| Saturday, 30th October 2021, 9:43 am

'പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം' നിശ്ചയിച്ചത് ഇസ്‌ലാമിനെതിരല്ല; പാക് ശരീഅത്ത് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള കുറഞ്ഞ പ്രായം നിശ്ചയിച്ചത് ഇസ്‌ലാം
മതവിശ്വാസങ്ങള്‍ക്ക് എതിരല്ലെന്ന് പാകിസ്ഥാനിലെ ഉന്നത ഇസ്‌ലാമിക് ശരീഅത്ത് കോടതി. 1929 ബാലവിവാഹ നിരോധന നിയമത്തിലെ ചില വകുപ്പുകള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ തള്ളിക്കൊണ്ടാണ് കോടതി വിധി പറഞ്ഞത്.

വിവാഹത്തിന് പ്രായം നിശ്ചയിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല എന്ന് ഒരു വിഭാഗമാളുകള്‍ ഉയര്‍ത്തിയ വാദത്തിന് പിന്നാലെ ബാലവിവാഹം സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയായാണ് കോടതി വിധി വന്നിരിക്കുന്നത്.

ഫെഡറല്‍ ശരീഅത്ത് കോടതിയിലെ ചീഫ് ജസ്റ്റിസ് മുഹമ്മദ് നൂര്‍ മെസ്‌കന്‍സായ്‌യുടെ കീഴിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വ്യാഴാഴ്ചയായിരുന്നു കോടതി ഹരജികളിന്മേല്‍ വാദം കേട്ടത്.

ഇസ്‌ലാമിക് രാഷ്ട്രം പെണ്‍കുട്ടികളുടെ വിവാഹത്തിന് മിനിമം പ്രായം നിശ്ചയിക്കുന്നത് ഇസ്‌ലാം മതത്തിനെതിരല്ല എന്ന് ഹരജികള്‍ തള്ളിക്കൊണ്ട് കോടതി പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

10 പേജുകളുള്ള വിധിപ്രസ്താവമാണ് കോടതി പുറപ്പെടുവിച്ചത്. വിദ്യാഭ്യാസത്തിനുള്ള അവകാശവും ആവശ്യവും ലിംഗഭേദമന്യേ എല്ലാവര്‍ക്കും തുല്യ പ്രാധാന്യമുള്ളതാണെന്നും കോടതി പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് പറഞ്ഞ കോടതി എല്ലാ മുസ്‌ലിങ്ങളും നിര്‍ബന്ധമായും അറിവ് സമ്പാദിക്കണമെന്ന് ഹദീസ് പറയുന്നതായും പരാമര്‍ശിച്ചു.

ഇസ്‌ലാമിക് രാഷ്ട്രങ്ങളായ ജോര്‍ദാന്‍, മലേഷ്യ, ഈജിപ്ത്, ടുണീഷ്യ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മിനിമം വിവാഹപ്രായം നിശ്ചയിച്ചിട്ടുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാണിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ബാലവിവാഹ നിരോധന നിയമത്തിലെ സെക്ഷന്‍ നാലില്‍ പ്രായമെത്തിയിട്ടില്ലാത്ത കുട്ടികളെ വിവാഹം കഴിക്കുന്ന കുറ്റത്തിനുള്ള ശിക്ഷകളാണ് വിശദീകരിച്ചിരിക്കുന്നത്. ആറ് മാസം വരെ നീളാവുന്ന തടവ് ശിക്ഷയും 50,000 പാകിസ്ഥാന്‍ രൂപ പിഴയുമാണ് ശിക്ഷ.

ബാലവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതും ആഘോഷിക്കുന്നതുമായ കുറ്റങ്ങള്‍ക്കുള്ള ശിക്ഷയാണ് അഞ്ച്, ആറ് വകുപ്പുകള്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Pak Islamic court says setting minimum age for girls’ marriage is not against Islam

Latest Stories

We use cookies to give you the best possible experience. Learn more