| Saturday, 11th July 2020, 5:23 pm

ഇസ്‌ലാമാബാദിലെ ക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച് പാക് ജനത; ഹജ്ജിന് സബ്‌സിഡി നല്‍കാമെങ്കില്‍ എന്തു കൊണ്ട് ക്ഷേത്രം പണിയാന്‍ നല്‍കിക്കൂടാ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്‌സര്‍: ഇസ്ലാമാബാദില്‍ ഹിന്ദു ക്ഷേത്രം പണിയുന്നതിനെതിരെ പാകിസ്താനില്‍ തീവ്ര വിഭാഗം നടത്തുന്ന പ്രതിഷേധത്തിനിടെ ക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി പാകിസ്താന്‍ സമൂഹത്തിലെ ഒരു വിഭാഗം.

ടൈംസ് ഓഫ് ഇന്ത്യ പാകിസ്താനിലെ ചിലരുമായി നടത്തിയ സംഭാഷണത്തില്‍ ക്ഷേത്രം പണിയാന്‍ ഇവര്‍ പിന്തുണ നല്‍കുന്നതിനൊപ്പം മതമൗലികവാദികള്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തെ എതിര്‍ക്കുകയും ചെയ്തു.

‘ ക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്ന ആളുകളും വിഭാഗങ്ങളും ഉയര്‍ത്തുന്ന വാദം നിരര്‍ത്ഥകമാണ്. അതുകൊണ്ടാണ് അവരുടെ പരാതി ഇസ്ലാമാബാദ് ഹൈക്കോടതിയിലേക്ക് പോലും പരിഗണിക്കാത്തത്,’ ഇസ്ലാമാബാദിലെ തിയ്യറ്റര്‍ ഗ്രൂപ്പായ തിയറ്റര്‍ വാലിയുടെ ഡയരക്ടറായ സഫീര്‍ ഉല്ല ഖാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

2018 ല്‍ ആണ് മുന്‍ പാക് സര്‍ക്കാര്‍ കൃഷ്ണ ക്ഷേത്രത്തിനായി ഭൂമി അനുവദിച്ചത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ക്ഷേത്രം നിര്‍മാണം നിര്‍ത്തി വെക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ക്ഷേത്രത്തിന്റെ ആദ്യ ശിലാ സ്ഥാപനം നടത്തി. ദിവസങ്ങള്‍ക്കു ശേഷം ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ക്ഷേത്ര നിര്‍മാണത്തിനായി 1.3 മില്യണ്‍ ഡോളര്‍ ( 13 ലക്ഷത്തിലേറെ ) ധനസഹായം അനുവദിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 20 പ്രകാരം എല്ലാ മതവിഭാഗത്തിനും ആരാധനാ കേന്ദ്രങ്ങള്‍ പണിയാന്‍ അവകാശമുണ്ടെന്നും നികുതി അടയ്ക്കുന്ന പൗരന്‍മാര്‍ എന്ന നിലയില്‍ ഹിന്ദുക്കള്‍ക്കും ഇതിന് ഇതിന് അവകാശമുണ്ടെന്നാണ് പാകിസ്താനിലെ ഗവേഷകനായ അമര്‍ റാഷിദ് പറഞ്ഞത്.

‘ സര്‍ക്കാരിന് എല്ലാ വര്‍ഷവും പതിനായിരക്കണക്കിന് മുസ്ലിങ്ങള്‍ക്ക് ഹജ്ജിന് സബ്‌സിഡി നല്‍കാമെങ്കില്‍ എന്തുകൊണ്ട് ഒരു തവണ ക്ഷേത്രം പണിയാന്‍ നല്‍കിക്കൂടാ? അമര്‍ റാഷിദ് ചോദിച്ചു.

ഇസ്ലാമാബാദില്‍ ആദ്യമായി പണികഴിപ്പിക്കുന്ന ഹിന്ദു ക്ഷേത്രത്തിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഒരു വിഭാഗത്തിന്റെ പ്രതികരണം.

കഴിഞ്ഞ ഞായറാഴ്ച ക്ഷേത്ര നിര്‍മാണത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ ആനംസ്റ്റി ഇന്റര്‍നാഷണല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ക്ഷേത്ര നിര്‍മാണത്തിന് ഹിന്ദു കൗണ്‍സിലിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാണ് ആനംസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more