അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും സെലക്ഷന്‍ കമ്മിറ്റിയെയും കടന്നാക്രമിച്ച് പാക് ഇതിഹാസ താരം റാഷിദ് ലത്തീഫ്. ബാബര്‍ അസവും ഷഹീന്‍ ഷാ അഫ്രിദിയും ഇല്ലാതെ ടീം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റാഷിദ് ലത്തീഫ് രംഗത്തെത്തിയത്.
ബാബര്‍ അസമിന്റെ അഭാവത്തില്‍ സൂപ്പര്‍ താരം ഷദാബ് ഖാനാണ് പാകിസ്ഥാനെ നയിക്കുക. നിരവധി യുവതാരങ്ങളും ടീമിന്റെ ഭാഗമാവുന്നുണ്ട്.
നിലവിലെ പി.സി.ബി ചെയര്‍മാന്‍ നജാം സേഥിയും സംഘവും പാകിസ്ഥാന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്നും പാകിസ്ഥാന്‍ ക്രിക്കറ്റിന് ആദരാഞ്ജലി നേരുന്നുവെന്നും റാഷിദ് ലത്തീഫ് പറഞ്ഞു.
‘നമ്മുടെ താരങ്ങള്‍ ഐ.സി.സി റാങ്കിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അവര്‍ ഐ.സി.സിയുടെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്നത്. ബാബറും ഷഹീനും ഐ.സി.സിയുടെ പുരസ്‌കാരങ്ങള്‍ നേടിയവരാണ്.
എന്നാല്‍ അവര്‍ക്ക് (പി.സി.ബി) ഈ വസ്തുത അംഗീകരിക്കാന്‍ പ്രയാസമാണ്. അതിനൊന്നും ഞങ്ങള്‍ അനുവദിക്കില്ല, തീരുമാനമെടുക്കാന്‍ ഇനി ഞങ്ങളുണ്ട് എന്ന ഭാവമാണ് അവര്‍ക്ക്.
ഒരിക്കല്‍ പോലും വിശ്രമിക്കാത്ത, വിശ്രമം ആവശ്യമുള്ള 70, 80 വയസുള്ളവരാണ് പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ വിധി തീരുമാനിക്കുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റിന് ആദരാഞ്ജലികള്‍ നേരുകയാണ്. നമ്മുടെ ടീമിനോട് ഇപ്പോള്‍ റെസ്റ്റ് ഇന്‍ പീസ് എന്ന് പറയേണ്ട അവസ്ഥയാണ്,’ ലത്തീഫിനെ ഉദ്ധരിച്ച് ക്രിക്കറ്റ് പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘നിങ്ങള്‍ പുതിയ താരങ്ങളെ ടീമിലെത്തിക്കുമ്പോള്‍ ടീം കോമ്പിനേഷനെ തന്നെ തകര്‍ക്കുകയാണ്. ചില പുതിയ താരങ്ങള്‍ അഫ്ഗാനിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കും, എന്നാല്‍ ചെറിയ സ്‌ട്രൈക്ക് റേറ്റുള്ള സീനിയര്‍ താരങ്ങളെ അവര്‍ ശേഷമുള്ള പരമ്പരകളില്‍ പരിഗണിക്കും. മാധ്യമങ്ങളും അവര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തും. ഇതാണ് പാകിസ്ഥാന്‍ ക്രിക്കറ്റിനെ നശിപ്പിക്കാനുള്ള ആദ്യ പടി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് ടി-20യാണ് പാകിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ പരമ്പരയിലുള്ളത്. പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് 24ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.
പാകിസ്ഥാന്‍ സ്‌ക്വാഡ്:
ഷദാബ് ഖാന്‍ (ക്യാപ്റ്റന്‍), അബ്ദുള്ള ഷഫീഖ്, അസം ഖാന്‍, ഫഹീം അഷ്‌റഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇസാനുള്ള, ഇമാദ് വസീം, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, സിയാം അയ്യൂബ്, ഷാന്‍ മസൂദ്, തയ്യുബ് താഹിര്‍, സമാന്‍ ഖാന്‍.
Content Highlight: Pak legend Rashid Latif says Rest In Peace to Pakistan cricket