Content Highlight : Pak Legend Shoaib Akhtar about Sachin Tendulkar