| Friday, 26th August 2022, 11:08 am

കോഹ്‌ലി സെഞ്ച്വറിയടിക്കണം, അത് പാകിസ്ഥാനെതിരെ ആയാലും സാരമില്ല; വൈറലായി പാക് ആരാധകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. പല സീരീസുകളും മാച്ചുകളും നടക്കുമ്പോഴും ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് തന്നെയാണ് ക്രിക്കറ്റ് ലോകം ചര്‍ച്ചയാക്കുന്നത്.

ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടമാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ഏഷ്യാ കപ്പിനായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ലോകകപ്പിനുള്ള കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയിലും കഴിഞ്ഞ ലോകകപ്പിന്റെ റീ മാച്ച് എന്ന നിലയിലുമാണ് ആരാധകര്‍ ഇന്ത്യ – പാക് പോരാട്ടത്തെ വിലയിരുത്തുന്നത്.

ഏറെ നാളത്തെ വിശ്രമത്തിന് ശേഷം വിരാട് കോഹ്‌ലി വീണ്ടും ക്രീസിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഫോം ഔട്ടില്‍ നിന്നും തിരികെ വരവെ മികച്ച പ്രകടനം കാഴ്ചവെച്ച് തന്റെ പ്രസക്തി അടിവരയിട്ടുറപ്പിക്കാനാവും കോഹ്‌ലി ശ്രമിക്കുന്നത്.

ഇതിനിടയിലാണ് വിരാടിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. പാകിസ്ഥാനില്‍ നിന്നെത്തിയ, കൃത്യമായി പറഞ്ഞാല്‍ ബാബര്‍ അസമിന്റെ സ്വന്തം ലാഹോറില്‍ നിന്നെത്തിയ ആരാധകനുമൊപ്പമുള്ള വീഡിയോ ആണ് വൈറലാവുന്നത്.

വിരാടിനൊപ്പം ഫോട്ടോയെടുക്കാന്‍ ഓടിയെത്തിയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഇതുകണ്ട വിരാട് ആരാധകനെ അടുത്തേക്ക് വിളിക്കുകയും സെല്‍ഫി എടുക്കുകയുമായിരുന്നു.

മത്സരത്തിന് മുന്നോടിയായി ടീമുകള്‍ ഐ.സി.സി അക്കാദമി ഗ്രൗണ്ടിലെ പരിശീലനത്തിന് ശേഷം കോഹ്‌ലി ബസിലേക്ക് മടങ്ങുമ്പോള്‍, മുഹമ്മദ് ജിബ്രാന്‍ എന്ന ആരാധകന്‍ താരത്തിന്റെ അടുത്തേക്ക് ഓടിയെത്തിയെങ്കിലും ഗ്രൗണ്ടില്‍ നിലയുറപ്പിച്ച സുരക്ഷാ ഗാര്‍ഡുകള്‍ തടഞ്ഞു. എന്നാല്‍ ഇതുകണ്ട വിരാട് അയാളോടൊപ്പം സെല്‍ഫി എടുക്കുകയായിരുന്നു.

‘ഞാന്‍ പാകിസ്ഥാനില്‍ നിന്ന് വന്നതാണ്. ഒരു മാസം മുഴുവന്‍ ഞാന്‍ ഇതിനായി കാത്തിരുന്നു. അദ്ദേഹം പ്രാക്ടീസ് പൂര്‍ത്തിയാക്കി ഹോട്ടലിലേക്ക് മടങ്ങാന്‍ പോകുന്ന സമയം ഒരു സെല്‍ഫിയെടുക്കാന്‍ ഞാന്‍ ഏറെ ശ്രമിച്ചിരുന്നു.

ഒരു മികച്ച ക്രിക്കറ്റ് താരം എന്നതിലുപരി അദ്ദേഹം ഒരു നല്ല വ്യക്തിയാണ്. വിരാട് ഞാന്‍ പറയുന്നത് ശ്രദ്ധിക്കുകയും സെല്‍ഫി എടുത്തോട്ടെ എന്ന എന്റെ അഭ്യര്‍ത്ഥന അംഗീകരിക്കുകയും ചെയ്തു,’ ജിബ്രാന്‍ പാക് ടി.വിയോട് പറഞ്ഞു.

ഇതിന് പുറമെ വിരാട് കോഹ്‌ലി സെഞ്ച്വറിയടിക്കുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, അത് പാകിസ്ഥാനെതിരാണെങ്കില്‍ പോലും സാരമില്ലെന്നും ആരാധകന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Pak fan wants Virat Kohli to return to form in Asia Cup

We use cookies to give you the best possible experience. Learn more