| Wednesday, 12th October 2022, 4:06 pm

ഒറ്റ ഒരുത്തന് വേഗത്തില്‍ പന്തെറിയാന്‍ അറിയില്ല; ഹെല്‍മെറ്റൊന്നും വേണ്ടായിരുന്നു, തൊപ്പി മാത്രം വെച്ച് അടിച്ചുതൂക്കാം; ഇന്ത്യന്‍ ബൗളിങ് നിരയെ കുറിച്ച് പാക് മുന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ മുന്‍ ബൗളിങ് നിരക്ക് കാര്യമായ പേസുണ്ടായിരുന്നില്ലെന്ന പരാമര്‍ശവുമായി മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ഭട്ട്. ഇന്ത്യന്‍ ബൗളര്‍മാരുടെ പന്തുകള്‍ക്ക് വേഗതയില്ലാതിരുന്നതിനാല്‍ അക്കാലത്ത് പാകിസ്ഥാന്‍ കളിക്കാര്‍ തൊപ്പി മാത്രം വെച്ച് ബാറ്റിങ്ങിനിറങ്ങുമായിരുന്നെന്നും സല്‍മാന്‍ പറഞ്ഞു.

2010ല്‍ ക്യാപ്റ്റനായിരുന്ന സമയത്ത് ഷാഹിദ് അഫ്രിദിയെ എന്തുകൊണ്ടാണ് ഓപ്പണറാക്കാതിരുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സല്‍മാന്‍ എത്തിയത്.

‘പണ്ട് ഇന്ത്യയുടെ ബൗളിങ് നിരയിലെ ഒരാള്‍ക്ക് പോലും പേസുണ്ടായിരുന്നില്ല. വേഗത്തില്‍ പന്തെറിയാന്‍ അറിയുന്ന ഒരുത്തന്‍ പോലുമുണ്ടായിരുന്നില്ല എന്ന് തന്നെ പറയാം.

അതുകൊണ്ട് തന്നെ സയീദ് അന്‍വറും ആമിര്‍ സൊഹൈലുമൊക്കെ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ ഹെല്‍മെറ്റ് വെക്കാറില്ല. വെറും തൊപ്പി വെച്ചാണ് പോകാറുള്ളത്. എന്നിട്ടും അവര്‍ ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുതൂക്കുമായിരുന്നു,’ ക്രിക് ബ്രിഡ്ജിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഭട്ട് പറഞ്ഞു.

2013ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അവസാനമായി പരമ്പര നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയപ്രശ്‌നങ്ങള്‍ രൂക്ഷമായതിന് പിന്നാലെയാണ് നേരിട്ടുള്ള ടൂര്‍ണമെന്റുകള്‍ നിര്‍ത്തിവെച്ചത്. അതേസമയം ഐ.സി.സി ഇവന്റുകളില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയിരുന്നു.

ഒടുവില്‍ നടന്ന ഏഷ്യാ കപ്പില്‍ രണ്ട് തവണയാണ് ഇന്ത്യ-പാക് മത്സരം നടന്നത്. ഗ്രൂപ്പ് സ്റ്റേജില്‍ ഇന്ത്യ ജയിച്ചപ്പോള്‍ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തി.

ടി-20 ലോകകപ്പിലാണ് ഇനി ടീമുകള്‍ നേര്‍ക്കുനേര്‍ കാണുക. ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ലോകകപ്പില്‍ ഒക്ടോബര്‍ 23നാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

ലോകകപ്പിനുള്ള ഇന്ത്യന്‍ ബൗളിങ് നിര കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് സല്‍മാന്റെ ഈ കമന്റും വന്നിരിക്കുന്നത്. സ്റ്റാര്‍ പേസറായ ബുംറയുടെ പരിക്കിനെ തുടര്‍ന്ന് പകരക്കാരനെ കണ്ടെത്താന്‍ കഴിയാത്തതാണ് ഇന്ത്യക്ക് തലവേദനയായിരിക്കുന്നത്.

അതേസമയം ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവരടങ്ങിയ നിലവിലെ ലോകകപ്പ് സക്വാഡിലെ ബൗളിങ് നിരയില്‍ പ്രതീക്ഷ വെക്കുന്നവരും ഏറെയാണ്.

Content Highlight: Pak Former Captain Salman Butt against Indian Bowlers

We use cookies to give you the best possible experience. Learn more