അവന്റെ നോട്ടം കണ്ടാലേ മുട്ടിടിക്കും; ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശമായി പാക് ആരാധികയുടെ വാക്കുകള്‍
Sports
അവന്റെ നോട്ടം കണ്ടാലേ മുട്ടിടിക്കും; ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശമായി പാക് ആരാധികയുടെ വാക്കുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th November 2022, 8:19 am

ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ സെമി ഫൈനലിലേക്ക് ആധികാരികമായി കളിച്ചു കയറിയതോടെ, ടി-20 ലോകകപ്പിന്റെ ആവേശം മൂര്‍ധന്യത്തിലെത്തി നില്‍ക്കുകയാണ്.

ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ ഫൈനലില്‍ നേരിടാന്‍ കാത്തിരിക്കുകയാണ് പാക് പട. 2007ലെ ആദ്യ ടി-20 ലോകകപ്പിന്റെ ആവര്‍ത്തനം നടക്കുമോയെന്ന് അറിയാന്‍ കൂടി വേണ്ടിയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇതിനിടയില്‍ ഒരു പാക് ആരാധികയുടെ വാക്കുകളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. സെമി ഫൈനല്‍ ജയിച്ച് ഇന്ത്യ ഫൈലിലെത്തിയാല്‍ പാകിസ്ഥാന്റെ കാര്യം പരുങ്ങലിലാകുമെന്നാണ് ഇവര്‍ പറയുന്നത്.

വിരാട് കോഹ്‌ലിയുടെ കളിമികവിനെ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പ്രധാനമായും സംസാരിക്കുന്നത്.

‘എനിക്ക് വിരാടിനെ ഭയങ്കര പേടിയാണ്. അയാളുടെ ആ കണ്ണുകളുണ്ടല്ലോ, ആ നോട്ടം കണ്ടാലേ മുട്ടിടിക്കും. ഇന്ത്യ സെമി ഫൈനലില്‍ ജയിക്കരുതെന്നാണ് എന്റെ ആഗ്രഹം, സോറി.

ഇംഗ്ലണ്ട് ജയിച്ച് ഫൈനലിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍. കാരണം അങ്ങനെയായാല്‍ ഞങ്ങള്‍ ജയിച്ച് കപ്പടിക്കും. അതുറപ്പാണ്,’ ഇതാണ് പാക് ആരാധികരയുടെ വാക്കുകള്‍.


കോഹ്‌ലി ഫാന്‍സും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുമെല്ലാം ഈ വീഡിയോ വ്യാപകമയാണ് ഷെയര്‍ ചെയ്യുന്നത്. കിങ് കോഹ്‌ലിയെ കളത്തില്‍ നേരിടാന്‍ എല്ലാവരുമൊന്ന് പേടിക്കുമെന്ന കമന്റുകളും ക്യാപ്ഷനുകളും ട്വിറ്ററില്‍ നിറയുന്നുണ്ട്.

അതേസമയം ന്യൂസിലാന്‍ഡിനെതിരെ ഗംഭീര പ്രകടനം പുറത്തെടുത്താണ് പാകിസ്ഥാന്‍ സെമി ഫൈനലില്‍ എത്തിയിരിക്കുന്നത്. ലോകകപ്പിന്റെ ആദ്യ മത്സരങ്ങളില്‍ തപ്പിത്തടഞ്ഞ പാക് പടയല്ലായിരുന്നു ഇന്നലെ കിവികളെ പറപ്പിച്ചത്. ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം പുത്തന്‍ ആവേശത്തിലായിരുന്നു ടീം.

സിഡ്നിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ഫീല്‍ഡിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ എതിരാളികളെ 152 റണ്‍സിന് എറിഞ്ഞൊതുക്കുകയും ഓപ്പണര്‍മാരുടെ മികവില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.

ഓപ്പണര്‍ ബാബര്‍ അസവും മുഹമ്മദ് റിസ്വാനും നേടിയ അര്‍ധ സെഞ്ച്വറികളാണ് പാകിസ്ഥാന് തുണയായത്. ഇവരുടെ ബാറ്റിങ് മികവില്‍ പാകിസ്ഥാന്‍ അനായാസം വിജയത്തിലേക്ക് നടന്നുകയറുകയായിരുന്നു.

ക്യാപ്റ്റന്‍ ബാബര്‍ അസം 42 പന്തില്‍ നിന്നും 53 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് റിസ്വാന്‍ 43 പന്തില്‍ നിന്നും 57 റണ്‍സും സ്വന്തമാക്കി. മൂന്നാമനായി ഇറങ്ങിയ മുഹമ്മദ് ഹാരിസ് 26 പന്തില്‍ നിന്നും 30 റണ്‍സും സ്വന്തമാക്കിയതോടെ പാകിസ്ഥാന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

നവംബര്‍ പത്തിനാണ് ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരം. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിലെ വിജയികള്‍ മെല്‍ബണില്‍ വെച്ച് നടക്കുന്ന ഫൈനലില്‍ പാകിസ്ഥാനെ നേരിടും.

Content Highlight:  Pakistan fan about Indian team and Virat Kohli