| Thursday, 7th April 2022, 8:09 am

അഴിമതിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ അപമാനിച്ചു; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ പത്രസമ്മേളനം ബഹിഷ്‌കരിച്ച് പാക് മാധ്യമപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സംഘടിപ്പിച്ച പത്രസമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍.

ബുധനാഴ്ച ഇമ്രാന്റെ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയത്.

അഴിമതി സംബന്ധമായ ഒരു ചോദ്യത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരും പി.ടി.ഐയുടെ മുതിര്‍ന്ന നേതാവ് ഫവാദ് ചൗധരിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

ഫവാദ് ചൗധരി

ഇമ്രാന്റെ ഖാന്റെ ഭാര്യ ബുഷറ ബിബിയുടെ അടുത്ത സുഹൃത്തായ ഫറ ഖാനുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.

പി.ടി.ഐ നേതാക്കളായ ആസാദ് ഉമര്‍, ഷഹബാസ് ഗില്‍, അലി മുഹമ്മദ് ഖാന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പത്രസമ്മേളനം നടത്തിയത്. മുന്‍ വാര്‍ത്താവിനിമയ മന്ത്രി ഫവാദ് ചൗധരിയും പത്രസമ്മേളനത്തിലുണ്ടായിരുന്നു.

ഫറ ഖാന്റെ മേലുള്ള അഴിമതി ആരോപണത്തെക്കുറിച്ചും അവരും ഭര്‍ത്താവും പാകിസ്ഥാന്‍ വിട്ടതിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തകന്‍ ഫവാദ് ചൗധരിയോട് ചോദിക്കുകയായിരുന്നു.

ചോദ്യത്തില്‍ പ്രകോപിതനായ ഫവാദ് ചൗധരി മാധ്യമപ്രവര്‍ത്തകന് നേരെ ആക്രോശിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ വ്യാജനാണെന്നും ആരോ വിലക്ക് വാങ്ങിയവനാണെന്നും പറഞ്ഞ ഫവാദ് ചൗധരി അദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയായിരുന്നു.

ചൗധരി മാപ്പ് പറയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ സമ്മതിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് അവിടെ എത്തിയ എല്ലാ മാധ്യമപ്രവര്‍ത്തകരും പത്രസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത്.

മാധ്യമപ്രവര്‍ത്തകര്‍ പോയതിന് പിന്നാലെ തന്നെ പി.ടി.ഐ നേതാക്കള്‍ക്ക് പത്രസമ്മേളനം അവസാനിപ്പിക്കേണ്ടി വന്നു.

കഴിഞ്ഞ ദിവസമായിരുന്നു 90,000 ഡോളര്‍ വിലമതിക്കുന്ന ആഢംബര ബാഗുമായി ഫറ ഖാന്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. അഴിമതി ആരോപണം നേരിടുന്ന ഇവര്‍ ഞായറാഴ്ച ആഢംബര വിമാനത്തില്‍ ദുബായിലേക്ക് കടന്നെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തയെ സാധൂകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ പ്രതിപക്ഷവും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

സര്‍ക്കാരുദ്യോഗസ്ഥരെ അവരുടെ ഇഷ്ടത്തിനനുസരിച്ച് പോസ്റ്റുകളില്‍ നിയമിക്കുകയും സ്ഥലംമാറ്റം നടത്തിക്കൊടുക്കുകയും ചെയ്തതിന്റെ പേരില്‍ വന്‍തുക (ഏകദേശം ആറ് ബില്യണ്‍ പാകിസ്ഥാന്‍ രൂപ- 32 മില്യണ്‍ ഡോളര്‍) ഫറ ഖാന്‍ തട്ടിയെടുത്തിട്ടുള്ളതായാണ് ആരോപണം.

പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന ഭയം കാരണമാണ് ഇവര്‍ നാടുവിട്ടതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഫറ ഖാന്റെ ഭര്‍ത്താവ് അഹ്സന്‍ ജാമില്‍ ഗുജ്ജറും നേരത്തെ പാകിസ്ഥാന്‍ വിട്ട് അമേരിക്കയിലേക്ക് പോയിരുന്നു.

Content Highlight: Pak journalists boycott press conference of Imran Khan’s party after verbal spat with senior leader over corruption issue

We use cookies to give you the best possible experience. Learn more