സി.ബി.എസ്.ഇ പുസ്തകത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗം, നരസിംഹ റാവു പ്രധാനമന്ത്രി
India
സി.ബി.എസ്.ഇ പുസ്തകത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗം, നരസിംഹ റാവു പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th May 2012, 10:00 am

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാണെന്നും പി.വി നരസിംഹ റാവു ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയാണെന്നുമാണ് ചില സംസ്ഥാനങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതെന്ന് എം.പി. സി.ബി.എസ്.ഇ ടെക്‌സ്ബുക്കിലെ അംബേദ്കര്‍ കാര്‍ട്ടൂണ്‍ വിവാദം ചര്‍ച്ച ചെയ്യുന്നതിനിടെ എ.ഐ.എ.ഡി.എം.കെ അംഗം എസ്. സെമ്മലൈ ആണ് ബുധനാഴ്ച ഇക്കാര്യം ലോക്‌സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

” കര്‍ണാടകയിലെ സി.ബി.എസ്.ഇ ടെസ്‌ക്റ്റ് ബുക്കില്‍ ഇപ്പോഴും പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാണെന്നാണ് പറയുന്നത്. മുതലാളിത്തം അടിസ്ഥാനമാക്കിയാണ് അമേരിക്കന്‍ ഭരണഘടന നിര്‍മിച്ചതെന്നും ഇതില്‍ പറയുന്നു. ഉറ്ദു മീഡിയം പഠിക്കുന്ന ആന്ധ്രയിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്തികളെ പഠിക്കാനുള്ളത് നരസിംഹറാവുവാണ് നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയെന്നാണ്. ” സെമ്മലൈ പറഞ്ഞു.

സെമ്മലെയുടെ വാക്കുകള്‍ പാര്‍ലമെന്റില്‍ പൊട്ടിച്ചിരിയുയര്‍ത്തി. ഇതിന് പിന്നാലെ ടെക്‌സ്ബുക്കിലെ കൂടുതല്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടി അവര്‍ രംഗത്തെത്തി. ” സി.ബി.എസ്.ഇ ടെക്സ്റ്റ്ബുക്കില്‍ വനം എന്നുള്ളതിനെ നിര്‍വചിച്ചിരിക്കുന്നത് ഒരു കൂട്ടം മരങ്ങള്‍ എന്നാണ്. കൂടാതെ വന്‍കിട വ്യവസായം എന്നതിനെ വലിയ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് നടത്തുന്ന വ്യവസായം എന്നാണ് വിശദീകരിച്ചിരിക്കുന്നത്.”

ബിരുദധാരികളില്‍ 15% പേര്‍ മാത്രമാണ് ജോലിചെയ്യാന്‍ പര്യാപ്തരായിട്ടുള്ളത് എന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും സെമ്മലെ ചൂണ്ടിക്കാട്ടി. പ്രൈമറി തലം മുതല്‍ ഉന്നതക്ലാസ് വരെ എല്ലാ ഘട്ടങ്ങളിലുമുള്ള മോശം വിദ്യാഭ്യാസമാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

” ഇതേ ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് നാം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതെങ്കില്‍ നമ്മുടെ വിദ്യാര്‍ത്ഥികളുടെ നിലവാരം എന്തായിരിക്കുമെന്ന് ഒരാള്‍ക്ക് ഊഹിക്കാം.

“ജി.ഡി.പിയുടെ 6% വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചില്ലെങ്കില്‍ നമുക്കൊരിക്കലും ലക്ഷ്യത്തിലെത്താന്‍ കഴിയില്ല. ” സെമ്മലൈ മുന്നറിയിപ്പ് നല്‍കി.