| Sunday, 30th September 2018, 3:39 pm

വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഹെലികോപ്റ്റര്‍ ജമ്മുവില്‍; വെടിയുതിര്‍ത്തതോടെ തിരിച്ച് പറന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന്‍ ഹെലികോപ്റ്റര്‍ ജമ്മു കാശ്മീരിലെ പൂഞ്ചില്‍ എത്തി. ഉച്ചയ്ക്ക് 12.13 നായിരുന്നു ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഹെലികോപ്റ്റര്‍ എത്തിയത് സൈന്യത്തിന്റെ ശ്രദ്ധയിപ്പെട്ടത്.

ഇതേതുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഹെലികോപ്റ്റര്‍ വെടിവെച്ച് വീഴ്ത്താന്‍ ശ്രമിക്കുകയും ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരം ഹെലികോപ്റ്ററുകള്‍ നിയന്ത്രണരേഖയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ വരാന്‍ പാടില്ല. വിമാനങ്ങള്‍ 10 കിലോമീറ്റര്‍ പരിധിയിലും വരാന്‍ പാടില്ല.

വെളുത്ത നിറമുള്ള പാകിസ്താന്‍ ഹെലികോപ്റ്റര്‍ പൂഞ്ച് മേഖലയിലെ കുന്നിന് സമീപം താഴ്ന്നുപറക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. തുടര്‍ച്ചയായി സൈന്യം ഹെലികോപ്റ്ററിന് നേരെ വെടിയുതിര്‍ക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.

ഇന്ത്യന്‍ ആര്‍മി വെടിയുതിര്‍ത്ത് തുടങ്ങിയതോടെ ഹെലികോപ്റ്റര്‍ പാക് അധീന കാശ്മീരിലേയ്ക്ക് തിരിച്ചുപറക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സിവില്‍ എയര്‍ക്രാഫ്‌റ്റെന്ന തോന്നിക്കുന്ന രീതിയിലുള്ള ഹെലികോപ്്റ്ററാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയത്. അതേസമയം അബദ്ധവശാല്‍ അതിര്‍ത്തി കടന്ന് എത്തിയതാണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.

ചില സമയങ്ങൡ അബദ്ധവശാല്‍ വ്യോമാര്‍തിര്‍ത്തി കടന്ന് ഹെലികോപ്റ്ററുകള്‍ എത്താറുണ്ടെന്നും വിഷയം ഗൗരവമായി തന്നെ എടുക്കുമെന്നും മേജര്‍ ജനറല്‍ അശ്വനി പറഞ്ഞു.

We use cookies to give you the best possible experience. Learn more