| Monday, 12th August 2019, 12:44 pm

അതിര്‍ത്തിയില്‍ വീണ്ടും അരക്ഷിതാവസ്ഥ? ലഡാക്ക് അതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍; യുദ്ധവിമാനങ്ങള്‍ എത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യാതിര്‍ത്തിയില്‍ വീണ്ടും അരക്ഷിതാവസ്ഥയെന്ന് റിപ്പോര്‍ട്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഒരാഴ്ച പിന്നിടുമ്പോള്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് പാക്കിസ്ഥാന്‍ സൈന്യം നീങ്ങിത്തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ലഡാക്കിനു സമീപം സ്‌കര്‍ഡുവില്‍ പാക്കിസ്ഥാന്റെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ വിന്യസിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സി-130 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളാണ് എത്തിത്തുടങ്ങിയത്. ഇപ്പോള്‍ മൂന്നു വിമാനങ്ങളാണ് എത്തിക്കഴിഞ്ഞത്.

അതേസമയം പാക് നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

യുദ്ധവിമാനങ്ങളെ സഹായിക്കുന്നതിനുള്ള പ്രതിരോധ സാമഗ്രികളാണ് അതിര്‍ത്തിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന. ജെ.എഫ്-17 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക് എത്തിക്കാന്‍ പാക്കിസ്ഥാന്‍ നീക്കം നടത്തുന്നുണ്ടെന്നതിന്റെ സൂചനയാണ് ഇതെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് നിര്‍മിത സി-130 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ ഏറെനാളായി പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നുണ്ട്. 1988-ല്‍ ഒരു ബോംബ് സ്‌ഫോടനത്തില്‍ സി-130-ല്‍ വെച്ചാണ് പാക് പട്ടാളമേധാവി സിയാ ഉള്‍ ഹഖ് കൊല്ലപ്പെട്ടത്.

പാക്കിസ്ഥാന്‍ വ്യോമസേനയുടെ ഒരു വ്യോമതാവളവും സ്‌കര്‍ഡുവിലാണ്. വ്യോമസേനയുടെ പരിശീലന പരിപാടിയുടെ ഭാഗമായാണ് ഇതെന്നും അഭ്യൂഹങ്ങളുണ്ട്.

നേരത്തേ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതില്‍ പാക്കിസ്ഥാന്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിര്‍ത്തിവെയ്ക്കാന്‍ പാക്കിസ്ഥാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. കൂടാതെ, ഇന്ത്യയിലെ തങ്ങളുടെ സ്ഥാനപതിയെ പുറത്താക്കുകയും വ്യോമപാത ഭാഗികമായി അടയ്ക്കുകയും ചെയ്തിരുന്നു.

ഇന്ത്യയെ അനുകൂലിച്ച് കഴിഞ്ഞദിവസം ഇസ്ലാമാബാദിലെ തെരുവുകളില്‍ ബാനറുകളുമായിറങ്ങിയ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമാബാദിലെ റെഡ് സോണ്‍ കാറ്റഗറിയില്‍പ്പെട്ട അതീവ സുരക്ഷാ മേഖലകളിലും ബ്ലൂ സോണുകളിലുമാണ് ബാനറുകള്‍ ഉയര്‍ന്നത്.

Latest Stories

We use cookies to give you the best possible experience. Learn more